ഹൂസ്റ്റണ്‍: വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏകദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ ജനുവരി 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവകയുടെ സ്ഥാപക പിതാവും മുന്‍ വികാരിയുമായിരുന്ന റവ.ഫാ.ഡോ.സി.ഓ.വര്‍ഗ്ഗീസ്, വികാരി റവ.ഫാ.ജേക്ക് കുര്യന്, റവ.ഫാ.എം.റ്റി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടി.
സ്തേഫാനോസ് സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി 8 നു വെള്ളിയാഴ്ച രാവിലെ റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്നു കൊടി ഉയര്‍ത്തലും നടത്തപ്പെട്ടു. റവ.ഫാ.ഡോ.സി.ഓ.വര്‍ഗ്ഗീസ്, റവ.ഫാ.ജോണ്‍ ഗീവര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ജനുവരി 9-നു ശനിയാഴ്ച വൈകീട്ട് 5.30ന് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യാനമസ്കാരവും അനുഗ്രഹപ്രഭാഷണവും നടന്നു. റവ.ഫാ.പി.എം.ചെറിയാന്, റവ.ഫാ.ഡേവിഡ് ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്നു ജയാ ജോര്‍ജ്, റൂണോ വര്‍ഗ്ഗീസ്, മേരിക്കുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സ്ത്രീസമാജത്തിലെ പാചകകലാവിദഗ്ദരായ രാജമ്മ ജോണ്‍, സ്മിത ശാമുവേല്‍, രജനി കൊക്കൊട്ടില് തുടങ്ങിയവര്‍ നേതൃത്വം നല്കി പാചകം ചെയ്ത സ്നേഹ വിരുന്ന് ഉണ്ടായിരുന്നു. സ്നേഹവിരുന്നിലൂടെ പെരുന്നാളിനെ സ്നേഹത്തിന്റെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റുവാന്‍ കഴിഞ്ഞു എന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ വിഴാലില്‍, അന്നമ്മ ശാമുവേല്‍, ലതാ വര്‍ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ജനുവരി 10നു ഞായറാഴ്ച രാവിലെ 8 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ.അജു ഫിലിപ്പ് മാത്യൂസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്കാരവും ദനഹാ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെട്ടു. സെന്റ് തോമസ് കത്തീഡ്രല്‍ അസി.വികാരി റവ.ഫാ. മാമ്മന്‍ മാത്യു സഹകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് മുത്തുക്കുടകളുടെയും കൊടി തോരണങ്ങളുടെയും അകമ്പടിയോടെ നടന്ന ഭക്തിനിര്‍ഭരമായ റാസയ്ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസിയേഷന് അംഗം ചാര്‍ളി വര്‍ഗ്ഗീസ് പടനിലം, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജു ചെറിയാന്, ജയ്സണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
ആശീര്‍വാദത്തിനു ശേഷം നടന്ന നേര്‍ച്ച വിളമ്പിന് ഫുഡ് കോര്‍ഡിനേറ്റര്‍ കെ.വി. വര്‍ഗ്ഗീസിനോടൊപ്പം സാബു തോമസ്, മാത്യു ഫിലിപ്പ്, സുജിത് ശാമുവേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പെരുന്നാള്‍ ശുശ്രൂഷകളിലുടനീളം ഇടവക അസി.സെക്രട്ടറി സുനില്‍ ശാമുവേല്‍, ജയ്സണ്‍ തോമസ്സ് എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം ശുശ്രൂഷകര്‍ സഹായികളായിരുന്നു.
അഭിലാഷ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഇടവക ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ പെരുന്നാളിനെ ഭക്തിസാന്ദ്രമാക്കി.
ഹൂസ്റ്റണില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന എല്ലാ സ്തേഫാനോസ് സഹദാ വിശ്വാസികളായ പട്ടക്കാര്‍ക്കും, ശുശ്രൂഷക്കാര്ക്കും വിശ്വാസികള്‍ക്കും ഇടവക വികാരി ജേക്ക് കുര്യന് കൃതജ്ഞത രേഖപ്പെടുത്തി. പെരുന്നാള്‍ വിജയത്തിനായി ഇടവക വികാരിയൊടൊപ്പം ട്രസ്റ്റി ഫിലിപ്പ് ഫിലിപ്പോസ്, അസി.ട്രസ്റ്റി പോള്‍ മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി അഹോരാത്രം പ്രവര്‍ത്തിച്ചു. സെക്രട്ടറി ഷാജി പുളിമൂട്ടില്‍ അറിയിച്ചതാണിത്.
വാര്‍ത്ത: ജീമോന്‍ റാന്നി