എല്ലാവരും വേണം;  സുസമ്മതനായി വിനോദ് കൊണ്ടൂര്‍ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

Published on 27 January, 2022
എല്ലാവരും വേണം;  സുസമ്മതനായി വിനോദ് കൊണ്ടൂര്‍ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

എല്ലാവരും വേണം, എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകണം എന്ന മുദ്രാവാക്യവുമായാണ് വിനോദ് ഡേവിഡ് കൊണ്ടൂര്‍ ഫോമാ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നത്. അങ്ങനെ ചിന്തിക്കാന്‍ ചില കാരണങ്ങളുണ്ട്. സംഘടനയെ മുന്‍കാലങ്ങളില്‍ നയിച്ചവര്‍, കേസിനും മറ്റുമായി പണം മുടക്കിയവര്‍, അവരില്‍ ചിലരെങ്കിലും സംഘടനയില്‍ തങ്ങള്‍ക്ക് ഒരു റോളുമില്ലെന്ന് കരുതി മാറി നില്‍ക്കുന്നു. തങ്ങള്‍ ഒരു അധികപ്പറ്റാണോ എന്നുപോലും ചിലര്‍ ചിന്തിക്കുന്നു.

പുതിയ തലമുറ വരുമ്പോള്‍ തന്നെ പഴയവരെ സജീവമായി സംഘടനയില്‍ നിലനിര്‍ത്തുന്നത് സുപ്രധാനമാണെന്ന് വിനോദ് കരുതുന്നു. അവരുടെ അറിവും പരിചയവും നഷ്ടപ്പെടുത്താനാവില്ല.

എല്ലാവരും വേണമെന്നു പറയുമ്പോള്‍ ഒരു ഗ്രൂപ്പോ ഒരു വിഭാഗമോ മാത്രമല്ല ഉദ്ദേശിക്കുന്നത്. എല്ലാവരും എന്നാല്‍ സംഘടനയില്‍ എല്ലാവരും.

ബെന്നി വാച്ചാച്ചിറ പ്രസിഡന്റും, ജിബി തോമസ് ജനറല്‍ സെക്രട്ടറിയും ജോസി കുരിശിങ്കൽ ട്രഷററും, ലാലി കളപ്പുരയ്ക്കൽ വൈസ് പ്രസിഡൻ്റും, ജോമോൻ കുളപ്പുരയ്ക്കൽ ജോയിൻ്റ് ട്രഷററുമായിരിക്കെ ജോയിന്റ് സെക്രട്ടറിയായിരുന്ന വിനോദ് സംഘടനയുടെ സുസമ്മതനായ വക്താവായിരുന്നു. രണ്ട് കൈകൊണ്ടും വാര്‍ത്തകളും വിവരങ്ങളും പങ്കുവെച്ച് സംഘടനയില്‍ വിനോദ് പ്രിയങ്കരനായി. എങ്കിലും അടുത്ത രണ്ടു തവണയും മത്സര രംഗത്ത് വരാതെ മറ്റുള്ളവര്‍ക്കുവേണ്ടി വഴിമാറി കൊടുക്കുകയായിരുന്നു വിനോദ്. സംഘടനയുമായി ഏറെ ആഴമുള്ള ബന്ധം നിലനിര്‍ത്തിയ റെജി ചെറിയാന്റെ മരണത്തെ തുടര്‍ന്ന്,  പ്രഖ്യാപിച്ച മത്സരത്തില്‍ നിന്നു പിന്മാറി. ഇലക്ഷനില്‍ ഒരു വോട്ടിനു പരാജയപ്പെട്ട റെജി ചെറിയാന് അതു വലിയ ഷോക്കായിരുന്നു. അതിനാല്‍ കടുത്ത മത്സരവും ഭിന്നതകളും ആവശ്യമില്ലെന്ന അഭിപ്രായം തന്നെയാണ് വിനോദിന്.

തെരഞ്ഞെടുപ്പിന് ഏഴു മാസമുണ്ടെങ്കിലും വോട്ടര്‍മാരായ നാഷണല്‍ കമ്മിറ്റി അംഗങ്ങളും മറ്റു നേതാക്കളുമായി സംസാരിക്കുകയും ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എല്ലായിടത്തുനിന്നും നല്ല പ്രതികരണം. എങ്കിലും ഇലക്ഷന്‍ ചൂട് ശക്തം തന്നെ.

ആളുകളുമായി സംസാരിക്കുമ്പോള്‍ കമ്യൂണിക്കേഷന്റെ പ്രധാന്യം വ്യക്തമാകും. ആരും തങ്ങളെ വിളിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. അതുപോലെ സംഘടന ചിലര്‍ക്ക് ആളുകളിക്കാനുള്ള വേദിയാകുന്നു എന്നു കുറ്റപ്പെടുത്തിയവരുമുണ്ട്.

എന്തായാലും വിജയിക്കുകയാണെങ്കില്‍ ആശയ വിനിമയം ശക്തിപ്പെടുത്തും. ഒരാഴ്ച ഒരു സംഘടനയുമായി ബന്ധപ്പെട്ടാല്‍ തന്നെ 80 ആഴ്ചകൊണ്ട് എല്ലാ സംഘടനകളുമായി സംവദിക്കാം. അവരുടെ ആശയങ്ങള്‍ അറിയാം. നമ്മുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. അംഗ സംഘടനകള്‍ ശക്തിപ്പെട്ടാലെ ഫോമയും ശക്തിപ്പെടൂ.

സംഘടനയില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ താത്പര്യവും സമയവും ഉള്ളവര്‍ മാത്രമേ നേതൃരംഗത്തേക്ക് വരാവൂ എന്ന് മുൻ പ്രസിഡൻ്റുമാർ പറഞ്ഞത് ഏറെ പ്രസക്തമാണ്. ചെറുപ്പക്കാര്‍ വരുമ്പോള്‍ അവര്‍ ജോലിക്കാരോ ബിസിനസുകാരോ ആയിരിക്കും. പക്ഷെ സംഘടനയ്ക്കായി അവർ  സമയം കണ്ടെത്തണം.

ഫിസിയോതെറാപ്പിയില്‍ ഡോക്ടറേറ്റ് ഉള്ള വിനോദിനു ഹോസ്പിറ്റലിലാണ് ജോലിയെങ്കിലും സംഘടനാ പ്രവര്‍ത്തനത്തിന് സമയം ധാരാളമുണ്ട്. മാനേജര്‍ സ്ഥാനം ഏറ്റെടുക്കാത്തതുതന്നെ സമയം കണ്ടെത്താനാണ്.

എന്നുമാത്രമല്ല തന്നെ പിന്തുണയ്ക്കുന്ന പലരും വിലയ പ്രതീക്ഷ പുലര്‍ത്തുന്നവരാണെന്ന് വിനോദ് ചൂണ്ടിക്കാട്ടി. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തന രംഗത്ത് ഉയരാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. അവരെ നിരാശപ്പെടുത്താനാവില്ല.

ഒട്ടേറെ വലിയ കാര്യങ്ങള്‍ ചെയ്തുവെങ്കിലും കോവിഡ് സംഘടനയെ ഒട്ടേറെ ബാധിച്ചു. സൂമില്‍ എത്ര കണ്ടാലും അത് നേരില്‍ കാണുന്നതിനു പകരമാവില്ല. എങ്കിലും സംഘടനയെ ഊര്‍ജസ്വലമായി നിര്‍ത്താന്‍ അനിയന്‍ ജോർജ് - ഉണ്ണികൃഷ്ണന്‍, തോമസ് ടി. ഉമ്മൻ  ടീമിനു കഴിഞ്ഞു.

ഫോമയുടെ ഏറ്റവും നല്ല പ്രവര്‍ത്തനം ഏതായിരുന്നു എന്ന ചോദിച്ചാൽ  ഓരോന്നും വ്യത്യസ്തമെന്നു പറയേണ്ടി വരും.

2006-ൽ ഫോമായുടെ പ്രഥമ പ്രിസിഡൻ്റ് ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തിൽ വന്ന ആറൻമുള വിമാനത്താവളം എന്ന ആശയം, ഇന്ന് വൻ ആഘോഷത്തോടെ പ്രാവർത്തികമാകുമെന്നു കരുതാം .

2008 -10 ജോൺ ടൈറ്റസിൻ്റെ നേതൃത്വത്തിൽ  ആദ്യമായി ഒരു അമേരിക്കൻ ദേശീയ സംഘടന കേരളത്തിൽ ഒട്ടേറെ   വീടുകൾ വച്ചു നൽകി.
2010 - 12 ബേബി ഊരാളിലിൻ്റെ നേതൃത്വത്തിൽ വന്ന ഭരണ സമിതി, നാട്ടിലേയും അമേരിക്കൻ ഐക്യനാടുകളിലേയും യുവതലമുറയെ യോജിപ്പിക്കുന്നതിനായി ബ്രിഡ്ജിംജി ദി  മൈൻഡ്സ് എന്ന ആശയം കൊണ്ടു വന്നു.

2012-14-ൽ, ജോർജ് മാത്യൂ ഭരണസമിതി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായ് ചേർന്നു നടത്തിയ എഗ്രിമെൻ്റിൽ, അമേരിക്കൻ മലയാളികളുടെ നട്ടെല്ലായ നേഴ്സിംഗ് പ്രഫഷണൽസിന് ഉപരി പഠനത്തിന് ഫീസിനത്തിൽ വൻ ഡിസ്കൗണ്ട് നേടി കൊടുത്തു.

2014-16- ൽ ആനന്ദൻ നിരവേലിൻ്റെ ഭരണ സമിതിയുടെ കാലഘട്ടത്തിൽ, തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്ററിൽ കുട്ടികളുടെ വിഭാഗം പൂർണ്ണമായി പണിതു നൽകിയെന്നത് ഫോമയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണ്.

2016-18 കാലഘട്ടത്തിൽ ബെന്നി വാച്ചാച്ചിറയുടെയും ടീമിൻ്റെയും നേതൃത്വത്തിൽ  ഓഖി ദുരന്ത നിവാരണത്തിന് സഹായഹസ്തം നീട്ടി, ഒപ്പം ഫോമാ വുമൺസ് ഫോറം എന്ന  പോഷക സംഘടന, ഡോ: സാറാ ഈശോയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി ആരംഭിച്ചു.

2018-20-ൽ ഫിലിപ്പ് ചാമത്തിലിൻ്റെയും ടീമിൻ്റെയും നേതൃത്വത്തിൽ  പ്രളയ കെടുതിയിൽ മുങ്ങിയ കേരളത്തെ വീടുകൾ വെച്ചു നൽകിയും, ഭക്ഷ്യ കിറ്റുകൾ നൽകിയും കൈ പിടിച്ചുയർത്തി. 40-ൽ അധികം വീടുകൾ  പണിതു  നൽകി.

നടപ്പു വർഷമായ 2020-22-ൽ അനിയൻ ജോർജും ടീമും ഇതു വരെ കോവിഡു കാലത്തെ നേരിടുന്ന പ്രവർത്തി ശ്ലാഘനീയമായി തുടരുകയാണ്.  

ഇപ്പോഴത്തെ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പദ്ധതി അടിപൊളിയാണ്. ചുരുക്കം ചിലരില്‍ നിന്ന് സ്ഥിരമായി തുക വാങ്ങുന്നതിനു പകരം ചെറിയ തുക പലരില്‍ നിന്നായി സമാഹരിക്കുക എന്നത് വലിയ കാര്യമാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ നാട്ടില്‍ മാത്രം പോര ഇവിടെയും വേണമെന്നതാണ് വരേണ്ട മാറ്റം

മികച്ച ടീമാണ് തന്നോടൊപ്പം മത്സരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി  ജെയിംസ് ഇല്ലിക്കൽ സംഘടനയിലും പുറത്തും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. വോളിബോള്‍ ടൂര്‍ണമെന്റ് സംഘാടകനും സമുദായ നേതാവുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലയ്ക്കലോടിക്ക് എല്ലാ തലത്തിലും നല്ല ബന്ധങ്ങളുണ്ട്. മികച്ച സംഘാടകനും പ്രാസംഗികനുമാണ്. ട്രഷറര്‍ സ്ഥാനാര്‍ഥി ജോഫ്രിന്‍ ജോസ് നേരത്തെ ജോയിന്റ് ട്രഷററായി കഴിവു തെളിയിച്ചു. ബിസിനസ് രംഗത്ത് വിജയം നേടിയ വ്യക്തിയുമാണ്. ജോ. സെക്രട്ടറി സ്ഥാനാര്‍ഥി ബിജു ചാക്കോ ഇപ്പോള്‍ ഹെൽപ്പിംഗ് ഹാൻഡ്സ് നാഷണൽ സെക്രട്ടറിയായി മികച്ച പ്രകടനം നടത്തുന്നു. മികച്ച സംഘാടകനും  അമേരിക്കയിലുടനീളം സുപരിചിതനുമാണ്. ജോ. ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബബ് ലു ചാക്കോയും നാഷ്‌വില്ലില്‍ ബിസിനസുകാരനാണ്. ഫിനാൻസ് മേഖലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രണ്ടു തവണ ഫോമ അഡ്വൈസറി ബോർഡിൽ പ്രവർത്തിച്ച പരിചയവും ഉണ്ട്.

പാനല്‍ തന്നെ വിജയിക്കുന്നതാണ് നല്ലത്. പിന്നീടൊരു അലോസരത്തിനു സാധ്യതയുണ്ടാവില്ല. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നു പറയുന്നതാണിത്.

എങ്കിലും ആളുകള്‍ പാനല്‍ മാത്രം നോക്കിയല്ല ഇപ്പോള്‍ വോട്ട് ചെയ്യുന്നത്. മുന്‍കാല പ്രവര്‍ത്തനം വിലയിരുത്തിയാണ് പിന്തുണ നല്‍കുന്നത്. സംഘടനയില്‍ പടിപടിയായി ഉയര്‍ന്നുവരികയാണ് വേണ്ടത്. എങ്ങുനിന്നോ കെട്ടിയിറക്കിയാല്‍ അത് ഏച്ചുകെട്ടിയ പോലിരിക്കും.

ചില പുതിയ ആശയങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഒരു ഏകദിന കണ്ടവന്‍ഷനാണ് ഒന്ന്. ഇത് പ്രധാന കണ്‍വന്‍ഷനോടൊപ്പമല്ല.

യുവജനങ്ങള്‍ക്കായി 'നമ്മുടെ വേരുകളെ അറിയുക' പദ്ധതിയാണ് മറ്റൊന്ന്. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുത്തില്ലെങ്കില്‍ അവരെങ്ങനെയാണ് അറിയുക?

അതുപോലെ നേരത്തെ വിജയകരമായി നടത്തിയ യംഗ് പ്രൊഫഷണല്‍ സമ്മിറ്റ്, പ്രവാസി പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി എന്നിവയൊക്കെ തിരിച്ചുകൊണ്ടുവരാന്‍ താത്പര്യമുണ്ട്. പ്രവാസികളുടെ സ്വത്തു വകകളിൽ കടന്നു കയറ്റം ഒരു പാട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ നാഷണല്‍ യൂത്ത് ഫെസ്റ്റിവലും വീണ്ടും തുടങ്ങാന്‍ താത്പര്യമുണ്ട്. 12 റീജിയനുകളില്‍ കലാ-കായിക മത്സരങ്ങള്‍ നടത്തി നാഷണല്‍ തലത്തില്‍ മത്സരം എന്നത് യുവജനതയെ ആകര്‍ഷിക്കും.

കണ്‍വന്‍ഷന് ചാര്‍ജ് കുറയ്‌ക്കേണ്ടത് ആവശ്യമെന്ന് വിനോദ് കരുതുന്നു. ചാര്‍ജ് കൂടുമ്പോള്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറയും.

നേതൃത്വത്തിന്റെ പ്രതിഛായ മാറണം. അതുപോലെ ആശയ വിനിമയം ശക്തിപ്പെടുത്തണം. ഇവയൊക്കെയാണ് ലക്ഷ്യം.

കോവിഡ് തുടങ്ങിയ കാലത്ത് തന്നെ അത് കടുത്ത രീതിയില്‍ വിനോദിനെ ബാധിക്കുകയുണ്ടായി. മരുന്ന് ഒന്നുമില്ലാതിരുന്ന ആ കാലത്ത് ബ്ലഡിലെ ഓക്‌സിജന്‍ കുറയുകയും പ്രാണവായുവിനുവേണ്ടി പിടയുകയും ചെയ്തത് ഓര്‍മ്മയിലുണ്ട്. വല്ലവിധേനയും രക്ഷപെട്ടുവെന്നു പറഞ്ഞാല്‍ മതി.

ഇപ്പോള്‍ ഒമിക്രോണ്‍ ശക്തിപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ അത്ര തിരക്കില്ല. ഈ മഹാമാരി നമ്മള്‍ കടന്നുപോകും എന്നുതന്നെയാണ് ഉറച്ച വിശ്വാസം.

2008-ല്‍ അമേരിക്കയിലെത്തിയ വിനോദ് മിഷിഗണ്‍ മലയാളി അസോസിയേഷന്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ എന്നിവയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫോമയില്‍ ന്യൂസ് ടീം ചെയറായിരുന്നു. പിന്നീട് നാഷണല്‍ കമ്മിറ്റി അംഗവും, നാഷണൽ ജോയിന്റ് സെക്രട്ടറിയുമായി. തുടര്‍ന്ന് ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനവുമായി സഹകരിച്ചു. മലയാളി ഫിസിയോതെറാപ്പിസ്റ്റുകളുടെ സംഘടന രൂപീകരിച്ചു. അതിന്റെ പ്രസിഡന്റാണ്.

 

നിരീക്ഷകൻ 2022-01-31 15:24:18
മികച്ച നിരീക്ഷണം. മുൻപ് ജോയിന്റ് സെക്രട്ടറി എന്ന സ്ഥാനത്തുനിന്നും സെക്രട്ടറി എന്ന പദവിയിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ വാക്കുകളിലും വീക്ഷണത്തിലും തികഞ്ഞ പക്വത. എല്ലാ ആശംസകളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക