റിയാദ്: ഇരുപത്തിയഞ്ചു മാസത്തെ ആടുജീവിതത്തിന്റെ മറക്കാത്ത ഓര്‍മകളുമായി അന്‍ഷാദ് നാളെ നാട്ടിലേക്ക് വിമാനം കയറുന്നു. 2017 ഒക്ടോബര്‍18നാണു ഹൗസ് െ്രെഡവര്‍ വീസയില്‍ അന്‍ഷാദ് റിയാദില്‍ എത്തുന്നത്. സ്പോണ്‍സറുടെ അതിഥികള്‍ക്ക് ചായയും ഖഹ്വയും നല്കുന്ന ജോലി എന്നായിരുന്നു വീസ നല്കിയ നാട്ടുകാരനായ ഏജന്റ് പറഞ്ഞിരുന്നതെങ്കിലും ഒട്ടകത്തെ മേയ്ക്കുന്ന ജോലിയാണ് അന്‍ഷാദിന് ലഭിച്ചത്.
റിയാദില്‍ നിന്ന് 350കിലോമീറ്റര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തുള്ള മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ തുടങ്ങിയ അന്‍ഷാദിന് തുടര്‍ന്നുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു.കുടിക്കാന്‍ ശുദ്ധജലമോ കഴിക്കാന്‍ ഭക്ഷണമോ ലഭിക്കാതെ സ്പോണ്‍സറുടെ ക്രൂരമായ പീഡനവും ഏല്ക്കേണ്ടിവന്നു.
അടുത്തുള്ള സുഡാനികളും ബംഗാളികളും നല്കുന്ന ഭക്ഷണം കഴിച്ചാണ് ജീവന് നിലനിര്‍ത്തിയത്.അര്‍ഷാദിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്പോണ്സര് വാങ്ങി വച്ചിരുന്നതുകൊണ്ട് പുറം ലോകവുമായി ബന്ധപ്പെടാനും അന്‍ഷാദിന് കഴിഞ്ഞില്ല.ഒരിക്കല്‍ സുഡാനി നല്കിയ ഫോണില്‍ നിന്നാണ് അന്‍ഷാദ് നാട്ടിലേക്ക് വിളിച്ചു തന്റെ ദുരിതകഥ അറിയിക്കുന്നത്. പിന്നീട് അന്‍ഷാദിന്റെ നാട്ടുകാരനായ സിയാദ് ദുരിതകഥ അറിയുകയും അവനെ ഇതില്‍ നിന്നും മോചിപ്പിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തു. അതുപോലെ അന്‍ഷാദിന് നാട്ടില്‍ വിളിക്കുന്നതിന് മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും നല്‍കിയിരുന്നു. പിന്നീട് നാട്ടിലുള്ള കുടുംബം പലതവണ കേരള ഗവണ്മെന്റ് മായും അതുപോലെ നോര്‍ക്ക വഴിയും എംബസിയിലേക്ക് പരാതി നല്‍കുകയും നിരവധി സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും അര്‍ഷാദിന്റെ മോചനത്തിനായി ശ്രമം നടത്തുകയും ചെയ്തു.
ഒരിക്കല്‍ ജോലിസ്ഥലത്തുനിന്നും രക്ഷപ്പെട്ട അന്‍ഷാദ് മരുഭൂമിയിലൂടെ 90 കിലോമീറ്റര്‍ സഞ്ചരിച്ച് സമുദാ പോലീസ് സ്റ്റേഷനില്‍ എത്തുകയും തന്നെ സ്പോണ്സര് പീഡിപ്പിക്കുന്നതായി പരാതി നല്‍കുകയും എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം എന്നു പറയുകയും ചെയ്തു. എന്നാല്‍ സ്പോണ്‍സറെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥര്‍ അവന്റെ ശമ്പളം മുഴുവനായി നല്‍കാമെന്നും ഒരു മാസത്തിനുള്ളില്‍ നാട്ടിലേക്ക് വിടാം എന്നും എഴുതി വാങ്ങി വീണ്ടും അന്‍ഷാദിനെ സ്പോണ്സറോടൊപ്പം വിടുകയാണുണ്ടായത്. പിന്നീടും ശമ്പളമോ ഭക്ഷണമോ നല്‍കാതെയും പീഡനം തുടര്‍ന്നു. ഒടുവില്‍ അന്‍ഷാദിന്റെ കുടുംബം റിയാദിലുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അന്‍ഷാദിനെ മോചിപ്പിക്കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഹഫര്‍ അല്‍ ബാത്തിനില്‍ ഉള്ള ഇന്ത്യാ ഫ്രട്ടേര്‍ണിറ്റി ഫോറം പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസി വോളന്റിയറുമായ നൗഷാദ് കൊല്ലത്തെ അന്‍ഷാദിന്റെ മോചനത്തിനായി ഇടപെടാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ എംബസിയില്‍ നിന്നും അനുമതിപത്രം വാങ്ങിയ നൗഷാദ് കൊല്ലം റിയാദിലെ സാമൂഹിക പ്രവര്ത്തകന് മുജീബ് ഉപ്പടയോടൊപ്പം സാമൂദാ പോലീസ് സ്റ്റേഷനില്‍ പോകുകയും അവിടെയുള്ള ജബ്ബാര്‍ എന്ന അമ്പലപ്പുഴ സ്വദേശിയുടെ സഹായത്തോടെ അന്‍ഷാദിനെ മോചിപ്പിക്കുകയും അന്‍ഷാദിന് കിട്ടാനുള്ള മുഴുവന്‍ ശമ്പളവും വാങ്ങി നല്‍കുകയും ചെയ്തു.കഴിഞ്ഞ നവംബര്‍ പത്തൊമ്പതാം തീയതി മോചിതനായ അന്‍ഷാദ് റിയാദിലെ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞദിവസം പരിശുദ്ധ ഉംറ നിര്‍വഹിച്ചു വന്ന അന്‍ഷാദ് നാളെ നാട്ടിലേക്ക് പോകും. അന്‍ഷാദിനുള്ള വിമാന ടിക്കറ്റ് റിയാദിലെ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആണ് നല്‍കിയത്.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍