വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം

Published on 09 September, 2021
വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം


മെല്‍ബണ്‍: പൂവിളി പാട്ടും പൂക്കൂടകളുമായി പാടത്തും പറന്പിലും പൂവ് തേടി നടന്ന സായാഹ്നങ്ങളുടെ മധുര സ്മരണകള്‍ മലയാളത്തിന്റെ മുതിര്‍ന്ന തലമുറയുടെ ഓര്‍മയിലില്‍ മിന്നുന്ന പൂക്കാലമാണ്.

അത്തം തൊട്ടു പത്തുനാള്‍ പൂക്കൂടയും പേറി ആരാണേറ്റവും കൂടുതല്‍ പൂക്കള്‍ ശേഖരിക്കുന്നതെന്ന മത്സരത്തോടെ തൊടികളില്‍ പാറി നടക്കുന്ന ബാല്യകാലം പക്ഷേ ഈ തലമുറക്കന്യമായി.

നാടും വീടും വിട്ട് കടലുകള്‍ക്കും കാതങ്ങള്‍ക്കും അപ്പുറത്തെത്തിയാലും മലയാളി മനസിലെ മങ്ങാത്ത തെളിമയാണ് ഓണവും പൂക്കളവുമെന്ന് വിളിച്ചോതുന്നതായിരുന്നു വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കളമത്സരം.

മലയാളത്തനിമയുടെ നിറച്ചാര്‍ത്തണിഞ്ഞ പൂക്കളങ്ങളോരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നതിനാല്‍ വിജയിയെ കണ്ടെത്തുകയെന്നത് വിധികര്‍ത്താക്കളെ കുഴക്കുന്ന കാര്യമായിരുന്നു. വാഗ്ഗ വാഗ്ഗ ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരുന്നു മത്സരം നടന്നത്.

നേരിയ മാര്‍ക്കിന്റെ മുന്‍തൂക്കം പരിഗണിച്ചാണ് മൂന്നു വിജയികളെ കണ്ടെത്തിയത്. ഒന്നാം സ്ഥാനം നേടിയത് ടോണി-ബ്രൈറ്റ് കുടുംബമാണ്. രണ്ടാം സ്ഥാനത്ത് ഷിബു-ഡയാന കുടുംബവും മൂന്നാം സ്ഥാനത്ത് ജിജോ-നൈസി കുടുംബവും കരസ്ഥമാക്കി.

പരന്പരാഗത ശൈലിയില്‍ പൂക്കള നടുവില്‍ പ്രതിഷ്ഠിച്ച ഓണത്തപ്പനെ പ്രകൃതിദത്ത പൂക്കള്‍ കൊണ്ടലങ്കരിച്ചതായിരുന്നു ഷിനു-സ്മൃതി കുടുബത്തിന്റെ പൂക്കളത്തിന്റെ ഹൈലൈറ്റ്. ഓണാശംസകളെഴുതാനും ജമന്തി പൂക്കളായിരുന്നു ഒരുക്കിയിരുന്നത്.

കിഴക്കന്‍ മലമുകളില്‍ ഉയര്‍ന്നു പൊങ്ങുന്ന സൂര്യോദയത്തിന്റെ പൊന്‍കിരണങ്ങള്‍ പുഴയോളങ്ങളെ തഴുകുന്നതാണ് സിബിച്ചന്‍-റാണി കുടുംബത്തിന്റെ പൂക്കളത്തെ മനോഹരമാക്കിയത്. നിറക്കൂട്ടുകളുടെ സമന്വയത്തിലൂടെ പൂക്കളം ആകര്‍ഷണീയമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.


സൂര്യോദയവും കുന്നും പുഴയുമെല്ലാം ചേര്‍ത്തൊരുക്കിയ പൂക്കളത്തിന്റെ വര്‍ണശബളിമ ടോണി-ബ്രൈറ്റ് കുടുംബത്തിന്റെ പൂക്കളത്തെ വ്യത്യസ്ഥമാക്കി. കണ്ണഞ്ചിപ്പിക്കുന്ന കടും കളറുകളുടെ അതിശയകരമായ സങ്കലനവും നാല് വൃത്തങ്ങളെ അതിമനോഹരമായി ലയിപ്പിച്ചതും ഈ പൂക്കളത്തിന്റെ പ്രത്യേകതയായി.

ഷിബു-ഡയാന കുടുംബത്തിന്റെ പൂക്കളത്തെ, കേരളത്തിന്റെ തനത് കലയായ കഥകളിയിലെ പച്ചവേഷവും മണിവീണയും സൂര്യോദയവും കായലോളങ്ങള്‍ക്ക് മീതെ തുഴഞ്ഞെത്തുന്ന ചുണ്ടന്‍ വള്ളവും ആകര്‍ഷകമാക്കി.

മനോഹര വര്‍ണങ്ങള്‍ ചെറുകളങ്ങളില്‍ സമന്വയിപ്പിച്ച വൃത്തത്തിനുള്ളില്‍ ഓളപ്പരപ്പിലെ ചുണ്ടന്‍ വള്ളവും സുര്യോദയവും കേരവൃക്ഷവും മനോഹരമായ കാഴ്ചയൊരുക്കിയ പുക്കളമാണ് പ്രശാന്ത്-സവിത കുടുംബമൊരുക്കിയത്.

മുതിര്‍ന്ന തലമുറയുടെ ഓണ ഓര്‍മകള്‍ക്ക് മിഴിവേകുന്ന ഊഞ്ഞാലാട്ടത്തെ മനോഹരമായി ചിത്രീകരിച്ചതാണ് ജിജോ-നൈസി കുടുംബത്തിന്റെ പൂക്കളത്തെ വ്യത്യസ്ഥമാക്കിയത്. തറവാട്ടു വീടും മുറ്റത്ത് ഊഞ്ഞാലാടുന്ന സുന്ദരിയായ പെണ്‍കുട്ടിയും തികഞ്ഞ വര്‍ണ ബോധത്തോടെ പകര്‍ത്തിയെഴുതിയതായിരുന്നു ഈ പൂക്കളം.

മതസാഹോദര്യത്തിന്റെ മഹത്വമോതിക്കൊണ്ടാണ് ഷൈനോ-നിഷ കുടുംബം പൂക്കളമൊരുക്കിയത്. പ്രസന്നമായ വര്‍ണ പശ്ചാത്തലത്തില്‍ ചുണ്ടന്‍ വള്ളവും കേരവൃക്ഷവും കുരിശും ഓംകാര ചിഹ്നവും ചന്ദ്രക്കലയും നിറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക