ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

Published on 01 May, 2021
 ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ
ന്യൂയോർക്ക്: ഫൊക്കാനയുടെതായി  നടക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന ജനറൽ കൗൺസിൽ യോഗത്തിന് ഫൊക്കാനയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു. ഫൊക്കാനയുടെ പേരിൽ ഒരു വ്യാജ സംഘടന പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി ആ സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട്  മെരിലാന്റിലെ മോണ്ട്ഗോമറി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. 

ഇതിനിടെയാണ് ഈ സംഘടന ഒരു ജനറൽ കൗൺസിൽ യോഗം വിളിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഇതേ തുടന്ന് അവരുടെ ജനറൽ കൗൺസിൽ യോഗ നടപടികൾക്ക്  റിസ്‌ട്രെയ്‌നിംഗ് ഓർഡർ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫൊക്കാന നേതൃത്വം നൽകിയ ഹർജി പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. 

മെരിലാൻഡിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന ഫൊക്കാന ഇൻകോർപറേഷൻ  (FOKANA INC.) എന്ന ഔദ്യോഗിക സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് എതിർ വിഭാഗത്തിനു വേണ്ടി ഹാജരായ അറ്റോർണി തന്നെ കോടതിയെ അറിയിച്ചിരുന്നു. അവർ ന്യൂയോർക്കിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള അസോസിയേഷൻ ആണെന്ന് വ്യക്തമാക്കിയതിനാൽ റിസ്‌ട്രൈനിങ് ഓർഡറിന്റെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും നാലോ അഞ്ചോ പേർ യോഗം നടത്തുന്നത് അവരുടെ കാര്യമല്ലേയെന്നുമാണ് കോടതി നിരീക്ഷിച്ചത്.

 ജനറൽ കൗൺസിൽ നടത്തുന്നവരുമായി മെരിലാൻഡിൽ രജിസ്റ്റർ ചെയ്ത ഫൊക്കാന ഇങ്ക്നു യാതൊരു ബന്ധവുമില്ലെന്നാണ്  കോടതി കണ്ടത്തിയത്. നടക്കുമെന്നറിയിച്ചിരിക്കുന്ന ജനറൽ കൗൺസിലുമായി ഫൊക്കാനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഫൊക്കാനയുടെ അംഗ സംഘടനകളെ അറിയിക്കുന്നതായി പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ബി.ഒ. ടി. ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മെരിലാൻഡിൽ ഫൊക്കാന നൽകിയിട്ടുള്ള സിവിൽ കേസിൽ തുടർനടപടികൾ നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക