Image

തീവ്ര പരിചരണ വിഭാഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

Published on 16 February, 2021
തീവ്ര പരിചരണ വിഭാഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

കുവൈറ്റ് സിറ്റി : രാജ്യത്ത് ഐസിയുവിലെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ 155.5 ശതമാനം വര്‍ദ്ധനവാണ് കാണിച്ചത്. ഫെബ്രുവരി ഒന്നിന് ഐസിയു രോഗികളുടെ എണ്ണം 54 മാത്രമുണ്ടായ സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ 138 ആയി ഉയര്‍ന്നരിക്കുന്നത്.

അതോടൊപ്പം കോവിഡ് ചികിത്സയില്‍ വിവിധ ആശുപത്രികളിലായി കഴിയുന്ന രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ച കൊണ്ട് 6408 ല്‍ നിന്ന് 10724 കേസുകളായാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അമ്പതിലേറെ കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കുകയാണ് അധികൃതര്‍. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നിയന്ത്രണം ശക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക