അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)

Published on 19 August, 2021
അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)
ന്യൂയോർക്കിലെ ക്വീൻസിൽ സ്ഥിരതാമസമാക്കിയ ശ്രീ.വി.എം.ചാക്കോ വെള്ളരിങ്ങാട്ടിന്റെ  അമേരിക്കൻ ജീവിതത്തിന് അമ്പത്തിമൂന്ന് വർഷങ്ങളുടെ അനുഭവകഥകൾ പങ്കുവയ്ക്കാനുണ്ട്. 1969 ജൂൺ 4 ന് തികച്ചും  അപരിചിതമായ ഒരു രാജ്യത്ത് എത്തപ്പെട്ട അദ്ദേഹത്തിന്റെ അരനൂറ്റാണ്ടിലേറെയായ ഓർമ്മകളിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണീരണിയിക്കുന്നതുമായ നിരവധി മുഹൂർത്തങ്ങളുണ്ട്.
 
ഈ അനുഭവങ്ങൾ നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് മലയാളികളുടെ  ആദ്യകാല അമേരിക്കൻ സ്വപ്നസാക്ഷാത്കാരത്തിന്റെ ചരിത്രം കൂടിയാണ്.
 
 
ഇതിനു പുറമെ നാളെ, ഓഗസ്റ് 19   അദ്ദേഹത്തിന്റെയും ഭാര്യ ഡോ. ലിസിയുടെയും വിവാഹത്തിന്റെ അൻപതാം വാർഷികം കൂടിയാണ്. ഇതിന്റെ ഭാഗമായി വി. കുർബാനയും തുടർന്ന് കൊട്ടീലിയൻ  റെസ്റ്റോറന്റിൽ ആഘോഷവുമുണ്ട്. 
 
* അറുപതുകളുടെ അവസാനത്തിൽ കേരളത്തിലെ ഒരു വിദ്യാർത്ഥിയുടെ മനസ്സിലേക്ക് അമേരിക്ക എന്ന സ്വപ്നം കടന്നുവന്നത് എങ്ങനെയായിരുന്നു?
 
- കോട്ടയം സി എം എസ് എസ്‌ കോളജിലാണ് ഞാൻ പഠിച്ചത്. കേരള വിദ്യാർത്ഥി കോൺഗ്രസിന്റെ ജില്ല പ്രസിഡന്റായിരുന്നുകൊണ്ട്  അന്ന് 'ന്യൂസ് ഇന്ത്യ' എന്ന പേരിൽ ഒരു ദിനപത്രവും നടത്തിയിരുന്നു. പലരും പറഞ്ഞും കേട്ടും  അമേരിക്ക എന്ന രാജ്യത്തിൽ വശ്യമായ എന്തോ ഒന്ന് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.
 അങ്ങനെയിരിക്കെ വടവാതൂരുള്ള പാസ്റ്റർ 'അച്ചോയി  മാത്യു' (പിന്നീട് ബിഷപ്പ്. അടുത്തയിടക്ക് അന്തരിച്ചു) അമേരിക്കൻ പഠനത്തിനിടയിൽ കോട്ടയത്ത് വന്നു. അമേരിക്കയിൽ  നിന്നാണ് വരവെന്ന് പറയുന്നത് തന്നെ വലിയ അന്തസ്സാണ്. നാട്ടിൽ കാണുന്ന സായിപ്പുമാരെല്ലാം അമേരിക്കയിൽ നിന്ന് വന്നതാണെന്ന് വിചാരിക്കുന്ന കാലമാണ്, യൂറോപ്പൊന്നും അറിയില്ല. 
 
 
റവ. അച്ചോയിയെ പ്രസ് ക്ലബിൽ പരിചയപ്പെടുത്തുകയും കൂടുതൽ അടുക്കുകയും ചെയ്തപ്പോൾ ഞാനെന്റെ അമേരിക്കൻ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്താൻ 1000 രൂപ ചിലവ് വരുമെന്നാണ്  അദ്ദേഹം  പറഞ്ഞത്. അന്നത് വളരെ  വലിയ തുകയാണെങ്കിലും എന്റെ മോഹം അത്രയ്ക്ക് തീവ്രമായതുകൊണ്ട് അപ്പോൾ തന്നെ അഞ്ഞൂറ് രൂപ അദ്ദേഹത്തെ ഏൽപ്പിച്ചു. അച്ചോയി   അമേരിക്കയിൽ പോയിക്കഴിഞ്ഞ് ഓരോ ദിവസവും ഞാൻ സ്വപ്നം കണ്ടത് സങ്കല്പത്തിലുള്ള അമേരിക്കയാണ്. ഞാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തെ അറിയിക്കാൻ കത്തയച്ചിരുന്നു. ആ കത്ത് അമേരിക്കയിൽ എത്താൻ രണ്ടാഴ്ചയ്ക്കുമേൽ എടുക്കും. മറുപടി അയച്ചാൽ അത് ഇന്ത്യയിലെത്താനും അത്രതന്നെ സമയം പിടിക്കും. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന്  മറുപടി  കിട്ടി. 
 
 
ഇതിനിടയിൽ മദ്രാസിൽ പോയി ഞാൻ പാസ്പോർട്ട് എടുത്തു. അന്ന് കേരളത്തിൽ പാസ്പോർട്ട് ഓഫീസില്ല. കംപ്യൂട്ടർ സയൻസ്  പഠിക്കുന്നതിനുള്ള സ്റ്റുഡന്റ് വിസ ശരിയാക്കാമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കമ്പ്യൂട്ടർ പരിജ്ഞാനമൊന്നും ഉണ്ടായിട്ടല്ല, അന്ന് വിസ  ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള കാറ്റഗറി എന്ന നിലയ്ക്കാണ് അങ്ങനൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. അമേരിക്കൻ കോൺസുലേറ്റും മദ്രാസിലാണ്. അവിടെയുള്ള ഓഫീസർക്ക് ഞാൻ പറഞ്ഞതും അദ്ദേഹം പറഞ്ഞത് എനിക്കും മനസ്സിലാകാതെ വിസ റിജെക്ട് ആയി. കടുത്ത നിരാശ തോന്നിയ നിമിഷങ്ങൾ... പക്ഷേ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. വീണ്ടും അച്ചോയിയുമായി എഴുത്തുകുത്ത് തുടർന്നു. 
 
ഐ -20 എന്ന് പറയുന്ന സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഫോം അദ്ദേഹമെനിക്ക് അയച്ചുതന്നു. വീണ്ടും പ്രതീക്ഷയോടെ മദ്രാസ് കോൺസുലേറ്റിൽ പോയി. ഒരിക്കൽ വിസ റിജെക്ട് ആയാൽ പിന്നീട് കിട്ടാൻ പ്രയാസമാണെന്ന് കേട്ടതുകൊണ്ട് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ഗണപതി എന്നു പേരുള്ള തമിഴനെ പരിചയപ്പെട്ടത് ഭാഗ്യമായി. രാവിലെ 8 മണിക്ക് കോൺസുലേറ്റ് തുറക്കുമ്പോൾ തന്നെ എത്തിയാൽ സെക്യൂരിറ്റി കടത്തിവിടും എന്നുൾപ്പെടെയുള്ള ടിപ്സ് അദ്ദേഹം പറഞ്ഞുതന്നു. പറഞ്ഞതൊക്കെ വള്ളിപുള്ളി തെറ്റാതെ ചെയ്തു. ഒടുവിൽ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് വിസ അനുവദിച്ചതായി  മിസ്  മൻഡാക്ക് എന്ന ലേഡി ഓഫിസർ പറഞ്ഞു. 64 രൂപ അടച്ചാൽ  കൗണ്ടറിൽ നിന്ന് വിസ കളക്ട് ചെയ്യാമെന്ന്  പറഞ്ഞപ്പോൾ വീണ്ടും ട്വിസ്റ്റ്. ഒരാഴ്‌ച മദ്രാസിൽ ചിലവഴിച്ച എന്റെ കയ്യിൽ 4 രൂപ പോലും ഉണ്ടായിരുന്നില്ല. കോൺസുലേറ്റിലെ ഓഫീസറാണ് എന്റെ ദൈന്യതകണ്ട് പണം തന്ന് സഹായിച്ചത്. 
 
 
* ആദ്യ വിമാനയാത്ര?
 
-കൊച്ചി വിമാനത്താവളത്തിൽ നിന്ന് മുംബൈ വഴി പോകാനായിരുന്നു ടിക്കറ്റ് എടുത്തത്. എന്നെ യാത്ര അയയ്ക്കാൻ തൊടുപുഴയിൽ  നിന്ന് വലിയൊരു സംഘം തന്നെ എയർപോർട്ടിൽ എത്തിയിരുന്നു. എന്നോടുള്ള സ്നേഹവായ്പുകൊണ്ട് മാത്രമല്ല, വിമാനത്താവളം കാണുക എന്ന ലക്ഷ്യത്തോടെയാണ് അവർ വന്നത്. വീണ്ടുമൊരു ട്വിസ്റ്റുണ്ടായി.  മുംബൈയിൽ  അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. തിരിച്ച് നാട്ടിൽ പോകാമെന്ന് വച്ചാൽ, വലിയ നാണക്കേടാകും. ഉപരിപഠനത്തിന് വി.എം.ചാക്കോ അമേരിക്കയിലേക്കെന്ന് പത്രത്തിൽ വരെ ഒരു ഗമയ്ക്ക് കൊടുക്കുകയും ചെയ്തു. കളമശ്ശേരിയിലുള്ള സഹോദരിയുടെ വീട്ടിൽ തല്ക്കാലം താമസിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് സമരം അവസാനിച്ചതോടെ നാലാം ദിവസമാണ് പുറപ്പെട്ടത്. മെഡിക്കൽ ഫിറ്റ്നസ് കാണിക്കാൻ യാത്രക്കാർ എക്സ് -റേ കയ്യിൽ കരുതണം. എയർപോർട്ടിൽ വച്ച് ഞാൻ അതെടുക്കാൻ മറന്നു. പിന്നെ  ടാക്സി പിടിച്ച് അവിടെയെത്തി, എക്സ്റേ -റിപ്പോർട്ടുമായി പാഞ്ഞു. അങ്ങനെ സംഭവബഹുലമായ ഓർമ്മകളാണ് ആദ്യവിമാന യാത്രയുമായി ബന്ധപ്പെട്ടുള്ളത്. 
 
അന്ന് ഒരു ഡോളർ മൂന്നര രൂപയാണ്. ഞാൻ കൊടുത്ത രൂപയ്ക്ക് എക്സ്ചേഞ്ചിൽ നിന്ന് 9 ഡോളർ കിട്ടണമായിരുന്നു, പക്ഷേ എന്നെ കണ്ടപ്പോൾ കബളിപ്പിക്കാൻ  പറ്റുന്ന ഗ്രാമീണനായി തോന്നിയിട്ടാകാം 5 ഡോളറേ അവിടെ നിന്നയാൾ  തന്നുള്ളൂ. പറഞ്ഞ ദിവസം എത്തിച്ചേരാൻ സാധിക്കാതിരുന്നതുകൊണ്ട്  എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അച്ചോയി കാത്തുനില്പില്ലായിരുന്നു. ടാക്സി പിടിച്ച് ഒരുവിധം അദ്ദേഹത്തിന്റെയടുത്ത്  എത്തിച്ചേർന്നു.
 
* അമേരിക്കയിലെ പഠനനാളുകളും ആദ്യകാല ജോലിയും?
 
- പ്രിന്റിങ് കോഴ്സ് പഠിക്കാനാണ് ഞാൻ ചേർന്നത്. അപ്പോൽ തന്നെ  ചെറിയ വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിരുന്നു. സ്റ്റുഡന്റ് വിസയിൽ വന്നിട്ട് ജോലി ചെയ്യുന്നത് അധികാരികൾ അറിഞ്ഞാൽ നാടുകടത്തും. ദിവസക്കൂലി  കിട്ടുന്ന എന്തെങ്കിലും ചെയ്താണ് വിദ്യാർത്ഥികൾ പോക്കറ്റ് മണി കണ്ടെത്തിയിരുന്നത്. ഐക്യരാഷ്ട്രസഭയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസർ ജോർജ്ജ് എബ്രഹാം എന്നെക്കാൾ രണ്ടുവർഷം മുൻപ് അമേരിക്കയിൽ ഉപരിപഠനം നടത്തിവരികയായിരുന്നു. ഞങ്ങൾ അന്ന് ഒരുമിച്ചായിരുന്നു താമസം. ഇപ്പോഴും ആ സൗഹൃദം അതേ ഊഷ്മളതയോടെ തുടരുന്നുണ്ട്.  
 ഒരിക്കൽ ജോലിക്കിടെ എനിക്കൊരു വാഹാനാപകടം ഉണ്ടായി. 30 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. കേസ് നടത്തിയപ്പോൾ,  വർക്മെൻ കോമ്പൻസേഷൻ എന്ന പേരിൽ എനിക്ക് 3500 ഡോളർ ലഭിച്ചു. ക്രച്ചസ്  കുത്തിപ്പിടിച്ച് കോളജിൽ ചെന്നപ്പോൾ, പ്രിൻസിപ്പൽ ആറു മാസത്തെ ലീവ് അനുവദിച്ചു.
 
 
1971 ൽ നാട്ടിൽ ചെന്നപ്പോൾ,  എം ബി ബി എസ് അവസാന വർഷം പഠിച്ചുകൊണ്ടിരുന്ന ലിസിയെ ഞാൻ വിവാഹം ചെയ്തു. ലിസി ശിശുരോഗവിദഗ്ധയാണ്.
 
ക്വീൻസിൽ മഹാറാണി എന്നപേരിൽ ആദ്യമായി ഇന്ത്യൻ റെസ്റ്റോറന്റ് ആരംഭിച്ചുകൊണ്ടാണ് എന്റെ  അമേരിക്കൻ ജീവിതം പച്ചപിടിക്കുന്നത്. ആദ്യമായി അമേരിക്കയിൽ ഷൂട്ട് ചെയ്ത ഐ.വി.ശശി ചിത്രം 'ഏഴാം കടലിനക്കരെ'യുടെ ക്രൂ അംഗങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് അക്കാലത്തെ സുന്ദരമായ ഓർമ്മകളിൽ ഒന്നാണ്. കെ.ആർ.വിജയ, സീമ, എം.ജി.സോമൻ എന്നിങ്ങനെ നിരവധി പേർ അന്ന് ഞങ്ങളുടെ റെസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം ആസ്വദിച്ചത്. 
 
തുടർന്ന് ഞാൻ റിയൽ എസ്റ്റേറ്റ് രംഗത്തും പ്രവർത്തിച്ചു.  ടോപ് സെയിൽസ് മാൻ അവാർഡ് ലഭിച്ചിരുന്നു. 25,000 ഡോളർ വില വരുന്ന സ്പോർട്സ് കാർ ആയിരുന്നു പുരസ്കാരമായി  ലഭിച്ചത്.
 
വീണ്ടും റെസ്റ്റോറന്റ് ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 'ഇന്ത്യ താജ്' എന്ന പേരാണ് ആദ്യം ഉദ്ദേശിച്ചത്, ബംഗാളിയായ ഒരു ജീവനക്കാരനാണ് 'സന്തൂർ' എന്ന പേര് നിർദ്ദേശിച്ചത്. അയാൾക്ക് 100 ഡോളർ അന്ന് സമ്മാനമായി കൊടുത്തു. സന്തൂർ എന്നത് ഒരു സംഗീതോപകരണമാണ്. പിന്നീട് ആ റെസ്റ്റോറന്റ് പഞ്ചാബി ഗ്രൂപ്പിന് കൈമാറി. 30 വർഷമായിട്ടും  പേര് മാറ്റിയിട്ടില്ല. ഇപ്പോൾ മലയാളികളാണ് ഉടമകൾ 
 
* റെസ്റ്റോറന്റ് ലാഭകരമായി മുന്നോട്ട് നീങ്ങിയിട്ടും എന്തുകൊണ്ടാണ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയത്?
 
- പണമല്ല പ്രധാനമെന്ന് ചില സന്ദർഭങ്ങൾ നമ്മളെ ഓർമ്മിപ്പിക്കും. എനിക്കും ലിസിക്കും രണ്ടുമക്കളാണ്-ജീനയും ടോമിയും. വളരെ സന്തോഷം നിറഞ്ഞ കുടുംബം. 1991 ലെ വേനൽക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം ഒരു റിലീജിയസ് കൺവൻഷനിൽ പങ്കെടുക്കാൻ  പോയതാണ് എന്റെ മകൾ. അവൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.എന്നെ റെസ്റ്റോറന്റിൽ ഇടയ്ക്ക് സഹായിക്കാൻ ജീന വരുമായിരുന്നു. അവളുടെ വിയോഗത്തോടെ, ആ ഓർമ്മകൾ വല്ലാത്ത അവസ്ഥയിൽ എന്നെ കൊണ്ടുചെന്നെത്തിച്ചു. ലിസിയും അതിൽ നിന്ന് കരകയറാൻ ഒരുവർഷത്തിലേറെ എടുത്തു. അങ്ങനെയാണ് റെസ്റ്റോറന്റ് വിൽക്കുന്നതും മറ്റും. 
 
കേരളത്തിൽ വന്ന് പോട്ട ധ്യാനകേന്ദ്രത്തിൽ കുറച്ച് ദിവസങ്ങൾ ചിലവഴിച്ചപ്പോൾ മനസ്സിന്റെ ഭാരം ഒന്നയഞ്ഞു. നല്ലതായാലും ചീത്തയായാലും ദൈവത്തിന്റെ പദ്ധതിയായി കരുതി സ്വീകരിക്കുക എന്ന പാഠം അങ്ങനെയാണ് ഞാൻ പഠിക്കുന്നത്. അല്ലാതെ ആ വേദനയിൽ നീറിക്കൊണ്ട് ഓരോ ദിവസവും കഴിഞ്ഞുകൂടിയാൽ നമ്മുടെ മാനസികനില തകരാറിലാകും.
 
മകൻ ടോമി ഡോക്ടറാണ്. ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം അറ്റ്ലാന്റയിലാണ് താമസിക്കുന്നത്.
 
*  അമേരിക്കയിലെയും കേരളത്തിലെയും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ?
 
- ക്വീൻസിലെ ബെൽറോസ് കമ്മ്യൂണിറ്റി ബോർഡിൽ ഞാൻ ചേരുമ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏകവ്യക്തിയായിരുന്നു ഞാൻ . 18 വർഷം  അതിന്റെ ഭാഗമായി  പ്രവർത്തിച്ചു. 
 
എന്നെ അടുത്തറിഞ്ഞതിലൂടെയാണ് ഇന്ത്യക്കാരെക്കുറിച്ച് ഉണ്ടായിരുന്ന ചില തെറ്റായ ധാരണകൾ മാറിയതെന്ന് ചില അംഗങ്ങൾ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി. നമ്മൾ കാരണം നാടിന്റെ പേര് മോശമായില്ലല്ലോ...
അമേരിക്കയിൽ ആദ്യകാലങ്ങളിൽ വന്നവർ അംഗങ്ങളായുള്ള പയനീർ ക്ലബിലും സജീവമാണ്.
 
നാട്ടിൽ തൊടുപുഴയിൽ കരിങ്കുന്നം എന്ന സ്ഥലത്താണ് ഞാൻ ജനിച്ചുവളർന്നത്. രണ്ടുവർഷം കൂടുമ്പോൾ അവിടെ പോവുകയും, 57 -58 എസ് എസ് എൽ സി ബാച്ചിലെ സുഹൃത്തുക്കളുടെ സമാഗമം സംഘടിപ്പിക്കുകയും ചെയ്യുന്നതൊക്കെയാണ് എന്റെ ചെറിയ സന്തോഷങ്ങൾ. 60 പേർ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 6-7 പേർ മാത്രമായി. അവരുമായൊക്കെ ഫോണിലൂടെയും ബന്ധം നിലനിർത്താറുണ്ട്.
 
 ഓഗസ്റ് 19 എന്റെയും ലിസിയുടെയും അൻപതാം വിവാഹവാർഷികമാണ്. ഞങ്ങളുടെ നാട്ടിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിന് തുക നൽകിക്കൊണ്ടാണ് ഞങ്ങളത്  ആഘോഷിക്കുന്നത്. ഒരു വീടും നിമ്മിച്ചു നൽകുന്നു. കഷ്ടപ്പാട് അറിഞ്ഞ് വളർന്നതുകൊണ്ട് ഒരാളുടെ വിഷമം പറഞ്ഞാൽ അത് മനസ്സിലാക്കാനും പരിഹരിക്കാൻ വേണ്ടി എന്നാൽ കഴിയുന്നത്  ചെയ്യാനും ശ്രമിക്കാറുണ്ട്. 
 
*ഭാവി പദ്ധതികൾ?
 
- നേരത്തെ പറഞ്ഞതുപോലെ എല്ലാം ദൈവത്തിന്റെ പദ്ധതിയായി കാണുന്നതുകൊണ്ട് മനസ്സിൽ വലിയ ഭാരങ്ങളോ പ്രതീക്ഷകളോ ഇല്ല. റിട്ടയേർഡ് ലൈഫ് അറ്റ്ലാന്റയിലെ ഓൾഡ് ഏജ് ഹോമിൽ ചിലവഴിക്കണമെന്നാണ് ഞാനും ഭാര്യയും തീരുമാനിച്ചിരിക്കുന്നത്. മികച്ച  പരിചരണവും സമപ്രായക്കാരുമായുള്ള സഹവർത്തിത്വവുമാണ് ആ സമയത്ത് ഏറ്റവും ആവശ്യം. മക്കളുടെ തിരക്കുകൾക്കിടയിൽ അത് സാധിക്കില്ലെന്ന വസ്തുത ഉൾക്കൊള്ളാൻ നമ്മൾ തയ്യാറായാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല. മക്കൾ വൃദ്ധസദനത്തിൽ ആക്കുന്നതും നമ്മൾ തീരുമാനിച്ചുറപ്പിച്ച് അവിടെ പോകുന്നതും വ്യത്യസ്തമാണ്.
 
ജോർജ് എബ്രഹാം പറഞ്ഞത് 
 
വി.എം.ചാക്കോ 1969 ൽ അമേരിക്കയിൽ എത്തിയ കാലം മുതൽ ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമാണ്. കമ്മ്യൂണിറ്റി കാര്യങ്ങളിൽ വളരെ സജീവമായ ചാക്കോയും ഞാനും ഡോ. പുഷ്പമംഗലവും മാത്യു സക്കറിയയും ഉത്സാഹിച്ചാണ് അതേ വർഷം ബ്രോങ്ക്സിലെ കർദിനാൾ ഹെയ്സ് ഹൈസ്കൂളിൽ 
ഓണാഘോഷം സംഘടിപ്പിച്ചത്. കേരള സമാജം സൃഷ്ടിക്കുന്നതിനു മുന്നോടിയായിരുന്നു അത് ."അമേരിക്കയിൽ  മലയാളികൾ അധികം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ, കേരളത്തിന്റെ ഗൃഹാതുരത ഈ മണ്ണിലും നിറച്ച അനുഭവം ഈ ഓണക്കാലത്ത് ഓർത്തെടുത്തുകൊണ്ട് ജോർജ്ജ് എബ്രഹാം പറഞ്ഞു.
 
"കഴിഞ്ഞ 2 ദശകങ്ങളിലായി  കമ്മ്യൂണിറ്റി ബോർഡുകളുമായി ചേർന്ന്  പ്രവർത്തിക്കുന്ന ചാക്കോ, മുഖ്യധാരാ സ്ഥാനാര്ഥിയാക്കൾക്കായി ധനസമാഹരണത്തിലും  തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ്. മലയാളികൾക്ക് ഗുണപരമായ പ്രവർത്തനങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം  മുഖ്യധാരാ രാഷ്ട്രീയക്കാരുമായും  ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു 
 
50 കളിലും 60 കളിലും 70 കളുടെ തുടക്കത്തിലും അമേരിക്കയിൽ വന്നവർക്കായി ഞാനും  അച്ചോയി മാത്യൂസ്, ചാക്കോ വെള്ളരിങ്ങാട്ട്, ജോസഫ് ചെറുവേലിൽ എന്നിവരും ചേർന്നാണ്    പയനിയർ ക്ലബ്ബ് സ്ഥാപിച്ചത്. മലയാളികളായ  മുതിർന്ന പൗരന്മാർക്ക് (ഭക്ഷണം, മരുന്ന്, സന്ദർശനങ്ങൾ, കൗൺസിലിംഗ് മുതലായവ) സഹായിക്കുന്ന പയനിയർ ക്ലബ് സോഷ്യൽ സർവീസ് ഗ്രൂപ്പിന്റെ പ്രാഥമിക ശിൽപികളായ  ജോർജ് തയ്‌ലയും മറ്റുള്ളവർക്കുമൊപ്പം മുൻപന്തിയിൽ നിന്ന വ്യക്തിത്വമാണ് ചാക്കോ.
 
ജാക്സൺ ഹൈറ്റ്സിലെ  മഹാറാണി റെസ്റ്റോറന്റിന്റെ സഹ ഉടമയായിരുന്നു അദ്ദേഹമാണ് അമേരിക്കയിൽ  മസാല ദോശ പോലുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഇവിടുത്തെ  മെനുവിൽ എത്തിച്ചത്.  
 
പ്രായമായവരെ പരിചരിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും  ആശുപത്രികളിൽ സഹായിക്കുന്നതിനും ശവസംസ്കാരത്തിന് സഹായിക്കുന്നതിനും കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനുമുള്ള സാമൂഹിക ചിന്താഗതിയുടെ പേരിലാണ്  അദ്ദേഹത്തെ അമേരിക്കൻ മലയാളികൾ കൂടുതൽ അറിയുന്നത്.
 
കുടുംബത്തിലുണ്ടായ  ദുരന്തം അദ്ദേഹത്തിന്റെ തുടർന്നുള്ള ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു.  ഏക മകൾ   വാഹനാപകടത്തിൽ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അപ്പാടെ മാറി,  ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരുടെ വിഷമങ്ങൾ മനസ്സിലാക്കി  കൂടുതൽ സഹാനുഭൂതി പുലർത്തുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും അതോടെയാണ്.
 
 ഡോക്ടറായ ഭാര്യ ലിസിയും  ഭർത്താവിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ഒപ്പം നിൽക്കുന്നു. പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും  ആഴത്തിലുള്ള മത വിശ്വാസത്തിന്റെ പേരിലും അവർ പുതുതലമുറയ്ക്ക് ഉത്തമമാതൃകയാണ്.
 
സിറ്റി കൗൺസിലിലേക്ക് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുക എന്നത് ചാക്കോച്ചന്റെ ഒരു സ്വപ്നമായിരുന്നു, രണ്ട്  തവണയും  അതിനായുള്ള ശ്രമങ്ങളിൽ അദ്ദേഹം നന്നായി കഷ്ടപ്പെട്ടു.   സ്റ്റാൻലി കളത്തറയ്ക്കും  കോശി തോമസിനും അദ്ദേഹം പകർന്ന കരുത്ത് വാക്കുകൾക്കതീതമാണ്. രണ്ടുപേരും പരാജയപ്പെട്ടെങ്കിൽ  പോലും, കൂടുതൽ മലയാളികളുടെ കടന്നുവരവിന് പ്രേരിപ്പിക്കുന്നതിനും  പ്രചാരണ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചാക്കോയുടെ ശ്രമങ്ങൾ വിജയംകണ്ടു.
 
ചാക്കോ ന്യൂയോർക്കിൽ പ്രത്യേകിച്ചും ക്വീൻസിൽ  സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ ഏവർക്കും പരിചിതനാണ്. ആ ആത്മാർത്ഥതയും  പ്രതിബദ്ധതയും കൊണ്ടാണ്  ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും. ഏത് അസമയത്തും ചാക്കോച്ചനോട് സഹായം അഭ്യർഥിച്ചാൽ അതിനൊരു പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.
ചാക്കോയും ലിസിയും തങ്ങളുടെ അൻപതാം  വിവാഹവാർഷികം  ആഘോഷിക്കുകയാണ്."
 അവർക്ക് എല്ലാ നന്മകളും നേർന്നുകൊണ്ട് ജോർജ്ജ് എബ്രഹാം പറഞ്ഞു.
അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)അര നൂറ്റാണ്ടിന്റെ വിവാഹ മംഗളം; 53 വർഷത്തെ ഓർമ്മകൾ (മീട്ടു റഹ്മത് കലാം)
Koshy O. Thomas 2021-08-20 00:00:19
Happy 50th wedding anniversary to Dear Mr. V M Chacko and Mrs. Dr. Lissy Chacko. You both are really blessed by Lord God Almighty. You and your family's unshakable trust in Lord and prayerful participation in the Holy Mass almost every day in church has given you utmost strength and success even during unforeseen turbulence in your life. Your community outreach and helping hand for the needy has made you, your wife Dr. Lissy Chacko, and your Kid and Grand Kids very successful and out standing achievements in this world. May God Bless you all with many many more joyous years with abundance of blessings, Hale & Healthy Life and Brighter future to continue to serve the Lord and Humanity !!!
Raju Mylapra 2021-08-20 02:56:02
അമേരിക്കൻ മലയാളീ സമൂഹത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ, സാമുദായിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ ചാക്കോച്ചനും സഹധർമ്മിണിക്കും വിവാഹ മംഗളാശംസകൾ നേരുന്നു. And also, wish you a Happy Onam.
THOMAS ALEX 2021-08-20 14:10:16
50th വെഡിങ് അണിവേഴ്സറി ആഘോഷിക്കുന്ന പ്രിയ ചാക്കോച്ചനും ഭാര്യക്കും എല്ലാ വിധ മംഗള ആശംസകളും നേർന്നുകൊള്ളുന്നു. ശാന്ത സ്വഭാവക്കാരനായ ചാക്കോച്ചനെ ഞാൻ അറിയുവാനും പരിചയപ്പെടാനും തുടങ്ങിയീട്ടും അൻപത് വർഷങ്ങൾ ആയിരിക്കുന്നു. അമേരിക്കയിലുള്ള തൊടുപുഴകാരനായ ചാക്കോച്ചൻ കല്ലൂപ്പറക്കാരനായ ഞാനുമായി എന്ത് ബന്ധം എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ 1970 ഒടുവോടുകൂടി അമേരിക്കയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുവാൻ എനിക്ക് ഒരു കോളേജ് 1-20 ഫോം അയച്ചുതന്നത് ശ്രീ. വി.എം. ചാക്കോ എന്ന പ്രിയ ചാക്കോച്ചനാണ്. പിന്നീട് അദ്ധേഹത്തിന്റെ സഹോദരനുമായും ആ കോളേജിൽ തന്നെ പഠിക്കുവാൻ സാധിച്ചു. ഒരിക്കൽക്കൂടി പ്രിയ ചാക്കോച്ചന് നന്ദിയും കടപ്പാടും നേർന്നുകൊള്ളുന്നു.
JOHN ELAMATHAIL 2021-08-20 15:02:47
വിദ്യാർത്ഥി രാഷ്‌ട്രീയം മുതൽ ആരംഭിക്കുന്നു ഞാനും ചാക്കൊച്ചനും തമ്മിലുളള സുഹൃത്ബന്ധം. ആമ്പതാം വിവാഹ മംഗളാശംസകൾ !!
Thomas T Oommen 2021-08-20 15:27:38
പ്രിയ ചാക്കോച്ചനും ഡോ . ലിസിക്കും എല്ലാവിധ മംഗളങ്ങളും നേരുന്നു. ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിലെ കുടുംബാംഗങ്ങളുടെയും, ചാക്കോച്ചൻ തുടങ്ങി വച്ച പയനിയർ ക്ലബ്ബിലെ അംഗങ്ങളുടെയും, പരേഡ് കമ്മറ്റിയുടെയും പേരിലുള്ള സ്നേഹാശംസകൾ അറിയിക്കുന്നു. സർവശക്തനായ ദൈവം ദീര്ഘായുസ്സു നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സസ്നേഹം , തോമസ് റ്റി ഉമ്മൻ കുടുംബം.
Ashok Vora 2021-08-20 17:08:38
Happy Anniversary..Chacko ji. May Lord bless you with best of health to you both and family. Glad I know you for 40 plus year..you have good sense of humor.. At least Koshy campaign bring us closer....😂 See u soon.
Mathew V & Rejini Zacharia 2021-08-23 08:33:24
Chackocen & Lizy Golden jubilee. As your least and simplest of your three musketeers in three's company my wishes and prayer for us to continue our sojourn until we reach our destiny in Heaven with reminisce, your least and simplest musketeer,MATHEW VARIKALAM & REJINI ZACHARIA,kuttanadan,New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക