12ാമത് യുക്മ ദേശീയ കലാമേള 2021 വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസംബറില്‍

Published on 04 November, 2021
 12ാമത് യുക്മ ദേശീയ കലാമേള 2021 വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസംബറില്‍


ലണ്ടന്‍: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള കഴിഞ്ഞ വര്‍ഷത്തേതുപോലെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസംബറില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം കൂടുതലായ പ്രത്യേക സാഹചര്യത്തില്‍, ഈ വര്‍ഷവും റീജയണല്‍ തല കലാമേളകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും, വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിന് (കലാമേള നഗര്‍) അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഭാരതീയ സാഹിത്യ - സാംസ്‌കാരിക വിഹായസിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുന്‍ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പത്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂര്‍ത്തി സ്വാമികളും, എം.എസ്. വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒഎന്‍വി കുറുപ്പും, ജനകീയ നടന്‍ കലാഭവന്‍ മണിയും, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും, തെന്നിന്ത്യന്‍ ചലച്ചിത്ര വിസ്മയം ശ്രീദേവി, സര്‍വകലാവല്ലഭനായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.


നവംബര്‍ ഏഴ് ഞായറാഴ്ച വരെ secretary.ukma@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നന്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.

നഗര്‍ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പന ചെയ്യുന്ന വ്യക്തിക്കും പുരസ്‌കാരം നല്‍കുന്നതാണ്.

നൂപുരധ്വനികളും രാഗതാളങ്ങളും വിസ്മയം തീര്‍ക്കുന്ന യുക്മ കലാമേളകള്‍ എക്കാലത്തും പ്രതിഭയുടെ മാറ്റുരക്കലാകുകള്‍ ആയിരുന്നു. അതിന്റെ പ്രൗഡിയും ആവേശവും ഒട്ടും തന്നെ ചോര്‍ന്നു പോകാത്ത വിധം വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയും വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭ്യര്‍ഥിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക