ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

Published on 09 September, 2021
 ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

ബ്രിസ്‌ബെന്‍: ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങള്‍ ആലപിക്കുന്ന സല്യൂട്ട് ദ നേഷന്‍സ് പരിപാടിയില്‍ മലയാളി തിളക്കം. ലോകസമാധാന ദിനമായ സെപ്റ്റംബര്‍ 21 ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന സഹോദരിമാരായ മലയാളി വിദ്യാര്‍ഥികളായ ആഗ്‌നസും തെരേസയും ചേര്‍ന്ന് ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ 6 മണിക്കൂര്‍ തുടര്‍ച്ചയായി ആലപിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദ നേഷന്‍സ്.

ക്യൂന്‍സ്ലാന്‍ഡ് പാര്‍ലമെന്റില്‍ ചേര്‍ന്ന ചടങ്ങില്‍ സ്പീക്കര്‍ കേര്‍ട്ടിസ് പിറ്റ് 'സല്യൂട്ട് ദി നേഷന്‍സ്' എന്ന ഈ ഇന്റര്‍നാഷണല്‍ ഈവന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളാണ് അവര്‍ ആലപിക്കുന്നത്.

ചില്‍ഡ്രന്‍ & യൂത്ത് ജസ്റ്റിസ്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ലിയാന്‍ ലിനാര്‍ഡ്, ഐക്യ രാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ മുന്‍ പ്രസിഡന്റും എര്‍ത്ത് ചാര്‍ട്ടര്‍ കോ-ഓര്‍ഡിനേറ്ററും സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററുമായ ക്ലം ക്യാന്പ്‌ബെല്‍ എന്നിവര്‍ ചേര്‍ന്ന് സല്യൂട്ട് ദി നേഷന്‍സ് പോസ്റ്റര്‍ റിലീസ് ചെയ്തു.

ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്യുന്‍സ്ലാന്‍ഡ് വൈസ് പ്രസിഡന്റ് ഡോ. ഡോണല്‍ ഡേവിസ് ക്യുന്‍സ് ലാന്‍ഡ് ഫോര്‍മര്‍ പാര്‍ലമെന്ററി മെന്‌പേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലെന്‍ എല്‍മെസ് എന്നിവര്‍ സംസാരിച്ചു. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ആഗ്‌നസ് ആന്റ് തെരേസ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുത്ത ഇരുന്നൂറോളം പേര്‍ക്കാണ് പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമേ ഓസ്‌ട്രേലിയന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമും സന്നിഹിതരാകും. ആഗ്‌നസ് ആന്റ് തെരേസ ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും അന്നേ ദിവസം നടക്കും.


അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം കൈമാറുന്നതിനാണ് ലോകസമാധാന ദിനമായ സെപ്റ്റംബര്‍ 21 ന് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുക ചാരിറ്റി രംഗത്തുള്ള സംഘടനകള്‍ക്കും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കും. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലേയും ദേശീയ ഗാനം ആലപിക്കുന്ന അന്താരാഷ്ട്ര പരിപാടി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുക എന്നതാണ് ആഗ്‌നസിന്േറയും തെരേസയുടേയും ലക്ഷ്യം. ഒരു രാജ്യത്ത് ഒരു പരിപാടി എങ്കിലും സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിലൂടെ ലഭിക്കുന്ന തുക യുഎന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ലോകസമാധാന ശ്രമങ്ങള്‍ക്കും, ചൂഷണത്തിന് വിധേയരാകുന്ന കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും സ്ത്രീ സുരക്ഷയ്ക്കും ആഗ്‌നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.

ഓസ്‌ട്രേലിയയില്‍ താമസമാക്കിയ ചലച്ചിത്ര സംവിധായകന്‍ ജോയ് കെ. മാത്യുവിന്േറയും നഴ്‌സായ ജാക്വാലിന്േറയും മക്കളാണ് ആഗ്‌നസും തെരേസയും. ആഗ്‌നെസ് ബ്രിസ്ബനില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു തെരേസ മൂന്നാം വര്‍ഷ ക്രിമിനോളജി & സൈക്കോളജി വിദ്യാര്‍ഥിയാണ്. മക്കളെ പഠനത്തിന്റെ ലോകത്തേക്ക് മാത്രം ചുരുക്കാതെ അവരുടെ ആഗ്രഹത്തിനൊത്തവണ്ണം കൈ പിടച്ച് നടത്താന്‍ ജോയിയും ജാക്വാലിനും എന്നും ഒപ്പമുണ്ട്. ലോകം മഹാമാരിയുടേയും യുദ്ധസംഘര്‍ഷങ്ങളുടേയും നടുവിലൂടെ കടന്നു പോകുന്ന വര്‍ത്തമാന കാലത്ത് ഈ വിദ്യാര്‍ഥികള്‍ നടത്തുന്ന പരിശ്രമം അതുകൊണ്ട് തന്നെ പ്രശംസനീയവും മാതൃകാപരവുമാകുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക