മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

Published on 30 May, 2021
മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു


മെല്‍ബണ്‍ : ന്യൂസിലന്‍ഡിനെയും ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി ഫ്രാന്‍സിസ് മാര്‍പാപ്പ വിപുലീകരിച്ചു. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി മാര്‍ച്ച് 29 ന് ഇതു സംബന്ധിച്ചുള്ള ഡിക്രിയില്‍ ഒപ്പുവച്ചു.

പുതിയ ഉത്തരവനുസരിച്ച് മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധിയില്‍ ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമെ ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെടും.

വര്‍ധിച്ചുവരുന്ന സീറോ-മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള തീരുമാനം, തോമാശ്ലീഹായും പിന്‍ഗാമികളും കൈമാറിയ സീറോ-മലബാര്‍ ആത്മീയ പൈതൃകത്തെയും ആരാധനാക്രമ, സഭാ പാരമ്പര്യത്തെയും മെച്ചപ്പെടുത്തുമെന്ന് രൂപതയുടെ അറിയിപ്പില്‍ പറയുന്നു.

സീറോ-മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ കൂടുതല്‍ നന്നായി നിറവേറ്റുന്നതിന് അധികാരപരിധി വിപുലീകരണം സഹായിക്കുമെന്ന് ഡിക്രിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിലും ഓഷ്യാനിയ ദ്വീപ് സമൂഹങ്ങളിലുമുള്ള സീറോ-മലബാര്‍ സഹോദരങ്ങള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തുറന്നു നല്‍കുന്നതാണ് പുതിയ തീരുമാനം. കുടിയേറ്റത്തിലൂടെ സീറോ-മലബാര്‍ സഭ ഇപ്പോള്‍ കൂടുതല്‍ ആഗോളമാവുകയാണെന്ന് പരിശുദ്ധ സിംഹാസനവും ഓഷ്യാനിയയിലെ എപ്പിസ്‌കോപ്പല്‍ സമിതികളും അംഗീകരിക്കുന്നതിന്റെ അടയാളം കൂടിയാണിത്.


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ഉത്തരവനുസരിച്ച് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ പ്രദേശങ്ങളിലെ എല്ലാ സീറോ-മലബാര്‍ വിശ്വാസികളും ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുകയും ബോസ്‌കോ പുത്തൂര്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ സീറോ-മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്യും.

രൂപതയിലെ എല്ലാ വൈദികരോടും വിശ്വാസികളോടും ചേര്‍ന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ദൈവത്തിന് നന്ദി പറയുകയും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ, കര്‍ദ്ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി, പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘം, മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി, സീറോ-മലബാര്‍ സിനഡ്, ന്യൂസിലന്‍ഡിലെയും ഓഷ്യാനിയയിലെയും നൂണ്‍ഷ്യോമാര്‍, മെത്രാന്‍ സമിതികള്‍ എന്നിവരെ നന്ദി അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ തീരുമാനം ഈ പ്രദേശത്തുടനീളമുള്ള മാര്‍ തോമാശ്ലീഹായുടെ എല്ലാ പുത്രീപുത്രന്മാര്‍ക്കും നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ സുവിശേഷത്തിന് സീറോ-മലബാര്‍ പൗരസ്ത്യ, ആത്മീയ, ആരാധനാക്രമ, സഭാ പാരമ്പര്യത്തിലൂടെ കൂടുതല്‍ തീക്ഷ്ണതയോടെ സാക്ഷ്യം വഹിക്കാനുള്ള ദൗത്യവും വെല്ലുവിളിയുമാണ് വാഗ്ദാനം ചെയ്യുന്നത്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക