രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

Published on 04 May, 2021
രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

ഗ്ലാസ്‌ഗോ : ക്ലൈഡ് ബാങ്കില്‍ 2004 മുതല്‍ താമസിക്കുന്ന കോട്ടയം കോതനല്ലൂര്‍ സ്വദേശി രാജു സ്റ്റീഫന്‍ (58) ഗ്ലാസ്‌ഗോയില്‍ നിര്യാതനായി. ഗ്ലാസ്‌ഗോ മലയാളീ സമൂഹത്തിന്റെ 'വല്യേട്ട 'നായിരുന്ന രാജു സ്റ്റീഫന്‍ അറിയപ്പെടുന്ന വോളിബോള്‍ താരവും സാമൂഹിക കലാകായിക സാംസ്‌കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യവും അറിയപ്പെടുന്ന വാഗ്മിയും , സംഘാടകനും ആയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ വോളിബോള്‍ താരവും എസ്ബിഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി: വര്‍ഗീസ് റാന്നി ചെമ്മാരിയില്‍ കുടുംബാഗം. മക്കള്‍: ലിബിന്‍ , വിവിന്‍ , അന്ന. ചെറുമകന്‍ മൈക്കിള്‍ സ്റ്റീഫന്‍ സഹോദരി ലീലാമ്മ സ്റ്റീഫന്‍ ഗ്ലാസ്‌ഗോ.

2004 മുതല്‍ ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ കുടിയേറ്റ കാലഘട്ടത്തിന്റെ ബാലാരിഷ്ഠിതകളില്‍ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഊടുംപാവും നല്കുന്നതില്‍ രാജു സ്റ്റീഫന്റെ നിസ്തുലവും നിസ്സീമവുമായ പ്രവര്‍ത്തനങ്ങളുണ്ട്. കാര്യമായ ആരോഗ്യപ്രശനങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫന്‍ മെയ് ഒന്നിന് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം.

തീര്‍ത്തും അവിശ്വസനീയമായ ഈ വേര്‍പാടില്‍ പരസ്പരം ആശ്വാസമേകി ഗ്ലാസ്‌ഗോ മലയാളീ സമൂഹം രാജുവിന്റെ കുടുംബത്തോടൊപ്പമുണ്ട്. സംസ്‌കാരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

റിപ്പോര്‍ട്ട് : ജിമ്മി ജോസഫ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക