Image

മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി സഭ പ്രഖ്യാപിക്കണമെന്ന്

Published on 29 January, 2012
മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി സഭ പ്രഖ്യാപിക്കണമെന്ന്
കോഴിക്കോട്: മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി സഭ പ്രഖ്യാപിക്കണമെന്നും മദ്യപിക്കുന്നവരെ സഭയ്ക്കു കീഴിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നയരേഖ. സംസ്ഥാന സമ്മേളനം അംഗീകരിച്ച രേഖ, കേരള മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അബ്കാരി കോണ്‍ട്രാക്ടര്‍മാരുള്‍പ്പെടെ മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരില്‍ നിന്നും സഭ സംഭാവന സ്വീകരിക്കാന്‍ പാടില്ല. സഭയ്ക്കു കീഴിലെ ട്രസ്റ്റുകളില്‍ മദ്യപര്‍ക്കു പദവികള്‍ നല്‍കരുത്.

മതാധ്യാപകരായോ, ശുശ്രൂഷകരായോ മദ്യപിക്കുന്നവരെ നിയമിക്കരുതെന്നും മതപഠന ഗ്രന്ഥങ്ങളില്‍ മദ്യപാനം പാപമാണെന്നു രേഖപ്പെടുത്തണമെന്നും രേഖ ആവശ്യപ്പെടുന്നു. സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്തു. 40 ലക്ഷം പേരുടെ ജീവനെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കാര്യക്ഷമമായി ഇടപെടുന്ന സര്‍ക്കാര്‍ ഒരു ജനതയെ മുഴുവന്‍ ഇല്ലാതാക്കുന്ന മദ്യമെന്ന വിപത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവിക്കുന്ന ശവങ്ങളെ സര്‍ക്കാര്‍ കാണുന്നില്ല. എല്ലാ സര്‍ക്കാരും മദ്യനയത്തിനു രൂപം നല്‍കാറുണ്ട്. ഈ സര്‍ക്കാര്‍ നയമുണ്ടാക്കിയപ്പോഴും അതിലെ തെറ്റുകള്‍ സഭ ചൂണ്ടിക്കാട്ടി.

ബാര്‍ലൈസന്‍സ് അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയത് പിറവം തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തുടരണം. മറിച്ചൊരു തീരുമാനമുണ്ടായാല്‍ ജനങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്ന് ഓര്‍ക്കണം. സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ് സമിതി ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമിതി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി അധ്യക്ഷനായിരുന്നു. മദ്യനയത്തിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നല്‍കിയ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീപിക റസിഡന്റ് മാനേജര്‍ ഫാ. ബെന്നി മുണ്ടനാട്, മദ്യവിരുദ്ധ സമിതി മേഖല പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം, ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി, ഫാ. പോള്‍ ആന്‍ഡ്രൂസ്, പോള്‍ കാരാച്ചിറ, ആന്റണി ജേക്കബ്, ജോസ് മണിമലത്തറപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കോഴിക്കോട് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. വിന്‍സന്റ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ടി.ജെ. ആന്റണി അദ്ധ്യക്ഷനായിരുന്നു. സിസ്റ്റര്‍ എം. ജോവിറ്റ, ചാര്‍ളി പോള്‍, എഫ്.എം. ലാസര്‍, പി.എ. ജയിംസ്, കെ.ജെ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. മുതലക്കുളം മൈതാനിയില്‍ നിന്ന് സമ്മേളന വേദിയായ സെന്റ് ജോസഫ്‌സ് ദേവാലയത്തിലേക്ക് മദ്യവിരുദ്ധ റാലി നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക