Image

വിശ്വാസം സ്ഥിരനിക്ഷേപം പോലെ നിസ്സംഗമാകരുത്‌: ബിഷപ്‌ ജോസഫ്‌ കരിയില്‍

Published on 12 May, 2012
വിശ്വാസം സ്ഥിരനിക്ഷേപം പോലെ നിസ്സംഗമാകരുത്‌: ബിഷപ്‌ ജോസഫ്‌ കരിയില്‍
കൊച്ചി: വിശ്വാസം ഒരു സ്ഥിരനിക്ഷേപത്തിന്റെ നിര്‍വികാരതയിലേക്കും നിസ്സംഗതയിലേക്കും അധഃപതിക്കാതിരിക്കാന്‍ നിരന്തരജാഗ്രത ആവശ്യമാണെന്ന്‌ കൊച്ചി ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ പറഞ്ഞു. വിശ്വാസവര്‍ഷാചരണത്തിന്‌ ഒരുക്കമായി ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ പ്രസിദ്ധീകരിച്ച `വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്‌തോലിക എഴുത്തിനെക്കുറിച്ചും വിശ്വാസവര്‍ഷാചരണത്തിനായി വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി. സംഘടിപ്പിച്ച പഠനശിബിരം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസം ദൈവദാനമാണ്‌. ജ്ഞാനസ്‌നാനത്തിലൂടെ ലഭിക്കുന്ന വിശ്വാസം നിരന്തരം നവീകരിക്കുകയും അനുഭവിക്കുകയും സാക്ഷ്യമാവുകയും ചെയ്യുന്ന സജീവമായ ജീവിതശൈലിയിലേക്ക്‌ രൂപാന്തരപ്പെടണം. സുവിശേഷത്തിലെ വിതക്കാരന്‍ നേരിട്ട പ്രതിസന്ധി എല്ലാകാലത്തും വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്‌. ഓരോ വര്‍ഷത്തെയും വിളവെടുപ്പിന്റെ ഏറ്റവും നല്ല ഭാഗമാണ്‌ അടുത്ത വര്‍ഷത്തെ വിത്തിന്റെ ആവശ്യങ്ങള്‍ക്കായി കരുതി വയ്‌ക്കുന്നത്‌. അതുകൊണ്ടുതന്നെ വിത്തുകള്‍ സ്വീകരിക്കാനുള്ള ഹൃദയവയലുകളുടെ ഗുണമേന്മ പ്രധാനമാണ്‌ - ബിഷപ്പ്‌ കരിയില്‍ ഓര്‍മ്മിപ്പിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോളി വടക്കന്‍ സ്വാഗതവും ശ്രീമതി ഷീല പനത്തറ നന്ദിയും പറഞ്ഞു.

തിരുവല്ല അതിരൂപതാ സഹായമെത്രാന്‍ റവ. ഡോ. ഫിലിപ്പോസ്‌ മാര്‍ സ്‌തെഫാനോസ്‌, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപറമ്പില്‍, പി.റ്റി.ഐ ഡീന്‍ ഓഫ്‌ സ്റ്റഡീസ്‌ റവ. ഫാ. ജോളി വടക്കന്‍, സിബിസിഐ അല്‌മായകമ്മീഷന്‍ ജോയിന്റ്‌ സെക്രട്ടറി ഡോ. എഡ്‌വേര്‍ഡ്‌ എടേഴത്ത്‌ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

2012 ഒക്‌ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെയാണ്‌ സാര്‍വത്രികസഭ വിശ്വാസവര്‍ഷമായി ആചരിക്കുന്നതെന്ന്‌ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതിന്റെ സുവര്‍ണജൂബിലിയുടെയും ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന നവസുവിശേഷവത്‌കരണത്തെക്കുറിച്ചുള്ള സിനഡിന്റെയും പശ്ചാത്തലത്തിലാണ്‌ സഭ വിശ്വാസവര്‍ഷം ആചരിക്കുന്നത്‌. പഠനശിബിരത്തില്‍ കേരളത്തിലെ വിവിധരൂപതകളില്‍ നിന്ന്‌ 700-ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
വിശ്വാസം സ്ഥിരനിക്ഷേപം പോലെ നിസ്സംഗമാകരുത്‌: ബിഷപ്‌ ജോസഫ്‌ കരിയില്‍
ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ പ്രസിദ്ധീകരിച്ച `വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്‌തോലിക എഴുത്തിനെക്കുറിച്ചു പി.ഒ.സി. സംഘടിപ്പിച്ച പഠനശിബിരം കൊച്ചി ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ ഉദ്‌ഘാടനം ചെയ്യുന്നു. റവ. ഫാ. ജോളി വടക്കന്‍, ശ്രീമതി ഷീല പനത്തറ, റവ. ഡോ. ഫിലിപ്പോസ്‌ മാര്‍ സ്‌തെഫാനോസ്‌, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, റവ. ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപറമ്പില്‍, മിസ്‌ സാനി ജോസഫ്‌ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക