Image

മൊയ്ദീനും കാഞ്ചനമാലയും: പ്രണയത്തിൻ്റെ ജീവിയ്ക്കുന്ന പ്രതീകം (പ്രണയ ദിനം നാളെ- വിജയ് സി. എച്ച്)

Published on 13 February, 2022
മൊയ്ദീനും കാഞ്ചനമാലയും: പ്രണയത്തിൻ്റെ ജീവിയ്ക്കുന്ന പ്രതീകം (പ്രണയ ദിനം നാളെ- വിജയ് സി. എച്ച്)

പത്‌നിയെ സ്മരിക്കാൻ താജ്മഹൽ പണിയിച്ച ഷാജഹാനേക്കാൾ കമിതാൾക്കിഷ്ടം, ഒരു പക്ഷെ പ്രിയപ്പെട്ടവൻറെ ജീവൻ അപഹരിച്ച നദിയിലെ ജലമത്രയും കുടിച്ചുവറ്റിക്കണമെന്ന് മുറവിളികൂട്ടി ഇരുവഴിഞ്ഞിപ്പുഴയിലേക്കോടിയ കാഞ്ചനമാലയെ ആയിരിയ്ക്കും. ഇരുപതിനായിരം ജോലിക്കാർ ഇരുപതു വർഷംകൊണ്ടു തീർത്ത ആ വെണ്ണക്കൽ സൗധത്തേക്കാൾ സൗന്ദര്യം അവർ കാണുക, ഇരുപത്തഞ്ച് വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടും, തൻറെ പ്രിയപ്പെട്ടവൻറെ കൂടെ മാത്രമേ തനിക്ക് ജീവിതമുള്ളൂവെന്ന് ആവർത്തിച്ച കാഞ്ചനമാലയുടെ തീവ്രവും നിഷ്‌കളങ്കവുമായ പ്രണയത്തിലല്ലേ? 


റ്റിബേറിയ് ക്ലോഡിയസ് റോമാ സാമ്രാജ്യത്തിൻ്റെ അധിപനായിരുന്ന കാലത്ത് (10 BC--54 AD), സെൻ്റ് വാലൻ്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. വിവാഹിതരായാൽ പുരുഷന്മാർക്ക് പത്നിയെ പറ്റിയാണ് ചിന്തയെന്നും, യുദ്ധത്തിൽ താൽപര്യം കുറയുന്നെന്നും നിരീക്ഷിച്ച ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, പ്രണയിയ്ക്കുന്നവരുടെ വികാരം ഉൾക്കൊണ്ടുകൊണ്ട്, സെൻ്റ് വാലൻ്റൈൻ രഹസ്യമായി അവരുടെ വിവാഹങ്ങൾ  നടത്തിക്കൊടുത്തിരുന്നു. ഈ വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി സെൻ്റ് വാലൻ്റൈനിനെ തുറുങ്കിലടച്ചു. തടവു കാലത്ത്, ജയിലറുടെ അന്ധയായ മകളുമായി വാലൻ്റൈൻ പ്രണയത്തിലായി. കാണാൻ കഴിയില്ലെങ്കിലും ബിഷപ്പിൻ്റെ അനുരാഗ തീവ്രത അനുഭവിച്ചറിഞ്ഞ ആ പെൺകുട്ടിയ്ക്ക് ക്രമേണ കാഴ്ചശക്തി ലഭിച്ചു തുടങ്ങി. കഥയെല്ലാം അറിഞ്ഞ ചക്രവർത്തി, വാലൻ്റൈനിന് വധശിക്ഷ വിധിച്ചു. തലവെട്ടാൻ കൊണ്ടു പോകുന്നതിനു മുമ്പ്, 'ഫ്രം യുവർ വാലൻ്റൈൻ' എന്നു രേഖപ്പെടുത്തിയ ഒരു കുറിപ്പ് തൻ്റെ പ്രിയപ്പെട്ടവൾക്ക് ആ കാമുകൻ തയ്യാറാക്കി വെച്ചിരുന്നു. തുടർന്നെത്തിയ കാലത്ത് ഉള്ളിൽ പ്രണയ വികാരമുള്ളവരെല്ലാം ഫെബ്രുവരി-14 വാലൻ്റൈൻ്റെ ഓർമ്മയ്ക്കായി ആ‍ഘോഷിക്കാൻ തുടങ്ങി. പ്രണയ ദിനത്തിൻ്റെ യൂറോപ്പിലെ ചരിത്രമിതാണ്.  
നമ്മുടെ നാട്ടിലോ? ഒരു 'അവിവാഹിതൻറെ വിധവ'യായി നമ്മുടെയെല്ലാം കൺമുന്നിൽ ഒരുജന്മം മുഴുവൻ ജീവിച്ചു തീർത്തുകൊണ്ടിരിക്കുന്ന കാഞ്ചനമാലയുണ്ട്. അവരാണ് പ്രണയത്തിൻ്റെ ജീവിയ്ക്കുന്ന പ്രതീകം! യമുനയുടെ തീരത്ത് സപ്‌താത്ഭുതങ്ങളിലൊന്ന് സ്വന്തംപേരിൽ പണിതുകിട്ടിയ അർജുമന്ദ് ബാനുവിനേക്കാൾ പ്രണയിയ്ക്കുന്നവർക്ക് ആരാധന തോന്നുന്ന ഒരാൾ! 
ഒരിക്കലും വിവാഹിതയാവാതെയൊരു വിധവയാവുകയെന്നത് നമ്മുടെ സാമ്പ്രദായിക ജ്ഞാനത്തിന് അതീതം. അവിവാഹിത, അവിവാഹിതൻ, വിധവ, വിഭാര്യൻ മുതലായ പദവികൾക്കുള്ള പദാവലിക്കപ്പുറം വളരാൻ കഴിയാത്ത ഭാഷകൾ, കാഞ്ചനമാലയുടെ മുന്നിൽ സ്തംഭിച്ചുനിൽക്കുന്നു, അവിവാഹിതയായ ഭാര്യക്കോ അവിവാഹിതൻറെ വിധവക്കോ പദങ്ങളില്ലാതെ! 


പ്രിയപ്പെട്ടവൻറെ ഓർമ്മയിൽ, വൈവാഹിക ബന്ധത്തിൻറെ പവിത്രതയേക്കാൾ പരിശുദ്ധിയുള്ളൊരു ജീവിതം നയിച്ച്, അവിവാഹിതൻറെ വിധവ എന്ന കേട്ടുകേൾവി ഇല്ലാത്തതൊന്ന് നിർവ്വചിച്ച്, ഭാഷകളെ മാത്രമല്ല, വ്യക്തിനിയമങ്ങളെപ്പോലുമിതാ കാഞ്ചനമാല പിന്നിലാക്കിയിരിക്കുന്നു! 
'Mystical realism' എന്ന വാക്യമാണ് ഈ പ്രേമകഥക്ക് ഏറ്റവും യോജിച്ച വിശേഷണം! ശരിയാണ്, അവിവാഹിതൻറെ വിധവ എന്നത് വ്യവസ്ഥാപിതമായൊരു സ്ഥാന നാമമാണോ എന്നായിരിയ്ക്കും പലരുടേയും ചിന്തയിലെത്താവുന്നൊരു വികൽപ്പം. അല്ല, എന്നാണ് പ്രതികരണമെങ്കിൽ, കാഞ്ചനമാല ഈ ജീവിച്ചുകാട്ടുന്നതിനെ മറ്റെങ്ങിനെയാണ് നിരൂപിക്കേണ്ടത്? 


നമുക്കൊരുമിച്ച് ആലോചിക്കാം. ആദ്യം കാഞ്ചനമാല തന്നെ പറയട്ടെ... 
"എന്നെ എൻറെ വീട്ടിൽവന്ന് കൂട്ടികൊണ്ടുവന്നതും, മൊയ്ദീൻറെ വിധവയായി അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതും ഉമ്മയാണ്. ഉമ്മ 
എന്നെ തൻറെ മകൻറെ പത്‌നിയായി കണ്ടിരുന്നുവെങ്കിൽ, അതിൽപരം സാമൂഹികമായ അംഗീകാരം എനിക്ക് മറ്റെന്താണ് വേണ്ടത്?" അവർ ചോദിയ്ക്കുന്നു. ഈ വിശദീകരണം നമ്മുടെ സകല സന്ദേഹങ്ങളും നിരാകരിക്കുന്നു. 


അറുപതുകളിലെ മുക്കം. കോഴിക്കോടിന് 30 കിലോമീറ്റർ കിഴക്ക്, പൊറ്റെക്കാടിൻറെ 'നാടൻ പ്രേമം' കിളിർത്ത മണ്ണ്. വൃദ്ധപിതാവിന് തൻറെ മകൻ രാഘവനോടൊപ്പം കഴിയാൻ, പാവം മാളുവിൻറേയും നല്ലവനായ ഇക്കോരൻറേയും ജീവൻ‍ തന്നിലേക്കാവാഹിച്ച ഇരുവഴിഞ്ഞി ഒഴുകുന്ന മലമ്പ്രദേശം. 
ഗഹനമായതുപലതും ആഴങ്ങളിലൊളിപ്പിക്കുന്ന ചാലിയാറിൻറെ പുത്രിക്കന്ന് ഇന്നത്തേക്കാൾ സൗന്ദര്യമുണ്ടായിരുന്നു! മുക്കവും, മുക്കത്തിൻറെ മുഴുവൻ സംസ്കൃതിയും തൻറെ തീരങ്ങളിൽ അന്തർലീനമാണെന്ന് ഉദ്ഘോഷിക്കുന്ന ഇരുവഴിഞ്ഞിയും പുറംലോകം ആദ്യമറിയുന്നതും, 1941-ൽ പ്രസിദ്ധീകരിച്ച 'നാടൻ പ്രേമ' ത്തിനുശേഷമാണ്. 


ഷവർമയും, കെൻറകിയും, ചൈനീസും, മെസ്സഞ്ചറും, വാട്സപ്പും, ഇൻസ്റ്റഗ്രാമുമൊന്നും അന്ന് പൊതുജീവിതത്തെ അത്ര 'ഫാസ്റ്റ്' ആക്കിയിരുന്നില്ല. ഒരു പെണ്ണിനെ ഒരാണ് ചുമ്മാ ഒന്ന് നോക്കിയാൽ പോലും അതിൽനിന്ന് ഒരായിരം കഥകൾ കടഞ്ഞെടുത്തിരുന്നു. രണ്ടു സമുദായത്തിൽപെട്ടവരാണെങ്കിൽ, കഥകളല്ല, പൊട്ടിപുറപ്പെടുന്നത് കലാപങ്ങളായിരിക്കും!   
വൻ ജന്മിയും പ്രമാണിയും പൊതു പ്രവർത്തകനുമായിരുന്ന കൊറ്റങ്ങൽ അച്യുതൻറെ മകൾ കാഞ്ചനമാല എന്ന ചേലുള്ള കുട്ടിക്ക്, പ്രമുഖ വ്യാപാരി ഉണ്ണിമോയി സാഹിബിൻറെ മകൻ ബി. പി. മൊയ്തീൻ കൊടുത്ത പ്രേമലേഖനം പിടിക്കപ്പെട്ടപ്പോൾ, തകർന്നുവീണത് യഥാർത്ഥത്തിൽ ആകാശം തന്നെയായിരുന്നു.  
ഏറ്റവും തീക്ഷ്ണമായ പ്രതികരണമുണ്ടായത് മൊയ്തീൻറെ ബാപ്പയുടെ ഭാഗത്തു നിന്നായിരുന്നു. അതിൻറെ ഏക ദൃക്‌സാക്ഷി മൊയ്തീൻറെ ഉമ്മ
 പാത്തുമ്മയുമാണ്. 
"ആ സംഭവം ഉമ്മ
 എന്നോട് പറഞ്ഞത്, ഞാൻ ഇപ്പോഴും ഓർക്കുന്നു," കാഞ്ചനമാലയുടെ മുഖമാകെ വിഷാദംകൊണ്ട് തുടുത്തു. 
"ഇയ്യ്, ഇൻറെ അച്യുതനെ മാനം കെടുത്തി, അല്ലടാ... എന്ന് അലറിക്കൊണ്ട്, മൂപ്പര് വീടിൻറെ ഉള്ളിലേക്കോട്യേത് എന്തിനാന്നറിയാതെ ഞാൻ നിക്ക്മ്പളാണ്, തോക്ക് എടുത്തുകൊണ്ട്  മൂപ്പര്  പൊറത്തിക്ക് വന്നത്...  ഇൻ്റെ മോനെ വെടിവെച്ചുകൊല്ലാൻ... മൊയ്ദീനെ അതിരറ്റ ഇഷ്ടേര്ന്ന് മൂപ്പര്ക്ക്, ഇന്നിട്ടുപ്പോ...," മൊയ്ദീൻറെ ഉമ്മയുടെ ദുഃഖം അണപൊട്ടിയൊഴുകിയത് കാഞ്ചനമാല ഓർത്തെടുത്തു. 


"യഥാർത്ഥത്തിൽ, എൻറെ അച്ഛന് മൊയ്ദീനെകൊണ്ടുണ്ടായ അപമാനമായിരുന്നു ബാപ്പ നിയന്ത്രണം വിടാനുണ്ടായ കാരണം," കാഞ്ചനമാലയുടെ ശബ്ദം ഇടറാൻ തുടങ്ങി. 
അൽപനേരത്തെ സംയമനത്തിനുശേഷം അവർ തുടർന്നു: "എൻറെ അച്ഛനും മൊയ്ദീ൯റെ ബാപ്പയും എന്നും പരസ്പരം ബഹുമാനിച്ചിരുന്ന നല്ല സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും പലകാര്യങ്ങളിലും സമാന ചിന്താഗതിക്കാരുമായിരുന്നു. സാമൂഹ്യ പ്രവത്തനങ്ങളാണ് അവരെ നല്ല ചങ്ങാതിമാരാക്കിയത്." 
പക്ഷെ, അച്യുതൻറെയും ഉണ്ണിമോയി സാഹിബിൻറെയും മക്കൾ തമ്മിലുള്ള ബന്ധം വിലക്കപ്പെട്ടതാണ്. അതായിരുന്നു അന്നത്തെ, ഒരുപക്ഷെ ഇന്നത്തെയും, സാമൂഹ്യ നീതി. പിന്നെ നടന്നതെല്ലാം, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതും, ചരിത്രത്തിൻറെ ഭാഗം. 
"എന്നെ കോഴിക്കോട്ടെ പ്രൊവിഡൻസ് കോളേജിൽ ചേർത്തതായിരുന്നു. പക്ഷെ, പഠിപ്പുനിർത്തിപ്പിച്ചു. ഇരുപതുവർഷം വീട്ടിൽമാത്രവും, പിന്നെ, ഒരഞ്ചുവർഷം നിബന്ധനകളോടെ വെളിയിലും ഞാൻ കഴിഞ്ഞു... ബന്ധനത്തിൽ. മൊയ്ദീൻറെകൂടെ ഒളിച്ചോടാതിരുന്നത്, എൻറെ കൂടെപ്പിറപ്പുകളുടെ ഭാവി ഓർത്താണ്," കാഞ്ചനമാല വിശദമാക്കി. 


"ഞങ്ങൾ ആകെ 12 പേരാണ്. ആറ് സഹോദരിമാരും, ആറ് സഹോദരന്മാരും. ഞാനെന്തെങ്കിലും കടുംകൈ കാണിച്ചാൽ അതെല്ലാവരേയും ബാധിക്കില്ലേ? അവർ നിരപരാധികളാണ്." 
"ഉമ്മ
 മൊയ്ദീന് അനുകൂലമായതിനാൽ, ഉപ്പ വേറെ വിവാഹം ചെയ്തു. ഉമ്മയെ തനിച്ചാക്കി മൊയ്ദീനും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല," പതറിയ ശബ്ദത്തിൽ കാഞ്ചനമാല കൂട്ടിച്ചേർത്തു. 
ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിൻറേതാണെങ്കിൽ, കാഞ്ചന തൻറേതാണ്, മൊയ്ദീൻ പറഞ്ഞിരുന്നു. ആറടിയിൽകൂടുതൽ ഉയരമുള്ള ആ വെള്ളാരംകണ്ണുകളുള്ള സുന്ദരന്, ഏറെ പാവനമായിരുന്നു തൻറെ പ്രിയപ്പട്ടവളുടെ പാദസ്പർശമേറ്റ മൺതരികൾ പോലും! പ്രിയപ്പെട്ടവനുവേണ്ടി ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പ്രണയിനിയും ഈ ലോകത്തുണ്ടായിട്ടുമില്ല. 
ലൈല-മജ്നു മുതൽ ക്ലിയോപാട്ര-ഏൻറണി വരെയുള്ള കമിതാക്കളാരും തങ്ങളുടെ വിനിമയത്തിനുമാത്രമായൊരു ഭാഷ രൂപപ്പടുത്തിയെടുത്തതായി അറിവില്ല. എന്നാൽ, ഇവിടെ അതും സംഭവിച്ചിരുന്നു. ദശവര്‍ഷങ്ങളിൽ നേരിൽ കാണാത്തവർ. ഇവർക്കു ജീവിക്കാനുള്ള ഊർജ്ജം നൽകിയിരുന്നത് പരസ്പരമെഴുതിയ കത്തുകൾ മാത്രമായിരുന്നു. അവർക്കു മാത്രം മനസ്സിലാകുന്നൊരു ഭാഷയിൽ. എതിർക്കുംതോറും തീവ്രതയേറുന്നതി൯റെ പേരത്രേ പ്രണയം! 


"ഒറ്റപ്പെട്ടകാലമത്രയും മൊയ്ദീൻ ചിലവഴിച്ചത് ക്രിയാത്മകമായാണ്. രാഷ്ട്രീയത്തിലൂടെ സാമൂഹ്യസേവനവും, അഗതിമന്ദിരവും, വായനശാലയും, സ്പോർട്സും, എഴുത്തും, പ്രസിദ്ധീകരണവും, സിനിമാനിർമാണവും അങ്ങിനെ പലതും," കാഞ്ചനമാല ഓർത്തു. 
കടന്നുപോയ മിക്ക കാലവർഷങ്ങളിലും നീലഗിരിയിലും വയനാടൻ മലകളിലും ഉരുൾപൊട്ടി. കുത്തിയൊലിച്ചു കലങ്ങിമറിഞ്ഞൊഴുകിയ മലവെള്ളത്തിൽ ആനന്ദിച്ചു തിമിർത്താടി ഇരുവഴിഞ്ഞി. അവൾ പേമാരിയുടെ കൂട്ടുകാരി. അടിയൊഴുക്കുകൾക്കിടക്ക് ഭയാനകമായ ചുഴികൾക്കു ജന്മംനൽകി, നിറഞ്ഞൊഴുകി, അവൾ അഹങ്കരിച്ചു. 
"കൃഷിയാവശ്യത്തിനുള്ള കീടനാശിനികളും, മറ്റു സാന്ദ്രതയേറിയ വിഷങ്ങളും എൻറെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതൊക്കെ സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം എൻറെ മുറിയാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. മൊയ്തീൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ അബദ്ധമായിപ്പോലും ഇതൊന്നുമെടുത്ത് കുടിക്കില്ലയെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു," കാഞ്ചനമാലയുടെ വാക്കുകൾ കേട്ടു വിറങ്ങലിച്ചിരിക്കാനേ നമുക്കു കഴിയൂ


"എന്നിട്ട്...?," മൂകത മൊയ്ദീൻ സേവാ മന്ദിറിൽ തളംകെട്ടിനിന്ന നിമിഷങ്ങളിൽ, ബാക്കി പറയാൻ ഈ ലേഖകൻ കാഞ്ചനമാലയെ ഓർമ്മിപ്പിച്ചു. 
"ജൂലൈ 15, 1982. രാവിലെ എട്ടേകാൽ മണി." 
"കോരിചൊരിയുന്ന മഴയും, ഒപ്പം കാറ്റും. വെള്ളരിമലയിൽനിന്ന് വെള്ളം കുത്തിയൊലിച്ചു." 
"ഇരുവഴിഞ്ഞി നിറഞ്ഞു കവിഞ്ഞൊഴുകി. ശക്തമായ ഒഴുക്കിൽപെട്ട്, തെയ്യത്തുംകടവിൽ തോണി മറിഞ്ഞു."
"മരണവുമായി മല്ലിട്ടിരുന്നവരെയെല്ലാം മൊയ്ദീൻ രക്ഷപ്പെടുത്തി." 
"അവസാനം, ഒരു വൻ ചുഴിയിലാണ് മൊയ്ദീൻ ചെന്നുപെട്ടത്..." 
"സ്വയം രക്ഷിക്കാനാവാതെ..." 
[സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ട്, മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച മൊയ്ദീനെ, 1983-ൽ രാഷ്ട്രപതിയുടെ 'സർവ്വോത്തം ജീവൻരക്ഷാ പതക്' പുരസ്‌കാരം, ധീരതക്കുള്ള മരണാനന്തര ബഹുമതിയായി നൽകി, രാജ്യം ആദരിച്ചിട്ടുണ്ട്.] 
"ഇരുവഴിഞ്ഞി മൊയ്ദീനെ കൊണ്ടുപോയി..." 
"ഇനി ഞാൻ ജീവിച്ചിരിക്കില്ലെന്ന് എല്ലാരും തീർച്ചപ്പെടുത്തി. എൻറെ മുറിയിൽനിന്നു മാത്രല്ല, വീടിൻറെ എല്ലാഭാഗത്തുനിന്നും കീടനാശിനികളും, അരിവാളും, വെട്ടുകത്തിയും തുടങ്ങി, അടുക്കളയിലെ പിച്ചാത്തികൾവരെയുള്ളതെല്ലാം നീക്കം ചെയ്തു." 
ആത്മഹത്യാ ശ്രമങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കലും നിരന്തരമായി തുടർന്നു. പക്ഷെ, ജീവൻ കാഞ്ചനമാലയെ വിട്ടുപോകാൻ വിസമ്മതിച്ചുകൊണ്ടുമിരുന്നു, വിധിക്ക് ബൃഹത്തായ മറ്റെന്തോ കർമ്മ പദ്ധതിയുള്ളതുപോലെ. 
മൊയ്ദീൻ പോയിടത്തേക്ക് കാഞ്ചനമാലയും പോയിരുന്നുവെങ്കിൽ, കാനേഷുമാരിയിൽ നാമിതുവരെകണ്ട കമിതാക്കളുടെ പട്ടികയിൽ, മൊയ്ദീൻ-കാഞ്ചന എന്നുകൂടി ലോകം രേഖപ്പെടുത്തുമായിരുന്നു. ഇവരുടേത് പിന്നെയെങ്ങിനെയാണ് വ്യത്യസ്തമായൊരു പ്രണയകഥയാകുന്നത്? 
വിവേകം കാഞ്ചനമാലയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. മൊയ്തീൻ കൊളുത്തിയ സാമൂഹിക പ്രവർത്തനങ്ങളുടെ ദീപശിഖ കെടാതെ സൂക്ഷിക്കേണ്ടതാണ് തൻറെ പരമപ്രധാനമായ കടമയെന്ന് കാഞ്ചനമാല തിരച്ചറിയാൻ തുടങ്ങി.
മൊയ്ദീനോടുള്ള തൻറെ പ്രണയത്തിൻറെ സഫലീകരണമാണിതെന്നും അവർ വിശ്വസിക്കുന്നു.
സംശയമില്ല, കാഞ്ചനമാലയിന്ന് മൊയ്ദീൻ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാളേറെ ശക്തയാണ്. നിശ്ചയദാര്‍ഢ്യമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. എൺപതു വയസ്സുള്ള മറ്റൊരാളിലും കാണാത്തൊരു കര്‍മ്മോൽസുകതയാണ് അവരിൽ നമുക്ക് കാണുവാൻ കഴിയുക. 
മൊയ്ദീൻ സേവാ മന്ദിറിൻറെ നാലുനിലകളുള്ള പടുകൂറ്റൻ പുതിയ കെട്ടിടം മുക്കം പട്ടണത്തിൻ്റെ ഹൃദയഭാഗത്തുതന്നെ ഉയർന്നിരിയ്ക്കുന്നു. 
"മൊയ്ദീൻറെ എല്ലാവിധ സ്വത്തുക്കളും മരിക്കുന്നതിനു മുന്നെ, ഉമ്മ എൻറെ പേരിൽ എഴുതിവെച്ചിരുന്നു," കാഞ്ചനമാല വെളിപ്പെടുത്തി. കൂടാതെ, ലോകത്തിൻറെ പല ഭാഗത്തുനിന്നുമായി നിർലോപമായെത്തുന്ന ധനസഹായങ്ങളിലും ജന പിന്തുണകളിലും കാഞ്ചനമാല വളരെ സന്തുഷ്ടയാണ്.
കാഞ്ചനമാലയുടെ കയ്യിൽ ഉമ്മവെച്ച്, അവർക്കും അവരുടെ എല്ലാ ഉദ്യമങ്ങൾക്കും മംഗളം ആശംസിച്ചതിനുശേഷം ഈ ലേഖകൻ അന്വേഷിച്ചത്, തെയ്യത്തുംകടവ് എവിടെയാണെന്നായിരുന്നു.  
പാലം വന്നതിനാൽ, തെയ്യത്തുംകടവ് ഇന്നൊരു സ്ഥലപ്പേരുമാത്രം. ആർജ്ജവവും അഹങ്കാരവുമില്ലാതെ, ദുരന്തസ്മരണകളുടെ ഭാരവുംപേറി, ഇരുവഴിഞ്ഞി ഈ പാലത്തിന്നടിയിലൂടെ ഇപ്പോഴുമൊഴുകുന്നു. അവളുടെ നിഗൂഢമായ അടിയൊഴുക്കുകളേയോ, ചതിയൻ ചുഴികളേയോ ഇന്നാർക്കും ഭയമില്ല. മുക്കത്തുകാർ ഇന്ന് അവളെ ചവിട്ടിമെതിച്ച് പാലത്തിലൂടെ നടക്കുന്നു. 
പടിഞ്ഞാറുനിന്ന് ചെരിഞ്ഞിറങ്ങിയ രശ്മികൾ, ഇരുവഴിഞ്ഞിയിലെ മങ്ങിയ ഓളങ്ങളിൽ വെള്ളിപൂശി. എതിർദിശയിൽ ദ്രുതഗതിയിൽ വീശിയ കാറ്റ്‌, വെള്ളിയോളങ്ങളിൽ തീർത്ത ദൃശ്യത്തിലെവിടെയോ വെള്ളാരംകണ്ണുകളുള്ള ഒരു മുഖം തെളിഞ്ഞുനിന്നു! 
തന്നെക്കാൾ ആഴമുള്ള എന്തിനോടും അസൂയയുള്ള ഇരുവഴിഞ്ഞീ, നീ അറിയുക -- നീ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. നീ പകപോക്കി തോൽപിച്ച കാഞ്ചനമാലയ്ക്ക്, മൊയ്ദീനോടുള്ള പ്രണയത്തിൻറെ ആഴം പൂർവ്വാധികം വർദ്ധിച്ചിരിക്കുന്നു. നിൻറെ ആഴം, അന്നും ഇന്നും അളക്കാവുന്നത്രയേയുള്ളൂ, എന്നാൽ, അവരുടേത് അഗാധത്തിനേക്കാൾ അധികമാണ് -- അടികാണാത്തത്! 
മൊയ്ദീൻ സേവാ മന്ദിറിലിരുന്ന്, മൊയ്ദീൻ അഗതി മന്ദിരത്തിൻറേയും, മൊയ്ദീൻ തൊഴിൽ പരിശീലന കേന്ദ്രത്തിൻറേയും, മൊയ്ദീൻ ലൈബ്രറിയുടേയും, മൊയ്ദീൻ യുവജന സംഘത്തിൻറേയും, മൊയ്ദീൻറെ പേരിൽ നടത്തുന്ന മറ്റു നാനാവിധ സാമൂഹിക-സാംസ്കാരിക-കായിക പ്രവർത്തനങ്ങളുടേയും ചുക്കാൻ പിടിക്കുന്ന അവർ, കാണുന്നതും, കേൾക്കുന്നതും, പറയുന്നതും, എഴുതുന്നതും, ചിന്തിക്കുന്നതും, അറിയുന്നതും അരേ ഒരു നാമം -- മൊയ്ദീൻ, മൊയ്ദീൻ, മൊയ്ദീൻ!

Join WhatsApp News
St.Valentine - have mercy ! 2022-02-13 18:18:49
Only read through a bit of the beginning part of the article - had to stop to spit out the stone of lie / error against The Church , in glorifying about a priest / st. 'falling in love ' to be seen as an honor . Please go to sources on line under - Catholic - St.Valentine , that there are three such persons etc : , that the St. was martyred for baptizing the family of the jailor ..many of the details of the early Roman martyrs are hidden , yet God at times reveals same , as was the case of St.Philomena , unknown , till she was let by The Lord to appear to a nun , to bring to light another powerful martyr saint and friend .. not an unusual phenomenon in the history of The Church - St.Maria Goretti who sacrificed her life appeared to the murderer after he had spent ( enough ) years in prison , led to his repentance .. St.Valentine , as a priest already vowed to The Church as the Mystical Bride , who encloses all in Her Materanl Heart , dedicating his life to lead others to live in the Holy Will of The Lord for its ever greater glory for all eternity , in purity and single mindedness , in the non carnal Love in The Spirit for The Father - a truth that may be too alien for our times afflicted in carnal tides .. and its rebellions in the flesh that screams in the pains of hell , no less from sins against life .. the remedies pointed out by the agents from hell being drugs and violence .. the memory of being the children of a God of Love and holiness being erased in the thick darkness .. ( Catholicexorcism.org - blog article #177 - on the demonic holds from sins against life that can be tough to break free from ) St.Valentine would be waiting with all of heaven - to hear a whisper of love - Love and glory to You Lord , in all Your holy saints and holy angels for the rivers of love , in every drop of sun light and rain drop , in every grace to bring rebellious thoughts to the flames of Love in The Crown of thorns , to be forgiven and to forgive ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക