കുരുക്കിലകപ്പെട്ട സ്ത്രീയുടെ കുതറി മാറൽ - മഞ്ഞിൽ ഒരുവൾ - നിർമ്മല : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 03 December, 2021
കുരുക്കിലകപ്പെട്ട സ്ത്രീയുടെ കുതറി മാറൽ - മഞ്ഞിൽ ഒരുവൾ - നിർമ്മല : ഡോ. കുഞ്ഞമ്മ ജോർജ്ജ്
നിർമ്മലയുടെ 'മഞ്ഞിൽ ഒരുവൾ' എന്ന നോവൽ പുസ്തക രൂപത്തിൽ വായിച്ചു. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ.
കാനഡയിൽ ഐ.ടി. പ്രോജക്ട് മാനേജരാണ് നിർമ്മല.  34 വർഷമായി കുടുംബത്തോടൊപ്പം കാനഡയിൽത്തന്നെ.
നീണ്ടകാല പ്രവാസിയായിരുന്നിട്ടും മാതൃഭാഷയെ നെഞ്ചോടു ചേർത്തുവച്ചവൾ. മലയാളത്തിൽ കഥകളും നോവലുകളും പ്രസിദ്ധീകരിക്കാൻ സാധിച്ചവൾ. മലയാളിയുടെ ആദിമഅമേരിക്കൻ പ്രവാസ ചരിത്രം, പാമ്പും കോണിയും എന്ന മികച്ച നോവൽ വഴി ലോകത്തിന് പറഞ്ഞുകൊടുത്തു നിർമ്മല. ശ്രദ്ധേയമായ ഒരുപാട് കഥകളെഴുതി. എഴുത്തിന് നിരവധി പുരസ്കാരങ്ങൾ നേടി. 
പ്രവാസലോകത്തും മലയാള സാഹിത്യ സദസ്സുകളിലും അറിയപ്പെടുന്ന എഴുത്തുകാരിയാണ് നിർമ്മല. എറണാകുളത്ത് കളമശ്ശേരി സ്വദേശം.
മലയാള സാഹിത്യത്തിൽ കാമ്പുള്ള ആതുരാഖ്യായികകൾ കുറവെന്നു പറയാം. ചന്ദ്രമതി ടീച്ചറുടെ ' ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ക്യാൻസർ ലോകത്തു നിന്നും സ്വയം പുറത്തു കടന്ന് ജീവിതം ഒരുൽസവമാക്കിയ അനുഭവകഥ. അശ്വിനി എന്ന കഥാപാത്രത്തിലൂടെ നിർമ്മല ഈ വിഷയം മറ്റൊരു രൂപത്തിൽ ക്ര‌മപ്പെടുത്തിയിരിക്കുന്നു. 
മരണത്തെ മുഖാമുഖം കാണാതെ ജീവിതത്തെ അറിയാൻ ഒരു മാർഗ്ഗവുമില്ല. ജീവിതമുള്ളിടത്തൊക്കെ മരണവുമുണ്ട്. രണ്ടും ഒരേ പ്രതിഭാസത്തിന്റെ രണ്ടു വശങ്ങളെ തിരിച്ചറിയുന്ന നിമിഷമാണ് , അതിജീവനത്തിന്റെ നിമിഷം." ചന്ദ്രമതിയും നിർമ്മലയും ഓഷോയുടെ ഈ കാഴ്ചപ്പാട് നെഞ്ചോടു ചേർത്തണയ്ക്കുന്നു.
പോൾ കലാനിധി എന്ന ന്യൂറോ സർജന്റെ When Breath becomes Air എന്ന നോവൽ കാൻസറിനോടുള്ള പോരാട്ടം മരണത്തിനുമപ്പുറത്തേക്കല്ലേ കാര്യങ്ങൾ പറയുന്നത്..!

നിർമ്മലയുടെ നോവലിന്റെ പശ്ചാത്തലം കാനഡയാണ്. അതിന്റെ വിവരണം ആകർഷകവും സരളവും വിശാലവുമാണ്. കൂടുതലും മഞ്ഞുകാലത്താണവിടത്തെ മനുഷ്യജീവിതം. ഇരുണ്ട പ്രകൃതിയും ഇലകൊഴിഞ്ഞ മരങ്ങളും അതിന്റെയൊക്കെ അവസ്ഥാന്തരങ്ങളും ... മഞ്ഞിൽ ഒരുവളെ മിക്കവാറും ധന്യമാക്കുന്നത് പിന്നണിയിലെ ഈ പ്രകൃതിയവനികകൾ തന്നെ. കഥാപാത്രങ്ങൾക്കൊപ്പം തുല്യതയോടെ കനേഡിയൻ പ്രകൃതിയുടെ കാറ്റും മഞ്ഞും വായനയിലുടനീളം കൂട്ടിനെത്തുന്നു.
അശ്വിനി എന്ന ഐ.ടി ജീവനക്കാരി. ഭർത്താവ് മോഹനും മകൾ കീർത്തനയ്ക്കുമൊപ്പം ആധുനിക സുഖജീവിതം നയിച്ചു വരുന്നതിനിടയ്ക്കാണ് ബ്രസ്റ്റ് ക്യാൻസർ അശ്വിനിയുടെ ജീവിതം തകിടംമറിച്ചു കളയുന്നത്. പിന്നീട് വീട്ടിനകത്തുണ്ടാകുന്നതെല്ലാം നാട്യ പ്രകടനങ്ങളെന്ന് അശ്വിനിക്ക് ബോധ്യമാകുന്നു. മോഹന്റെ കൂടിക്കൂടിവരുന്ന ഓഫീസ് ജോലികൾ, വല്ലപ്പോഴും 'മമ്മൂസ് ഐ ലവ് യൂ' എന്ന് പറഞ്ഞ് സ്നേഹം ബാഹ്യപ്രകടനമാക്കുന്ന മകൾ .. ഇതൊക്കെ അശ്വിനിയെ ആദ്യം ഭയപ്പെടുത്തുന്നെങ്കിലും രസികത്തമുള്ള ആത്മഭാഷയിൽ സ്വയം സംസാരിച്ചും തന്നെ പിടികൂടിയ കാൻസറിനെ ഓമനിച്ച് ക്യാൻസു എന്നു വിളിച്ചും തമാശ പറഞ്ഞും രോഗത്തെ അതിജീവിക്കുന്ന അശ്വിനിയെയാണ് നാം കാണുന്നത്.
ഒരു രോഗം സ്വയം അനുഭവിക്കുമ്പോൾ എന്തുമാത്രം അറിവുകളാണ് അത് പകരുന്നത്...! ഓരോരുത്തരുടെയും ഉള്ളിൽ അവനവനെക്കാളും വലിയ ഒരാളുണ്ടെന്ന തിരിച്ചറിവ് അതിലൊന്നാണ്. രോഗത്തിൽ, പിന്നിലെ അക്രമങ്ങളുടെ ക്രമക്കേടുകളുടെ സത്തതേടി പോകുമ്പോൾ രോഗി ഡോക്ടറോളം വലുതാവുകയാണിവിടെ. ഒരറിവും അനാവശ്യമല്ല, മറിച്ച്  മുതൽക്കൂട്ടായിത്തന്നെ രോഗത്തിന്റെ ഈ കുഴിയിൽ നിന്നുകൊണ്ട് അശ്വിനി സ്വീകരിക്കുന്നു.
കൂട്ടുകാരി വിദ്യ ഒരു റോസാപ്പൂവ് അശ്വിനിക്ക് നൽകിക്കൊണ്ട് 'റോസാപ്പൂവ് എല്ലാ സങ്കടങ്ങളും മാറ്റും ' എന്ന് പറയുമ്പോൾ 'Rosses are overrated' എന്നാണ് അശ്വിനി പറഞ്ഞു കൊടുക്കുന്നത്.
സ്ത്രീയുടെ ജീവിതം ഒരു മരം പോലെയാണ്. പൂത്തുതളിർത്തു നിൽക്കുമ്പോൾ എല്ലാവരും അടുത്ത് , ഇലകളും പൂക്കളും കൊഴിഞ്ഞ് ശിശിരത്തിൽ തനിയെ ആകുന്നവൾ . എന്നാൽ ഉപേക്ഷിക്കപ്പെട്ട ഈ തായ്ത്തടിയാണ് ശരിയായ ഫെമിനിസ്റ്റ് കാതൽ." 
ഒരു ബന്ധവും പ്രണയവും സ്നേഹവും സ്ത്രീയുടെ ദാഹത്തെ ശമിപ്പിക്കുവാൻ ഉപകരിക്കുന്നില്ല എന്ന വലിയ അറിവും അശ്വിനി ക്യാൻസുവിനെ പറഞ്ഞു പഠിപ്പിക്കുന്നു. ഒറ്റപ്പെടൽ ഒരു ചെറുമഴ പോലെയാണ് അശ്വിനിയ്ക്ക്.

മലയാള നോവലിൽ മലയാളം മാത്രമേ ആകാവൂ എന്ന പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട് ഈ നോവൽ. ധാരാളം ഇംഗ്ളീഷ് വരികൾ, വാക്കുകൾ. എന്തിനേറെ, ഓരോ അദ്ധ്യായത്തിനും ഇംഗ്ലീഷ് തലക്കെട്ടുകളാണ് കൊടുത്തിരിക്കുന്നത്. ധാരാളം medical terminology കൾ ഉണ്ടിതിൽ. ഭാഷയിൽ തപ്പിത്തടഞ്ഞുനിന്നപ്പോൾ സഹായിച്ച 'ഓളം' - ത്തെ നന്ദിയോടെ സ്മരിക്കുന്നുണ്ട് എഴുത്തുകാരി.
സീരിയസ്സ് ആയ വായക്കാർക്ക് ഈ നോവൽ വായിച്ചു പോകാനും 'ഓള'ത്തെ ആശ്രയിക്കേണ്ടി വന്നേക്കും.

ക്യാൻസർ പോലെയുള്ള ഒരു രോഗത്തിനു ശേഷം മാറ്റേണ്ട അടി മുതൽ മുടി വരെയുള്ള Outfits - നെക്കുറിച്ച് നിർമ്മല വിശദമായി വിവരിക്കുമ്പോഴും ആന്തരിക വ്യതിയാനങ്ങൾ വരുന്ന വഴികളും വിശദമായി വിശകലനം ചെയ്യാൻ മറക്കുന്നില്ല.
രോഗത്തിൽ നിന്നും ശക്തയായി ഉയിർത്തെഴുന്നേറ്റ അശ്വിനി , ജീവിതം ആഘോഷമാക്കി മാറ്റുന്നുണ്ട്. "Celebrate  - live life to the fullest " എന്ന ആഹ്വാനവുമായാണ് നോവൽ അവസാനിക്കുന്നതും.
പലതരത്തിൽ കുരുക്കുകളിലകപ്പെട്ട സ്ത്രീയുടെ യാത്രാപഥങ്ങളിൽ നിന്നും എങ്ങനെ കുതറി രക്ഷപെടാം എന്ന മാർഗ്ഗരേഖയാണീ പുസ്തകം. 
'മഞ്ഞിൽ വിരിഞ്ഞവൾക്ക് ' എല്ലാവിധ ഭാവുകങ്ങളും..!
ഈ എഴുത്തിനെ തേടിവരട്ടെ അംഗീകാരത്തിന്റെ വിളിച്ചുചൊല്ലലുകൾ ....!
കുരുക്കിലകപ്പെട്ട സ്ത്രീയുടെ കുതറി മാറൽ - മഞ്ഞിൽ ഒരുവൾ - നിർമ്മല : ഡോ. കുഞ്ഞമ്മ ജോർജ്ജ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക