Image

നമ്മൾ മറന്നുപോയ ഗായിക-  ആരോടും പരിഭവമില്ലാതെ...  (വിജയ് സി. എച്ച്) 

Published on 10 February, 2022
നമ്മൾ മറന്നുപോയ ഗായിക-  ആരോടും പരിഭവമില്ലാതെ...  (വിജയ് സി. എച്ച്) 

മലയാള ചലച്ചിത്രത്തിൽ പാട്ടിൻ്റെ ആരംഭം എങ്ങനെയായിരുന്നെന്നു നമ്മോടു പറയാൻ ഇന്ന് ഒരാളേ ജീവിച്ചിരിപ്പുള്ളൂ -- പിന്നണി ഗാനങ്ങളുമായെത്തിയ പ്രഥമ മലയാള പടത്തിൽ മൂന്നെണ്ണം പാടിയ വിമല ബി. വർമ്മ. 


ആദ്യ ഗാനചിത്രത്തിൽ ഏഴു പേർ പാടിയിട്ടുണ്ടെങ്കിലും, മലയാളത്തിലെ പ്രഥമ പിന്നണി ഗായികയെന്ന പദവി സംഗീതലോകം വിമലാജിയ്ക്കാണ് നൽകിയിരിക്കുന്നത്. ആലാപന സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി എന്നതായിരുന്നു പരിഗണന. 
1948-ൽ സിനിമാ ശാലകളിലെത്തിയ 'നിർമ്മല'യിൽ 15 ഗാനങ്ങളുണ്ടായിരുന്നു. ഇവയിൽ അഞ്ചെണ്ണം ആലപിച്ച പി.ലീല ഉൾപ്പെടെയുള്ളവരെല്ലാം കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു. ഗാന രചയിതാവ് മഹാകവി ജി.ശങ്കരക്കുറുപ്പും, സംഗീത സംവിധാനം നിർവ്വഹിച്ച ഇ.ഐ.വാര്യരും, പി.എസ്.ദിവാകറും, 'നിർമ്മല'യുടെ തിരക്കഥ എഴുതിയ പുത്തേഴത്ത് രാമമേനോനും, സംവിധായകൻ പി.വി.കൃഷ്ണയ്യരും, ഛായാഗ്രാഹകൻ ജെ.ജി.വിജയവും, ചിത്രസംയോജകൻ ബാലുവും, നിർമ്മാതാവ് പി.ജെ.ചെറിയാനും ഇന്നില്ല. 

"മൂന്നു പാട്ടുകൾ പാടിയതു കൂടാതെ, 'നിർമ്മല'യിലെ രണ്ടു കഥാപാത്രങ്ങൾക്കും ഞാൻ ജീവൻ നൽകി. പിന്നണിയിലും മുന്നണിയിലുമായി ഈ ചലച്ചിത്രത്തോട് ബന്ധപ്പെട്ട മറ്റൊരാളും ഇന്ന് നമുക്കൊപ്പമില്ല. എനിയ്ക്കും വയസ്സ് 85-ആയി; 1936, ഒക്ടോബർ 21-നാണ് ഞാൻ ജനിച്ചത്," വിമലാജിയുടെ ശബ്ദത്തിൽ പ്രകടമായ നിസ്സംഗത. 


🟥 നാലാമത്തെ ശബ്ദചിത്രം, ഒന്നാമത്തെ ഗാനചിത്രം 
മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമാണ് (talkie) 'നിർമ്മല'. നമ്മുടെ ഭാഷയിലെ ആദ്യ ശബ്ദചിത്രം, 1938-ൽ, ടി.ആർ. സുന്ദരം നിർമ്മിച്ച, 'ബാലനാ'ണ്. തുടർന്ന് 'ജ്ഞാനാംബിക'യും, പ്രഹ്ളാദ'യുമെത്തി. ഇവയ്ക്കു മുന്നെ ഇറങ്ങിയ 'വിഗതകുമാരനും' (1928), 'മാർത്താണ്ഡവർമ്മ'യും (1933) നിശ്ശബ്ദ (silent) പടങ്ങളായിരുന്നു. 
ആദ്യമായി ഒരു മലയാളി നിർമ്മിച്ച സിനിമയും കൂടിയാണ് 'നിർമ്മല'. സ്വാഭാവികമായും ഇതിൻ്റെ അണിയറ ശിൽപികളും സംസ്ഥാനത്തുള്ളവർ തന്നെയായിരുന്നു. ജി.ശങ്കരക്കുറുപ്പ് ഗാനങ്ങളെഴുതിയ ഏക ചലച്ചിത്രവുമാണ് 'നിർമ്മല'. സിനിമ സംസാരിക്കാൻ തുടങ്ങിയതിനോട് ബന്ധപ്പെട്ട സാങ്കേതികമായ ബുദ്ധിമുട്ടുകൾ പൂർണ്ണമായും പരിഹരിക്കുന്നതിനു മുന്നെത്തന്നെ പിന്നണി ഗാനങ്ങളും സിനിമയിൽ നിവേശിപ്പിച്ചതാണ് 'നിർമ്മല'യുടെ നിർമ്മാണം ഏറെ ക്ലേശകരമാക്കിത്തീർത്തത്. യഥാർഥത്തിൽ, പിന്നണിഗാനങ്ങളുമായി ബന്ധപ്പെട്ട കുഴപ്പങ്ങൾ സിനിമയുടെ പൂർത്തീകരണത്തിനു തന്നെ കാലതാമസം വരുത്തി. ഗാനങ്ങളുടെ ദൃശ്യവൽക്കരണം അതുവരെ അറിയാത്തൊരു മേഖലയുമായിരുന്നല്ലൊ. മുൻകൂട്ടി രേഖപ്പെടുത്തിവച്ച ഗാനങ്ങൾ, പിന്നീടാണ് ബന്ധപ്പെട്ട ദൃശ്യങ്ങൾക്കൊപ്പം സൗണ്ട് ട്രേക്കിൽ ചേർക്കുന്നത്. എന്നാൽ, സംഭാഷണവും അഭിനയവും ഒരുമിച്ചാണ് അഭ്രപാളിയിലേക്ക് പകർത്തിയിരുന്നത്.

🟥 ഐസൊലേഷൻ ബൂത്ത് ഇല്ലാത്ത കാലം 
ഇന്നത്തെ പോലെ, കട്ടികൂടിയ എക്രിലിക് ചില്ലു കൊണ്ടു ശ്രവണ കവചിതമായ (Acoustic Isolation) കൊച്ചു ബൂത്തിൽ വച്ചായിരുന്നില്ല അക്കാലത്തെ പാട്ട് റെക്കോർഡിംങ്. ഇടയിൽ ഫോം നിറച്ച ഡബ്ൾ വാളും, ബാറ്റൻ ഇൻസുലേഷനും, ബാസ്സ് ട്രേപ്പുകളും മറ്റും ആരും കേട്ടിട്ടേയുണ്ടായിരുന്നില്ല. തന്മയത്വമുള്ള ശബ്‌ദലേഖനത്തിന്, എക്വസ്റ്റിക്കലി ഡെഡ് ആയ ചെറിയ സ്റ്റുഡിയോ മുറികളേക്കാൾ, എക്വസ്റ്റിക്കലി ലൈവ് ആയ വലിയ കെട്ടിടമാണ് അക്കാലങ്ങളിൽ പ്രാബല്യത്തിലുണ്ടായിരുന്നത്. ശബ്‌ദലേഖനത്തിൽ സ്വാഭാവികമായെത്തുന്ന പ്രതിധ്വനികൾ കൂടുതൽ ആസ്വാദ്യകരമാണ് എന്നായിരുന്നു അന്നത്തെ ധാരണ. ഒരു സിനിമാ പ്രദർശന ശാലയുടെ അത്രയും വലിയ ഒരു ഹാളിൽ വച്ചാണ് റെക്കാർഡിംങ്. പാടുന്ന ആൾ ഹാളിൻ്റെ ഒരു മൂലയിൽ നിൽക്കും. നേരെ മേൽഭാഗത്ത് പൊക്കത്തിൽ ഒരു മുട്ടൻ മൈക്ക് കെട്ടിതൂക്കിയിടും. ഹാളിൻ്റെ മറ്റൊരു മൂലയിലാണ് ഓർക്കസ്ട്രക്കാരുടെ സ്ഥാനം. വീണയും, വയലിനും, തംബുരുവും, തബലയും, ഹാർമോണിയവും, പിയാനോയും, ഡ്രമ്മും, ബേൻഡും, സേക്സഫോണുമെല്ലാം അവിടെയുണ്ടാകും. അവർക്കുള്ള മൈക്ക് വേറെ തരത്തിലുള്ളതാണ്. അതും ഉയരത്ത് കെട്ടിത്തൂക്കും. ഓർക്കസ്ട്രക്കാരുടെ അടുത്തായി റെക്കോർഡിങ് എക്യുപ്മെൻ്റ് സ്ഥാപിച്ചിട്ടുണ്ടാകും. എല്ലാ കേബിളുകളും അതിലോട്ട് പോകുന്നു. 

🟥 വിനിമയം 'കോഷൻ' വഴി 
വലിയ റെക്കോർഡിങ് ഹാളിനുള്ളിൽ പാടുന്നവരും ഓർക്കസ്ട്രക്കാരും തമ്മിൽ വിവരങ്ങൾ കൈമാറിയിരുന്നത് 'കോഷൻ' മുഖേനെയായിരുന്നു. സംഗീത സംവിധായകൻ ഓർക്കസ്ട്രയോടൊപ്പം; അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് പാട്ടുകാരുടെ കൂടെ. മ്യൂസിക് ബിറ്റ് കഴിഞ്ഞയുടനെ സംവിധായകൻ കൈ ഉയർത്തും. ശ്രദ്ധയോടെ നിൽക്കുന്ന അസിസ്റ്റൻ്റ് , തൽക്ഷണം ഗായകരോട് പാടാൻ ആംഗ്യം കാണിക്കും. സോംഗ് ബിറ്റ് കഴിഞ്ഞയുടനെ അസിസ്റ്റൻ്റ് കയ്യുയർത്തി വിവരം അറിയിക്കും. ഓർക്കസ്ട്രക്കാർ ഉടനെത്തന്നെ വോക്കലിനോടൊപ്പമുള്ള സംഗീതം നിർത്തി, അടുത്ത മ്യൂസിക് ബിറ്റ് തുടങ്ങും. ഞങ്ങൾ അടുത്ത സോംഗ് ബിറ്റിനായി ശ്വാസമടക്കി നോക്കിയിരിക്കും. ഒരു നിമിഷം പോലും വൈകാതെയാണ് എല്ലാം നടക്കുന്നത്. അനേകം റിഹേഴ്സലുകൾ നടന്നിട്ടുള്ളതിനാൽ തപ്പിത്തടയൽ ഒട്ടുമില്ലാതെ എല്ലാം അരങ്ങേറുന്നു. 


🟥 സേലത്തു വച്ച് റെക്കോർഡിംങ് 
തമിഴ് നാട്ടിലെ സേലമാണ് അക്കാലങ്ങളിൽ തെന്നിന്ത്യയിലെ വലിയ സിനിമാ നിർമ്മാണ കേന്ദ്രം. 'ബാലൻ' തൊട്ടുള്ള പല മലയാള ശബ്ദചിത്രങ്ങളും നിർമ്മിച്ചത് സേലത്തുള്ള മോഡേൺ തിയേറ്റേർസിലാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് 'നിർമ്മല'യിൽ പാടിയത്. ഓണപ്പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത്, മ്യൂസിക് ടീച്ചറുടെ കൂടെ ഞാനും ചേച്ചിയും സേലത്തു പോയി താമസിച്ചു. മൂത്ത സഹോദരൻ കൂടെ വന്നു. രാവിലെ ഇരുന്ന് വരികൾ മനഃപാഠമാക്കും. ഉച്ചയ്ക്കു ശേഷം ഹാളിൽ കൊണ്ടുപോയി ആലാപന പരിശീലനം. മുപ്പത്തിനാല് വരികളുള്ള ഗാനമാണ്. ഇന്നത്തെ സിനിമാഗാനങ്ങൾക്ക് ഇതിൻ്റെ പകുതി വരികൾ പോലും കാണുമോ? സംഗീത സംവിധായകനായ വാര്യർ സാറിനോടാണ് എല്ലാ സംശയങ്ങളും ചോദിച്ചിരുന്നത്. ഗാനമെഴുതിയ ശങ്കരക്കുറുപ്പിനെ നേരിൽ കണ്ടിട്ടില്ല. നിരവധി റിഹേഴ്സലുകൾക്കു ശേഷം, മോഹന രാഗത്തിലുള്ള 'ഏട്ടൻ വരുന്ന ദിനമേ...' എന്നു തുടങ്ങുന്ന സോളോ ഗാനം റെക്കോർഡ് ചെയ്തു. മഹാകവി എഴുതിയ വരികളായിരുന്നതിനാൽ, വളരെ ശ്രദ്ധയോടുകൂടിയാണ് സംഗീതവും ആലാപനവുമെല്ലാം കൈകാര്യം ചെയ്തത്. പി.ലീലയുമൊത്തൊരു പാട്ടും, പിന്നെ ടീച്ചറുമൊത്തൊരു ഭക്തിഗാനവും കൂടി എനിയ്ക്കുണ്ടായിരുന്നു. എല്ലാ പാട്ടുകളും റെക്കോർഡ് ചെയ്ത് അവസാനിപ്പിക്കാൻ ഏകദേശം ഒരു കൊല്ലമെടുത്തു. മിക്സിങ് കൺസോളും, സൗണ്ട് സിന്തസൈസറുമൊന്നും ഇല്ലാത്ത കാലമായിരുന്നില്ലേ? ഒരു പദത്തിൻ്റെ ഉച്ചാരണത്തിൽ അൽപം പിഴവ് വന്നാൽ പോലും, മൊത്തം പാട്ട് ആദ്യം മുതൽ പാടണം! 


🟥 'ചന്തമുള്ള കുട്ടി', അഭിനയിക്കണം! 
മ്യൂസിക് ടീച്ചറായിരുന്ന സരോജിനി മേനോൻ്റെ കർണ്ണാടക സംഗീത ക്ലാസ്സുകളിൽ ആലാപനത്തിനൊത്ത മുഖഭാവങ്ങളോടെയാണ് ഞാൻ പാടിയിരുന്നത്. അതിനാൽ ആ ചുറുചുറുക്ക് സിനിമയ്ക്കു വേണ്ടി പാടുമ്പോഴും ഉണ്ടായിരുന്നു. റിഹേർസലുകൾ ശ്രദ്ധിക്കാറുണ്ടായിരുന്ന പടത്തിൻ്റെ പ്രൊഡ്യൂസറും ഡയറക്ടറും, മൂത്ത സഹോദരനോട് പറഞ്ഞു, "ചന്തമുള്ള കുട്ടി, നല്ല ഭാവങ്ങളോടെ പാടുന്നു, അവൾ ഈ പടത്തിൽ അഭിനയിക്കുകയും വേണം." സഹോദരൻ അച്ഛനോട് സംസാരിച്ചതിനു ശേഷം സമ്മതം അറിയിച്ചു. നായികയുടെ (നിർമ്മല) അനിയത്തിക്കു വേണ്ടിയാണ് ഞാൻ ഗാനം ആലപിച്ചത്. ആ റോളിൽ തന്നെയാണ് എന്നോട് അഭിനയിക്കാൻ ആവശ്യപ്പെട്ടത്. നേവിയിൽ ജോലിയുള്ള ജ്യേഷ്ഠൻ ലീവിന് വരുമ്പോൾ തനിയ്ക്ക് കളിപ്പാട്ടങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞനിയത്തിയുടെ റോൾ (വിമല). കഥ പകുതിയാകുമ്പോൾ വിമല ടൈഫോയ്ഡ് ബാധിച്ചു മരിക്കുന്നു. അതിനാൽ സിനിമയുടെ രണ്ടാം പകുതിയിൽ മറ്റൊരു കുട്ടിയായും (ലളിത) അഭിനയിച്ചു. ഇതാണ് മലയാള സിനിമയിലെ ആദ്യത്തെ ഡബ്ൾ റോൾ.  


🟥 തുച്ഛമായ പ്രതിഫലം 
ഒരു പാട്ടിന് നൂറു രൂപ പ്രകാരം, മൂന്ന് ഗാനങ്ങൾ ആലപിച്ചതിന് മുന്നൂറു രൂപ പ്രതിഫലം ലഭിച്ചു. അഭിനയിച്ചതിനാണ് കൂടുതൽ കാശ് കിട്ടിയത്. ഒരു റോളിന് 1,500 രൂപ വീതം തന്നു. താമസ സൗകര്യം നിർമ്മാതാക്കളാണ് ഏർപ്പാടാക്കിയത്. എല്ലാ വിധത്തിലുള്ള യാത്രാ ചിലവുകളും അവർ വഹിച്ചു.  ആറാം ക്ലാസ്സിലെ പഠിപ്പ് നഷ്ടപ്പെട്ടതിനും, അതിനാൽ ഏഴാം ക്ലാസ്സിൽ പ്രൈവെറ്റായി പഠിച്ച് പരീക്ഷ എഴുതി വിദ്യാഭ്യാസം തുടരേണ്ടിവന്നതിനുമൊക്കെ ഇത്ര പ്രതിഫലം മതിയായിരുന്നോയെന്ന് എനിക്കറിയില്ല. 


🟥 നിലയ്ക്കാത്ത അഭിനന്ദനങ്ങൾ 
'നിർമ്മല' എറണാകുളത്തെ മേനകയും, തൃപ്പൂണിത്തുറയിലെ ഹിന്ദുസ്ഥാൻ തിയേറ്ററും ഉൾപ്പെടെയുള്ള ഒട്ടനവധി കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തി. പോകുന്നിടത്തൊക്കെ ആൾക്കാർ ചുറ്റുംകൂടും. നിലയ്ക്കാത്ത അഭിനന്ദനങ്ങളായിരുന്നു. മേനകയിൽ, സിനിമ പാതി വഴിയിൽ നിർത്തിയാണ് അനുമോദന പരിപാടി നടത്തിയത്. ഗോൾഡ് മെഡൽ കൂടാതെ നിരവധി സമ്മാനങ്ങളുമുണ്ടായിരുന്നു. ഞാൻ 'നിർമ്മല' കണ്ടത് ഹിന്ദുസ്ഥാനിലാണ്. പ്രേക്ഷകർ നോക്കിയിരുന്നത് സ്ക്രീനിലേയ്ക്കായിരുന്നില്ല, ഞാനിരിക്കുന്ന ഭാഗത്തേക്കായിരുന്നു! 


🟥 ഒരു പാട്ട് പാടാമോ, ചേച്ചീ?  
 കല്യാണിക്കുട്ടിയുടെ (ഓഗസ്റ്റ് മാസത്തിൽ അന്തരിച്ച പ്രശസ്ത ഗായിക കല്യാണി മേനോൻ) ഓർമ്മകൾ എന്നെ തളർത്തുന്നു. അഞ്ചു വയസ്സ് കൂടുതൽ എനിയ്ക്കാണെങ്കിലും, അവളാണ് ആദ്യം യാത്രയായത്. എൻ്റെ ഒരു ബന്ധുവിൻ്റെ കൂടെയാണ് അവൾ സംഗീതം പഠിച്ചിരുന്നത്. ഞാൻ സിനിമയിൽ പാടിയ വിവരമറിഞ്ഞ് കല്യാണിക്കുട്ടി ബന്ധുവിൻ്റെ കൂടെ പതിവായി എന്നെ കാണാൻ വരുമായിരുന്നു. എത്തിയാലുടനെ ചോദിക്കും, 'ഒരു പാട്ട് പാടാമോ, ചേച്ചീ'യെന്ന്. ഞാൻ സന്തോഷത്തോടെ അവൾക്കുവേണ്ടി പാടിക്കൊടുക്കും. അതെല്ലാം ഇന്ന് വേദനിപ്പിക്കുന്ന സ്മരണകളാണ്. 


🟥 ഗോത്രം ചലച്ചിത്രത്തിന് എതിര് 
'നിർമ്മല'യുടെ വൻ വിജയത്തെ തുടർന്ന് പാടാനും അഭിനയിക്കാനും ധാരാളം അവസരങ്ങൾ വന്നുകൊണ്ടേയിരുന്നെങ്കിലും, സിനിമയെക്കുറിച്ച് ഞങ്ങളുടെ ഗോത്രത്തിന് മതിപ്പ് ഇല്ലാത്തതിനാൽ ഓരോന്നോരോന്നായി ഉപേക്ഷിക്കേണ്ടി വന്നു. കൊച്ചി രാജകുടുംബവുമായി ചേർന്നുകിടക്കുന്നതാണ് ഞങ്ങളുടെ താവഴി. സിനിമാ രീതിയിലുള്ള ആലാപനവും, തൊട്ടഭിനയവുമെല്ലാം അസ്വീകാര്യമായിരുന്നു. അച്ഛനും മൂത്ത ഏട്ടനും വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നില്ല. അപ്പോഴേക്ക് ഞാൻ മുതിർന്ന് സാരിയും ബ്ലൗസുമൊക്കെ ധരിക്കാനും തുടങ്ങിയിരുന്നു. സിനിമാ ഇടപാടുകളെല്ലാം വിമർശിക്കപ്പെട്ടു. കാലം അതായിരുന്നില്ലേ? സിനിമക്ക് പകരം കീർത്തനങ്ങളും, ശാസ്ത്രീയ സംഗീതവും, ലളിതഗാനങ്ങളുമായിരുന്നു ക്ഷത്രിയ സ്ത്രീകൾക്ക് ഹിതകരമായ കലാശാഖകൾ. 


🟥 സംഗീതത്തെ ഉപാസിച്ചു 
സിനിമാ മോഹങ്ങൾ ഉപേക്ഷിച്ച് ഞാൻ സംഗീതം കൂടുതൽ പഠിക്കാനും, പിന്നീട് അവ അവതരിപ്പിക്കാനും തുടങ്ങി. 1955 മുതൽ കോഴിക്കോട് ആകാശവാണി തുടർച്ചയായി എൻ്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. റേഡിയോ ആയിരുന്നല്ലൊ അക്കാലത്തെ ജനപ്രിയ മാധ്യമം. എന്നെ പ്രധാന ഗായികയാക്കി നിരവധി മ്യൂസിക്കൽ ഫീച്ചറുകൾ നിർമ്മിക്കപ്പെട്ടു. മികച്ച സംഗീതജ്ഞർ ചേർത്തല ഗോപാലൻ നായർ, കെ.രാഘവൻ മാഷ്, ബി.എ. ചിദംബരനാഥ് മുതലായവരുടെ കീഴിലായിരുന്നു പരിപാടികൾ. 


🟥 റേഡിയോ നിലയത്തിൽ ജോലി 
1962-ൽ ആകാശവാണി എന്നെ അനൗൺസറായി നിയമിച്ചു. കോഴിക്കോട് നിലയത്തിലും, തൃശ്ശൂർ നിലയത്തിലും ജോലി ചെയ്തു. ശാസ്ത്രീയ സംഗീത പരിപാടികളും, കീർത്തനങ്ങളും, ലളിതഗാന ആലാപനങ്ങളും തുടരുകയും ചെയ്തു. 1993-ൽ VRS എടുത്തു. സിനിമയിൽ തുടർന്നിരുന്നെങ്കിൽ, കൂടുതൽ ആൾക്കാർ എന്നെ അറിയുമായിരുന്നില്ലേയെന്ന ഒരു വേവലാതി ഇടയ്ക്ക് ചിന്തയിൽ എത്താറുണ്ട്. കേരളത്തിലെ സഹൃദയർ അറിയുമോ മലയാളത്തിലെ പ്രഥമ പിന്നണി ഗായികയെ? 


🟥 യേശുദാസിനെ നേരിൽ കണ്ടിട്ടേയില്ല  
യേശുദാസ് ആദ്യ പിന്നണി ഗാനം പാടിയത് 1961-ലാണ്. ഞാൻ പാടിയതിൻ്റെ പത്തുപതിമൂന്നു വർഷങ്ങൾക്ക് ശേഷം. സുശീലയും ജാനകിയും മറ്റും വേറെ ഭാഷകളിൽനിന്ന് മലയാളത്തിൽ എത്തിയവരാണ്. യേശുദാസ് പാടിയതിൻ്റെ ഒന്നോ രണ്ടോ വർഷം മുന്നെ മാത്രമാണ് അവർ മലയാളത്തിൽ പാടാൻ തുടങ്ങിയത്;  ജാനകി 1957-ലും, സുശീല 1960-ലും. ഞാൻ കുഞ്ഞുംനാളിലേ പാടിയല്ലൊ. അന്നൊന്നും ഞാൻ യേശുദാസിൻ്റെ പേര് കേട്ടിട്ടേയില്ല. കല്യാണിക്കുട്ടിയാണ് ആദ്യമായി എന്നോട് യേശുദാസിനെക്കുറിച്ച് പറഞ്ഞത്; അവൾ യേശുദാസുമൊത്ത് ഡ്യൂവെറ്റ് പാടുന്നുണ്ടെന്ന് പറഞ്ഞതിനോടൊപ്പം. നിർഭാഗ്യവശാൽ ഞാൻ യേശുദാസിനെ ഇതുവരെ നേരിൽ കണ്ടിട്ടേയില്ല. അദ്ദേഹത്തെ മാത്രമല്ല, ചിത്രയേയും, സുശീലയേയും കണ്ടിട്ടില്ല. പി.ജയചന്ദ്രൻ ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട്;  ജാനകിയെ ഒരു പരിപാടിയിൽ വച്ച് കണ്ടു. 


🟥 കുടുംബ പശ്ചാത്തലം 
ഞാൻ തൃപ്പൂണിത്തുറ അഞ്ചേരി മഠത്തിലെ അംഗമാണ്. കാവുക്കുട്ടി നമ്പിഷ്ടാതിരിയും, സുബ്ബരായൻ ഇമ്പ്രാന്തിരിയും മാതാപിതാക്കൾ. മാതാവ് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ കുടുംബത്തിലെയാണ്. പ്രശസ്ത ചിത്രകാരനായിരുന്ന പി.കെ.രാമവർമ്മ തിരുമുൽപ്പാടിൻ്റെ പുത്രൻ, ഭരത വർമ്മ എൻ്റെ ഭർത്താവ്. അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയർ ആയിരുന്നു. എൻ്റെ 29-ആം വയസ്സിൽ ഭരത വർമ്മ മരിച്ചു. ഞങ്ങൾക്ക് രണ്ട് പെൺമക്കളാണ്; കൃഷ്ണയും അരുണയും. അവരുടെ മക്കൾക്കും മക്കളായി. നാലാം തലമുറയിൽ ആറുപേരുണ്ട്. 

നമ്മൾ മറന്നുപോയ ഗായിക-  ആരോടും പരിഭവമില്ലാതെ...  (വിജയ് സി. എച്ച്) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക