കോവിഡ് മരണധനസഹായം: പ്രവാസികുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം

Published on 17 November, 2021
 കോവിഡ് മരണധനസഹായം: പ്രവാസികുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം

കുവൈറ്റ് സിറ്റി: കോവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്കണമെന്നാവശ്യപ്പെട്ടു കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

കോവിഡില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അതതു സംസ്ഥാനങ്ങളാണ് അന്പതിനായിരം രൂപ വീതം കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടത്. കോവിഡിനെ തുടര്‍ന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.


കേരളത്തില്‍ ധനസഹായത്തിനായി അപേക്ഷ നല്‍കിയ പ്രവാസികുടുംബങ്ങളുടെ അപേക്ഷ വിദേശ രാജ്യത്തു മരണമടഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാരണത്താല്‍ അപേക്ഷ സ്വീകരിക്കുന്നതുതന്നെ നിരസിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടു നിവേദനം നല്‍കിയിരിക്കുന്നത്. ഈ ആനുകൂല്യത്തില്‍ നിന്ന് പ്രവാസികളെ മാറ്റിനിര്‍ത്തിയാല്‍ അത്തരം തീരുമാനം വിവേചനപരമാകുമെന്നും ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക