തീവ്രമായി കോവിഡ് ബാധിക്കുന്നവരുടെയും അത് മൂലം മരണപ്പെടുന്നവരുടെയും എണ്ണമെടുത്താല്‍ അതില്‍ കൂടുതലും പുരുഷന്മാരാണെന്ന് കാണാന്‍ കഴിയും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രതിരോധിക്കാനാകുന്നുണ്ട്. ഈ നിരീക്ഷണം ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത് കൗതുകരമായ ഒരു പരീക്ഷണത്തിലേക്കാണ്. പുരുഷന്മാരില്‍ സ്ത്രൈണ ഹോര്‍മോണ്‍ കുത്തിവച്ച് നോക്കുക. ഇതിന്റെ ഭാഗമായി നടന്ന പരീക്ഷണ പഠനം തെളിയിക്കുന്നത് സ്ത്രൈണ ഹോര്‍മോണുകള്‍ക്ക് പുരുഷന്മാരെ കോവിഡ് രോഗ തീവ്രതയില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാനായേക്കും എന്നാണ്.
പരീക്ഷണത്തിന്റെ ഭാഗമായി 42 പുരുഷന്മാരില്‍ ദിവസം രണ്ട് തവണ സ്ത്രൈണ ഹോര്‍മോണായ പ്രൊജെസ്ട്രോണ്‍ കുത്തിവച്ചു. സ്ത്രൈണ ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെട്ട പുരുഷന്മാര്‍ക്ക് ഓക്സിജന്‍ സഹായം വേണ്ടി വന്നതിന്റെ സമയം മൂന്ന് ദിവസം കുറഞ്ഞതായി പഠനം പറയുന്നു. സ്ത്രൈണ ഹോര്‍മോണ്‍ കുത്തിവയ്ക്കാത്ത പുരുഷന്മാരെ അപേക്ഷിച്ച് ഇവരുടെ ആശുപത്രി വാസവും 2.5 ദിവസം കുറഞ്ഞു. പാര്‍ശ്വഫലങ്ങളും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ചെസ്റ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ അതിജീവനത്തിലെ സ്ത്രീ - പുരുഷ വ്യത്യാസം പ്രകടമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ വന്‍തോതില്‍ മരണപ്പെട്ടു. പക്ഷേ, ഇത് പുരുഷന്മാരിലെ ഉയര്‍ന്ന പുകവലി നിരക്ക് മൂലമാണെന്ന് കരുതി. എന്നാല്‍ പിന്നീട് ഇറ്റലിയിലും ന്യൂയോര്‍ക്കിലുമെല്ലാം ഇതേ ട്രെന്‍ഡ് തുടര്‍ന്നു.
എന്നാല്‍ കോവിഡിനെതിരെയുള്ള സ്ത്രീകളുടെ മെച്ചപ്പെട്ട പ്രതിരോധത്തില്‍ സ്ത്രൈണ ഹോര്‍മോണുകള്‍ക്ക് വലിയ പങ്കുണ്ടോ എന്ന കാര്യത്തില്‍ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിക്കുന്നു. സ്ത്രൈണ ഹോര്‍മോണുകള്‍ കുറവുള്ള പ്രായമായ സ്ത്രീകളിലും പുരുഷന്മാരെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെന്നത് ഇതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രൈണ ഹോര്‍മോണുകളാണ് കോവിഡ് പ്രതിരോധത്തിലെ നിര്‍ണായക ഘടകമെങ്കില്‍ പ്രായമായ സ്ത്രീകളുടെ അവസ്ഥയും പ്രായമായ പുരുഷന്മാരുടെ അവസ്ഥ പോലെയാകുമായിരുന്നു. സ്ത്രീകളുടെ മെച്ചപ്പെട്ട പ്രതിരോധം ഹോര്‍മോണുകളേക്കാള്‍ ജനിതകപരമായ കാരണങ്ങളാല്‍ ആകാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.