ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ചിരി സുപ്രധാനമാണെന്ന് പുതിയ ഗവേഷണ പഠനങ്ങള്‍. ചിരിക്കുമ്പോള്‍ ശരീരവും തലച്ചോറിന്റെ പല കേന്ദ്രങ്ങളും ഉദ്ദീപിപ്പിക്കപ്പെടുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ചിരിക്ക് ശാരീരികവും മാനസികവും മാത്രമല്ല സാമൂഹികവും, ധാരണാശേഷിയെ സംബന്ധിച്ചതുമായ പ്രഭാവ ശക്തിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ശൈശവാവസ്ഥയില്‍തന്നെ മനുഷ്യര്‍ ചിരി തുടങ്ങുന്നതാണ്. ആ കാലഘട്ടത്തില്‍ പേശീ വികസനത്തിനും ശരീരത്തിന്റെ മേല്‍ഭാഗത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ചിരി സഹായിക്കുന്നു. മുഖത്തെ പേശികളുടെ ചലനം, കണ്ണുകളുടെ ചലനം, തലയുടെയും തോളിന്റെയും ചലനം എന്നിങ്ങനെ സങ്കീര്‍ണമായ നിരവധി കാര്യങ്ങള്‍ ഒരു ചിരിയിലൂടെ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നടക്കും.
ചിരിക്കുന്നതു മാത്രമല്ല, ചിരി കാണുന്നത് പോലും തലച്ചോറിലെ ഒന്നിലധികം കേന്ദ്രങ്ങളെ തൊട്ടുണര്‍ത്തും. പേശികളെ നിയന്ത്രിക്കുന്ന മോട്ടോര്‍ കോര്‍ടെക്സ്, സന്ദര്‍ഭം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഫ്രണ്ടല്‍ ലോബ്, പോസിറ്റീവായ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് സംവിധാനം എന്നിങ്ങനെ ഒന്നിലധികം കേന്ദ്രങ്ങള്‍ ചിരിയുമായി ബന്ധപ്പെട്ട് സജീവമാകും. ഇവയെ എല്ലാം തൊട്ടുണര്‍ത്തുന്നത് നാഡീവ്യൂഹങ്ങളുടെ ശൃംഖലകളെ ശാക്തീകരിക്കുകയും തലച്ചോറിനെ ആരോഗ്യത്തോടെ വയ്ക്കുകയും ചെയ്യും.
ഇതേ പോലെ ചിരി പോസിറ്റീവ് വികാരങ്ങളെ ഉണര്‍ത്തുകയും അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യും. സര്‍ഗാത്മക ശേഷി വര്‍ധിപ്പിക്കാനും ജീവിതത്തോടുള്ള സംതൃപ്തി വര്‍ധിപ്പിക്കാനും ചിരി സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധരും പറയുന്നു. ചിരി എത്ര കൂടുന്നോ അത്രയും മാനസിക സമ്മര്‍ദവും കുറയും.
നല്ല നര്‍മബോധമുണ്ടാകുന്നത് സാമൂഹിക ബോധത്തിന്റെയും ധാരണാശേഷിയുടെയും ലക്ഷണമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സന്ദര്‍ഭത്തിലെ ഹാസ്യമോ നര്‍മമോ മനസ്സിലാക്കണമെങ്കില്‍ കാര്യങ്ങളെ ലാഘവത്തോടെ സമീപിക്കാനുള്ള ശേഷിയുണ്ടായിരിക്കണം.
ചിരി വ്യക്തികള്‍ തമ്മിലുള്ള ബന്ധവും അടുപ്പവും ശക്തമാക്കുന്നതിനാല്‍ ഇതിന് സാമൂഹിക പ്രാധാന്യം കൂടിയുണ്ട്. പലപ്പോഴും ഒറ്റയ്ക്കിരിക്കുമ്പോഴല്ല മറിച്ച് ഒന്നിലധികം പേരുടെ ഒപ്പമിരിക്കുമ്പോഴാണ് ചിരിക്ക് വക നല്‍കുന്ന കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതെന്നും ഓര്‍മിക്കേണ്ടതാണ്.