ചാന്‍സലറാകാന്‍ ഒലാഫ് ഷോള്‍സിന് എസ്പിഡി പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

Published on 07 December, 2021
 ചാന്‍സലറാകാന്‍ ഒലാഫ് ഷോള്‍സിന് എസ്പിഡി പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

ബെര്‍ലിന്‍: ജര്‍മനിയില്‍ ഗ്രീന്‍സ്, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടികളുമായി ചേര്‍ന്നു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി)യുടെ സമ്മേളനം അനുമതി നല്‍കി. പുതിയ സര്‍ക്കാരിനുള്ള സഖ്യ കരാറിന് 99 ശതമാനം എസ്പിഡി പാര്‍ട്ടിയംഗങ്ങള്‍ വോട്ടുരേഖപ്പെടുത്തി.

പാര്‍ട്ടിയുടെ സ്‌പെഷ്യല്‍ കോണ്‍ഗ്രസ് 98.8 ശതമാനം ഭൂരിപക്ഷത്തോടെ ഗ്രീന്‍സ്, എഫ്ഡിപി എന്നിവയുമായുള്ള സഖ്യ കരാറിന് അംഗീകാരം നല്‍കി. വര്‍ഷങ്ങളായി കലഹിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നയിക്കുന്ന പുതിയ സര്‍ക്കാര്‍ 2021 ഡിസംബറില്‍ അധികാരത്തിലേറും. രാജ്യവും എസ്പിഡിയും ഇപ്പോള്‍ 1969ലും 1998ലും ഉണ്ടായത് പോലെ ഒരു പുറപ്പാടിനെ അഭിമുഖീകരിക്കുകയാണന്ന് പാര്‍ട്ടി കോണ്‍ഗ്രസിലെ 28 മിനിറ്റ് പ്രസംഗത്തില്‍ ഷോള്‍സ് ഊന്നിപ്പറഞ്ഞു.

ജര്‍മ്മനിയുടെ അടുത്ത സര്‍ക്കാര്‍ രൂപീകരത്തിനായുള്ള മൂന്ന് പാര്‍ട്ടികളില്‍ രണ്ടെണ്ണം ഇപ്പോള്‍ കരാറിന് അംഗീകാരം നല്‍കി.

നിയോലിബറല്‍ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്ഡിപി) ഞായറാഴ്ച മധ്യഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളുമായും (എസ്പിഡി) ഗ്രീന്‍ പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയ സഖ്യ കരാറിന് അംഗീകാരം നല്‍കി. ബര്‍ലിനില്‍ നടന്ന പ്രത്യേക പാര്‍ട്ടി കോണ്‍ഫറന്‍സില്‍ 92.4% പാര്‍ട്ടി അംഗങ്ങളും കരാറിനെ അനുകൂലിച്ചു. ഡിജിറ്റല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ 535 പേര്‍ അനുകൂലിച്ചും 37 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. ആക്ടിംഗ് വൈസ് ചാന്‍സലറും ധനമന്ത്രിയുമായ ഒലാഫ് ഷോള്‍സിനെ അടുത്തയാഴ്ച ജര്‍മ്മനിയുടെ അടുത്ത ചാന്‍സലറായി അംഗല മെര്‍ക്കലില്‍ നിന്ന് അധികാരമേറ്റെടുക്കുന്നതിലേക്ക് ഈ തീരുമാനം ഒരു പടി കൂടി അടുപ്പിച്ചു. എഫ്ഡിപിക്കും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും പിന്നാലെ ഗ്രീന്‍ പാര്‍ട്ടിയുടെ വോട്ടെടുപ്പിന്റെ ഫലം തിങ്കളാഴ്ച അറിയാം.

എല്ലാ പാര്‍ട്ടികളും പദ്ധതികള്‍ അംഗീകരിക്കുകയാണെങ്കില്‍, കരാറില്‍ ചൊവ്വാഴ്ച എല്ലാ പാര്‍ട്ടികളും ഒപ്പുവയ്ക്കും, സഖ്യകക്ഷി സര്‍ക്കാരിനുള്ള ധാരണ യാഥാര്‍ഥ്യമാകും.

ബുധനാഴ്ച ബുണ്ടെസ്‌ററാഗില്‍ ചാന്‍സലറായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടാന്‍ ഷോള്‍സിനെ അനുവദിക്കും. സഖ്യകക്ഷി സര്‍ക്കാരിനുള്ള ധാരണ യാഥാര്‍ഥ്യമാകുന്നതോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കും.എങ്കില്‍ പാര്‍ട്ടി നേതാവും ധനകാര്യ മന്ത്രിയുമായ ഒലാഫ് ഷോള്‍സ് ജര്‍മനിയുടെ ഒന്‍പതാമത്തെ ചാന്‍സലറാകും.


ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക