Image

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

Published on 15 March, 2021
കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍
കൊറോണ വൈറസ്ബാധ തന്നെ പ്രമേഹത്തിനു കാരണമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കും ശാസ്ത്രലോകം എത്തിക്കഴിഞ്ഞു. പ്രമേഹ ഗവേഷണരംഗത്തെ അതികായരിലൊരാളായ ഡോ. പോള്‍ സിമ്മറ്റും സംഘവും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന് അയച്ച കത്തിലാണ് ഈ സാധ്യത ആദ്യം ചൂണ്ടിക്കാട്ടിയത്.

സാധാരണ രണ്ടു രീതിയിലാണു പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിലെ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന "ഇന്‍സുലിന്‍' ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവു പൂര്‍ണമായും നഷ്ടപ്പെടുന്ന ടൈപ് 1 പ്രമേഹമാണ് ഒന്ന്. ഇന്‍സുലിന്‍ തന്മാത്രകളെ തിരിച്ചറിയാനുള്ള ശേഷി ശരീരകലകള്‍ക്കു നഷ്ടപ്പെടുന്നതു മൂലം സംഭവിക്കുന്ന ടൈപ് 2 പ്രമേഹം രണ്ടാമത്തേത്. ചിലപ്പോള്‍ ഇതു രണ്ടിനും കോവിഡ്ബാധ കാരണമാകാം.

പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ അവയുടെ ഉള്ളില്‍ക്കയറി കൊറോണ വൈറസ് നശിപ്പിക്കുന്നതാണു പ്രധാന പ്രശ്‌നം. ഇതു കൂടാതെ, കോവിഡ്ബാധ മൂലമുണ്ടാകുന്ന ആന്തരിക വീക്കം ബീറ്റാ കോശങ്ങളെ പരോക്ഷമായി നശിപ്പിക്കും. ഇതു ടൈപ് 1 പ്രമേഹത്തിനു സമാനമായ അവസ്ഥ സൃഷ്ടിക്കും. ആയുഷ്കാല ഇന്‍സുലിന്‍ കുത്തിവയ്പാകും ഏറ്റവും വലിയ പ്രയാസം.

കൊറോണ വൈറസ് ഗണത്തില്‍പെട്ട, സാര്‍സ് വൈറസ് ബാധ ഉണ്ടായവരിലും ഇത്തരം പ്രമേഹം സ്ഥിരീകരിച്ചതായി നേരത്തേ തന്നെ പഠനങ്ങളുണ്ട്. കോവിഡ്ബാധ മൂലം ഉണ്ടാകുന്ന ആന്തരികവീക്കവും പ്രതിരോധ സംവിധാനത്തിലെ പ്രശ്‌നങ്ങളും ഇന്‍സുലിന്‍ തന്മാത്രകളെ തിരിച്ചറിയാനുള്ള ശരീരകലകളുടെ കഴിവ് ഇല്ലാതാക്കാന്‍ പോന്നതാണ്. ഇതു ടൈപ് 2 പ്രമേഹത്തിനു വഴിവയ്ക്കുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക