'ടുമോറോ' ചിത്രീകരണം തുടങ്ങി

Published on 15 April, 2021
 'ടുമോറോ' ചിത്രീകരണം തുടങ്ങി

ബ്രിസ്‌ബെയിന്‍: കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന 'ടുമോറോ' എന്ന സന്ദേശ ചിത്രത്തിന്റെ ചിത്രീകരണം ബ്രിസ്‌ബെയിനില്‍ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍, പരിസ്ഥിതിക്കും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, പ്രതിരോധ നടപടികളുടെ ആവശ്യകത എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ചുകൊണ്ട് ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതാണ് ചിത്രം.

വേള്‍ഡ് മദര്‍ വിഷന്റെയും കംഗാരു വിഷന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയയും മുന്‍ ഐക്യ രാഷ്ട്രസഭ ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ക്ലെം ക്ലാംബെല്‍ നിര്‍വഹിച്ചു. വേള്‍ഡ് മദര്‍ വിഷന്റെ 23ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറക്കുന്നത്.

ബ്രിസ്‌ബെയിനിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയി കെ. മാത്യുവാണ്. ജോണ്‍ മാത്യു കണിയാപറമ്പിലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം കെ. ആദം അന്തോണി. ജെനിഫര്‍, റ്റാസോ, ക്ലെം, പീറ്റര്‍, ഹെലന്‍, മെഡോറി, സാസ്‌കിയ, ഫിലിപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാല് ഡോക്യുമെന്ററികളും ഒരു ഡസനിലേറെ സന്ദേശ ചലച്ചിത്രങ്ങള്‍ സംവിധാനവും ചെയ്ത ചേര്‍ത്തല സ്വദേശിയായ ജോയി ഓസ്‌ട്രേലിയന്‍ ചലച്ചിത്ര-ഡോക്യുമെന്ററി രംഗത്ത് സജീവമാണ്. സന്ദേശ ചിത്രങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക