കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി ഡോ: ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവര്‍ക്ക് ഓവര്‍സീസ് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് നിവേദനം സമര്‍പ്പിച്ചു .
ഇന്ത്യന്‍ നിര്‍മിിത കോവാക്സിനും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന മറ്റു
കോവിഡ് വാക്സിനുകള്‍ക്കും ലോക ആരോഗ്യ സംഘടനയുടേയും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക ,
വാക്സിനേഷന് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ക്ക് വിധേയമായി പ്രവേശന അനുമതി നല്‍കിയിട്ടുള്ള രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്കും, വാക്സിന് സ്വീകരിക്കാത്ത കുട്ടികള്‍ക്കും യാത്രാ നിബന്ധനകളില്‍ ഇളവ് ലഭിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക, വാക്സിനേഷന് സ്വീകരിച്ച പ്രവാസികള്‍ക്ക് യാത്രാനുമതി ലഭിച്ച രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക,
കോവിഡ് വാക്സിന് സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ വിമാനയാത്രാ നിരക്കിലുള്ള വര്‍ദ്ധന നിയന്ത്രിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുക, കോവിഡ് വാക്സിന് സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ റാപ്പിഡ് പി സി ആര് പരിശോധന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ വിമാന താവളങ്ങളിലും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.
കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയും വിദേശ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ മൂലം റസിഡന്റ് വീസ കാലാവധി അവസാനിച്ചും വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികളില്‍ ഭൂരിഭാഗവും വിദേശത്തുള്ള തൊഴില്‍ നഷ്ടപ്പെടലിന്റേയും ഭീതിയിലാണ്. കേന്ദ്ര , സംസ്ഥാന സര്‍ക്കാരിലും പ്രാദേശിക തലത്തിലും പദ്ധതികളിലും കൈത്താങ്ങായി പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കാനായി സര്‍ക്കാര്‍, നിവേദനത്തിലെ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍