ന്യൂയോര്‍ക്ക്: കാരുണ്യത്തിന്റെ ആള്‍രൂപം കാലംചെയ്ത മലങ്കര മാര്‍ത്തോമാ
സുറിയാനി സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയും, ചെങ്ങന്നൂര്‍
-മാവേലിക്കര ഭദ്രാസനാധിപനുമായിരുന്ന അഭി. ഡോ. സക്കറിയാസ് മാര്‍
തെയോഫിലോസിന്റെ വേര്‍പാടില്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം
അനുശോചനം യോഗം ചേരുന്നു.
ജനുവരി പത്തിന് ഞായറാഴ്ച ഡാളസ് സെന്റ്
പോള്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് വൈകിട്ട് 5 മണിക്കും, 12-ന് ചൊവ്വാഴ്ച
വൈകിട്ട് 7 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍
വച്ചുമാണ് അനുശോചന യോഗങ്ങള്‍ നടക്കുന്നത്. ഇരു യോഗങ്ങളിലും
ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് എപ്പിസ്കോപ്പ
സംബന്ധിക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദീകരും, സഭാ
വിശ്വാസികളും, ഭദ്രാസന കൗണ്‍സില്‍, അസംബ്ലി അംഗങ്ങള്‍, പോഷക സംഘടനാ
പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ച് ദൈവത്തിന്റെ വലിയ ഇടയന്റെ
നഷ്ടപ്പെടലില്‍ അനുശോചനം അറിയിക്കും.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ്
ഭദ്രാസനത്തിന്റെ ആദ്യ റസിഡന്റ് ബിഷപ്പായിരുന്ന അഭി. സഖറിയാസ് തിരുമേനി
ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു.
ആഴമാര്‍ന്ന ദൈവവിശ്വാസത്തില്‍ ഊന്നി സഭാ മക്കളില്‍ ആര്‍ദ്രമായ സ്നേഹം നല്കി
പടുത്തുയര്‍ത്തിയ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം എന്നും തിരുമേനിയുടെ
കരുതലിന്റെ മഹത്വം രുചിച്ചറിഞ്ഞിട്ടുള്ളതാണ്. ഭദ്രാസനത്തിന്റെ ചുമതല
വഹിച്ച 7 വര്‍ഷക്കാലം ദീര്‍ഘവീക്ഷണത്തോടുകൂടി നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിലമതിക്കാനാവാത്തതാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ
അപ്പസ്തോലനായി തിരുമേനി രൂപംനല്കിയ അനവധി പ്രസ്ഥാനങ്ങളിലൂടെ
കേരളത്തിനകത്തും പുറത്തും ജീവിതത്തിന്റെ പുതിയ പ്രതീക്ഷകള്‍ കണ്ടെത്തിയത്
അനേകരാണ്. കഴിഞ്ഞ നാളുകള്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രധാന
പരിപാടികളിലെല്ലാം തിരുമേനിയുടെ അനുഗ്രഹീതമായ സാന്നിധ്യം ആത്മീയ
ഉണര്‍വ് നല്കന്നതായിരുന്നു.ഭദ്രാസനം രൂപീകൃതമായതിന്റെ സില്‍വര്‍
ജൂബിലി ആഘോഷിച്ചവേളയില്‍ മിഡ്വെസ്റ്റ് റീജിയണില്‍ സംഘടിപ്പിച്ച ഭദ്രാസന
കൃതജ്ഞതാ സമ്മേളനത്തില്‍ തിരുമേനി നടത്തിയ അനുഗ്രഹ പ്രഭാഷണം നോര്‍ത്ത്
അമേരിക്കന്‍ ഭദ്രാസനത്തെ തിരുമേനി ആഴമായി സ്നേഹിക്കുന്നു എന്ന്
വെളിവാക്കുന്നതായിരുന്നു. ഭദ്രാസന പ്രവര്‍ത്തനത്തില്‍ തിരുമേനി പാകിയ പല
പ്രവര്‍ത്തനങ്ങളും ഇന്നും അഭിമാനത്തോടെ മാതൃകാപരമായി നില്ക്കുന്നു.
ദൈവസ്നേഹത്തില്‍ ചാലിച്ച സുദൃഢമായ വ്യക്തിബന്ധങ്ങള്‍ തുടര്‍ന്നും അഭി.
തിരുമേനി ഭദ്രാസനത്തിലെ വിശ്വാസ സമൂഹവുമായി പുലര്‍ത്തിയിരുന്നു.
തിരുമേനി സ്നേഹിച്ച, തിരുമേനിയെ സ്നേഹിച്ച നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം
സ്നേഹനിധിയായ വത്സല പിതാവിന്റെ ദേഹവിയോഗത്തില്‍ ഒന്നായി ദുഖം
പങ്കുവെയ്ക്കുന്നു.
ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി
അറിയിച്ചതാണിത്.