ബംഗളുരു/വിയന്ന: നൂറ്റിഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ ഗ്ലോബല്‍ കണ്‍വന്‍ഷനു ബംഗളുരുവില്‍ ഉജ്ജ്വല സമാപനം. ജനുവരി 2, 3 തീയതികളില്‍ ബംഗളുരു വൈറ്റ് ഫീല്‍ഡിലെ എംഎല്‍ആര്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനം മെട്രോമാന് ഇ.ശ്രീധരന് ഉദ്ഘാടനം ചെയ്തു.
40-ഓളം രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പേര് പങ്കെടുത്ത സമ്മേളനത്തില്‍ എംപിയും നടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. മലയാളഭാഷയെ ഉന്നതിയില്‍ എത്തിക്കാന്‍ മലയാള സാഹിത്യത്തെ ലോകത്തിന്റെ മുന്നില്‍ എത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറുമായിരുന്ന കെ. ജയകുമാര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു. ഗോപിനാഥ് മുതുകാട്, കെ. ശ്രീനിവാസന് ഐആര്‍എസ്, ഡോ. ഉഷ മോഹന്‍ദാസ്, മിനി സ്ക്രീന്‍ താരം രാജ് കലേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വ്യക്തിത്വ വികാസത്തിനും അവധാനപൂര്‍ണമായ ജീവിതത്തിനും ആരോഗ്യപരിപാലനത്തിനും കാര്യക്ഷമതാപോഷണത്തിനും വേണ്ട ക്ലാസുകള്‍, വനിതാ ഫോറം നേതൃത്വം നല്കിയ സിമ്പോസിയം, മലയാളം മിഷന് പ്രോഗ്രാം തുടങ്ങിയ പാരിപാടികള്‍ രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണകളായിരുന്നു. ഡബ്ല്യുഎംഎഫിന്റെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ സ്മരണിക 2020-ന്റെ പ്രകാശനം പ്രഫ. മുതുകാട് നിര്‍വഹിച്ചു.
മാതൃദിനത്തോടനുബന്ധിച്ചും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും സംഘടന നടത്തിയ രചനാ മത്സരം, ചിത്രമത്സരം എന്നിവയുടെ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. ഡ്രമ്മര്‍ ശ്യാം സുരാജ് നയിച്ച കലാ പ്രകടനവും, കാഴ്ചപരിമിതി നേരിടുന്നവരുടെ നൃത്തവിദ്യാലയം സുനാഥ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യവും സമ്മേളനത്തിലെ മനം കുളിര്‍പ്പിക്കുന്ന അനുഭവമായി.
ഡബ്ല്യുഎംഎഫ് ഏര്‍പ്പെടുത്തിയ 'ഐക്കണ്‍ ഓഫ് ദ ഇയര്‍' പുരസ്കാരം മെട്രോ മാന്‍ ഇ. ശ്രീധരന് ഏറ്റു വാങ്ങി. ക്ലാസിക് ഗ്രൂപ്പ് ചെയര്മാന് സനല്‍ കുമാര്‍ ബിസിനസ് എക്സലന്‍സി പുരസ്കാരത്തിനും പി.കെ പ്രദീഷ് ഡബ്ല്യുഎംഎഫ് യംഗ് അച്ചീവര്‍ പുരസ്കാരത്തിനും സി. ഗോപാലന് ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരത്തിനും ഡോ. റൂബി പവന്‍കര്‍ ലാസ്റ്റിംഗ് ഇമ്പാക്ട് ഇന്‍ മെഡിക്കല്‍ സയന്‍സ് പുരസ്കാരത്തിനും അര്‍ഹരായി.
റിമി ടോമിയുടെ ഗാനമേളയോടുകൂടി സമാപിച്ച സമ്മേളനത്തിന്റെ രണ്ടാം ദിനം നടത്തിയ ജനറല്‍ ബോഡിയില്‍ സംഘടനയുടെ 2020-22 കാലഘട്ടത്തിലേക്കുള്ള കാബിനറ്റ് ഭരണസമിതിയേയും തെരഞ്ഞെടുത്തു.
ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേലും കണ്വന്ഷന് കണ്‍വീനര്‍ റെജിന്‍ ചാലപ്പുറവും ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയാണ് ഗ്ലോബല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്കാരിക സമ്പന്നതയില്‍ ജീവിക്കുവാനും അത് പങ്കുവയ്ക്കുവാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാടിനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായി രാഷ്ട്രീയ, മതാത്മക ചേരിതിരിവും, മൗലിക ചിന്താഗതികളുമടക്കമുള്ള ഭിന്നതകള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കുമെന്ന് അംഗങ്ങള്‍ വാഗ്ദാനം ചെയ്തു.
അടുത്ത സമ്മേളനം 2022 ല്‍ മസ്കറ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോബി ആന്റണി