കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള വിമാന സര്‍വീസ് തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ജസീറ മനനജ്മെന്റിന്റെ ഭാഗത്തു നിന്ന് കോഴിക്കോടിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും എത്രയും പെട്ടെന്ന് സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജസീറ എയര്‍ വെയ്സ് ജിസിസി റീജണല്‍ മാനേജര്‍ റിയാസ് കുട്ടേരി.
മലബാറില്‍ നിന്നും കുവൈത്തിലുള്ള പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് ജസീറ എയര്‍വേസ് സര്‍വീസ് ആരംഭിക്കണമെന്നഭ്യര്ഥിച്ചുകൊണ്ട് മലബാര്‍ ഡവലപ്മെന്റ് ഫോറം കുവൈത്ത് ചാപ്റ്റര്‍ ഭാരവാഹികള്‍ ജസീറ എയര്‍ വെയ്സ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് സീറ്റുകള്‍ വര്‍ധിപ്പിച്ചു കിട്ടുന്നതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുവൈത്തിനെക്കാള്‍ ഇന്ത്യന്‍ സമൂഹം കുറവുള്ള രാജ്യങ്ങള്‍ക്ക് കുവൈത്തിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇന്ത്യ അനുവദിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കുവൈത്തിനും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഡിഎഫ് കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് അസീസ് തിക്കോടി, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍, സെക്രട്ടറി മുബാറക് കാമ്പ്രത്ത് , ഉപദേശക സമിതിയംഗം കൃഷ്ണന് കടലുണ്ടി എന്നിവരും പങ്കെടുത്തു.