Image

ഡോ. ജോർജ്ജ് തോമസ്: ഹൃദയത്തിന്റെ കാവൽക്കാരൻ; സംഘടനയിലും സേവന രംഗത്തും കർമ്മയോഗി

Published on 17 February, 2022
ഡോ. ജോർജ്ജ് തോമസ്:  ഹൃദയത്തിന്റെ കാവൽക്കാരൻ; സംഘടനയിലും സേവന രംഗത്തും കർമ്മയോഗി

ഇ-മലയാളി മാസിക: ഫെബ്രുവരി ലക്കം 

https://cdn.emalayalee.com/magazine/february2022/#page=1

ഫ്ലോറിഡയിലെ മനാറ്റി- സരസോട്ട മേഖലയിലെ ആളുകളുടെ ഹൃദയത്തിന്റെ കാവൽക്കാരനാണ് ഡോ. ജോർജ്ജ് തോമസ് എംഡി. ഹൃദ്രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ  രണ്ട്  ഡോക്ടർമാർ ചേർന്ന് രൂപീകരിച്ച ബ്രാഡെൻടൺ കാർഡിയോളജി സെന്ററിലെ  കാർഡിയോളജിസ്റ്റും സഹസ്ഥാപകനുമാണ് അദ്ദേഹം. സ്ഥാപിതമായതു  മുതൽ 2007 വരെ അദ്ദേഹം അതിന്റെ പ്രസിഡന്റും സിഇഒയും ആയിരുന്നു.
സ്വകാര്യ പ്രാക്ടീസിൽ നിന്ന് വിരമിച്ച ശേഷം ബ്രാഡെന്റണിലെ ടേണിംഗ് പോയിന്റ് ഫ്രീ ക്ലിനിക്കിൽ കാർഡിയോളജിസ്റ്റായി സേവന പ്രവർത്തനം നടത്തിവരികയാണ് ഡോക്ടർ.

യു എസിലെ  80,000 ഇന്ത്യൻ- അമേരിക്കൻ ഡോക്ടർമാരെ  പ്രതിനിധീകരിക്കുന്ന അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (എ.എ.പി.ഐ) പ്രസിഡന്റും ട്രസ്റ്റിയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്റാകുന്ന ആദ്യ മലയാളിയാണ്. (പിന്നീട് ഡോ. നരേന്ദ്രകുമാറും  പ്രസിഡന്റായി.)അദ്ദേഹവുമായി ഇ-മലയാളി നടത്തിയ അഭിമുഖത്തിൽ നിന്ന്:

അമേരിക്കയിലെ ആദ്യകാല   ജീവിതവും പഠനകാലവും എങ്ങനെയായിരുന്നു?

എംബിബിഎസ് പൂർത്തിയാക്കിയ ശേഷം, കൊട്ടിയത്തെ ഹോളി ക്രോസ് ഹോസ്പിറ്റലിൽ കുറച്ചുകാലം ജോലി ചെയ്തു. 1972-ലാണ് ഇസിഎഫ്എം  സർട്ടിഫിക്കേഷൻ നേടുന്നത്. 1973-ലെ വേനൽക്കാലത്ത്   മെഡിക്കൽ റെസിഡന്റാകാൻ  യുഎസിൽ എത്തി. അക്കാലത്ത് ആദ്യം ഒരു വർഷത്തെ   ഇന്റേൺഷിപ്പ് ചെയ്താലേ റെസിഡെൻസിക്ക്  അപേക്ഷിക്കാൻ സാധിക്കു. ഇന്റേൺഷിപ്പും റെസിഡൻസിയുമടക്കം  സൗത്ത് ബാൾട്ടിമോർ ജനറൽ ഹോസ്പിറ്റലിൽ മൂന്ന് വർഷം ചെയ്യാനായി.  ജോൺസ് ഹോപ്കിൻസിൽ റൊട്ടേഷൻ ഉണ്ടായിരുന്നു. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടമായിരുന്നു അന്നൊക്കെ. ഞങ്ങളുടെ മെഡിക്കൽ റെസിഡൻസി പ്രോഗ്രാം ഇന്നത്തെ പോലെയേ ആയിരുന്നില്ല.  

യുഎസിലെ ആദ്യ വർഷത്തെ പൊരുത്തപ്പെടലിന്റെ  കാലഘട്ടമായി വിശേഷിപ്പിക്കാം. മുന്നിൽ വേറെ വഴിയുണ്ടായിരുന്നില്ല. ഒഴുക്കിനെതിരെ നീന്തുക, അല്ലെങ്കിൽ മുങ്ങും; അങ്ങനൊരു അവസ്ഥയിലായിരുന്നു. ജീവിതം എങ്ങനെ പോകണമെന്ന്  ഉപദേശിക്കാനും സഹായിക്കാനും വഴികാട്ടിയോ   സുഹൃത്തോ കുടുംബാംഗങ്ങളോ ആരും ഉണ്ടായിരുന്നില്ല. വിലപ്പെട്ട ഒട്ടേറെ അനുഭവപാഠങ്ങൾ ഈ കാലയളവിൽ പഠിച്ചു. റസിഡൻസി കാലയളവിൽ   വൈദ്യശാസ്ത്രം മാത്രമല്ല ഞാൻ  പഠിച്ചത്, അമേരിക്കയിലെ  ഭാവി ജീവിതത്തിനായി സ്വയം മനസ്സിനെ പാകപ്പെടുത്തുക കൂടിയായിരുന്നു.
ഹോപ്കിൻസിലെ പ്രതിവാര റൗണ്ടുകൾ മറക്കാനാവാത്ത  പഠനാനുഭവമാണ് സമ്മാനിച്ചത്. എന്റെ  കരിയറിലുടനീളം  അന്ന് നേടിയ അറിവുകൾ  ഏറെ സഹായകമായി തീർന്നിട്ടുണ്ട്.

കരിയറിലും സംഘടനാപരമായ കാര്യങ്ങളിലും ഇവിടെ വ്യക്തിമുദ്ര പതിപ്പികാനായി. ഇന്ത്യയിൽ തന്നെ തുടർന്നിരുന്നെങ്കിൽ  എവിടെ എത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

വ്യക്തമായി അറിയില്ല. അമേരിക്ക എനിക്ക് മുന്നിൽ തുറന്ന് തന്ന അവസരങ്ങൾ തന്നെയാണ് ഇന്നത്തെ അവസ്ഥയിലേക്ക് എന്നെ വാർത്തെടുത്തത്. അതെന്റെ ഭാഗ്യമായി കാണുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കാർഡിയോളജിയിൽ  കൂടുതൽ ഫലപ്രദമായ മരുന്നുകളും രോഗനിർണയ നടപടിക്രമങ്ങളും ചികിത്സാരീതികളും പരിചയപ്പെടാനും അടുത്തറിയാനും സാധിച്ചു.  ഇവിടെ ചെയ്തത് പോലെ കേരളത്തിൽ ഒരു ഫുൾ സർവീസ്  കാർഡിയാക് സെന്റർ നിർമ്മിക്കുന്നതിനും  കൈകാര്യം ചെയ്യുന്നതിനും ഒരുപക്ഷെ  നിരവധി വെല്ലുവിളികൾ ഉണ്ടാകുമായിരുന്നിരിക്കണം.


 
അമേരിക്കയുടെ നല്ലതും ചീത്തയുമായ വശങ്ങൾ ?
 
സ്വാതന്ത്ര്യം, കൂടുതൽ അവസരങ്ങൾ, ജനാധിപത്യം,  തുല്യ പരിഗണന, മെറിറ്റോക്രസി, ഊർജ്ജസ്വലമായ സമ്പദ്വ്യവസ്ഥ, മെച്ചപ്പെട്ട  ജീവിത നിലവാരം, മതസ്വാതന്ത്ര്യം, കുടിയേറ്റക്കാർക്ക് ലഭിക്കുന്ന സ്വീകാര്യത, നല്ല തൊഴിൽ, മാനുഷിക മൂല്യങ്ങളോടുള്ള ബഹുമാനം, ജീവിത വിജയം അങ്ങനെ നിരവധി നല്ല വശങ്ങൾ അമേരിക്കയെ ആരുടേയും സ്വപ്നരാജ്യമാക്കി മാറ്റും.

എന്നാൽ തീവ്രമായ രാഷ്ട്രീയ സാമൂഹിക വിഭജനവും ഇരുവശത്തുമുള്ള വംശീയ വിദ്വേഷം, അനാവശ്യ യുദ്ധങ്ങൾ, വലിയ തോതിലുള്ള കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസ സമ്പ്രദായം, അശ്രദ്ധവും അനാവശ്യവുമായ ഉപഭോഗം, ആൾക്കാരുടെ പൊണ്ണത്തടി, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയാണ് ഞാൻ കാണുന്ന പ്രതികൂല ഘടകങ്ങൾ.

ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ വംശീയ  വിവേചനം നേരിട്ടിട്ടുണ്ടോ?

തുടക്കത്തിൽ റെസിഡൻസിയിലും ലൈസൻസിംഗിലും എല്ലാം മെഡിക്കൽ ബിരുദധാരികളായ വിദേശികൾക്കും സ്വദേശികൾക്കും രണ്ട് തരം  മാനദണ്ഡങ്ങൾ ആയിരുന്നു. അത്  നിരവധി വെല്ലുവിളികൾ സൃഷ്ടിച്ചു. അമേരിക്കയിലെ വിജയത്തിന് ഒരു കൂട്ടായ്മ  നിർണായകമാണെന്ന് അന്നാണ് ബോധ്യപ്പെട്ടത്. മറ്റ് വംശീയ മെഡിക്കൽ ഓർഗനൈസേഷനുകൾക്കൊപ്പം  തുല്യത  സ്ഥാപിക്കുന്നതിലും വിവേചനപരമായ നിയമങ്ങൾ ഇല്ലാതാക്കുന്നതിലും അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎപിഐ)   രൂപീകരണത്തിലേക്കും ഇത് വഴിവച്ചു. ഇന്ന്  എല്ലാ ഡോക്ടർമാർക്കും ലൈസൻസിംഗിനായി ഒരേ  പരീക്ഷയും  ഒരേ നിയമങ്ങളുമാണ്.  

നാൽപ്പത്തിരണ്ട് വർഷം മുൻപാണ് ആദ്യമായി ഞാൻ ബ്രാഡന്റണിൽ എത്തുന്നത്.വിദേശികളോട് അധികം സമ്പർക്കം പുലർത്താത്ത പാരമ്പര്യവാദികളായിരുന്നു അന്ന് അവിടെ കൂടുതലും. എന്നിട്ടും അവരിൽ നിന്ന്   വിശ്വസിക്കാനാകാത്ത  പിന്തുണയും സഹകരണവും സ്വീകാര്യതയും നേടാനായതിൽ എനിക്കങ്ങേയറ്റം സന്തോഷമുണ്ട്.
തുടക്കത്തിൽ ചിലർക്ക് എന്നിൽ അത്ര വിശ്വാസം പോരായിരുന്നു.ഇങ്ങനൊരു അവസ്ഥയിലേക്ക് എത്തിച്ചേരാൻ വർഷങ്ങളായി ഒപ്പം നിന്നവരോടും   ഈ കമ്മ്യൂണിറ്റിയിൽ കെട്ടിപ്പടുത്ത നിരവധി സൗഹൃദങ്ങളോടും അകമഴിഞ്ഞ നന്ദിയും കടപ്പാടുമുണ്ട്.

കരിയറിൽ ഏറ്റവും വലിയ നേട്ടം എന്താണ്?

മെഡിക്കൽ ബോർഡിന്റെയും പ്രധാന കമ്മിറ്റികളുടെയും അധ്യക്ഷ സ്ഥാനം വഹിച്ചത് വലിയ നേട്ടമായി കാണുന്നു. എ.എം.എ.യുടെ ഐഎംജി (ഇന്റർനാഷണൽ മെഡിക്കൽ ഗ്രാജ്വേറ്റ്സ്) വിഭാഗത്തിന്റെ അധ്യക്ഷനാകാൻ സാധിച്ചതിലും സന്തോഷം. മെഡിക്കൽ സ്റ്റാഫംഗങ്ങളുടെ നേതൃസ്ഥാനം  വഹിക്കാനും കഴിഞ്ഞു. ഫുൾ സർവിസ്  കാർഡിയോളജി സെന്റർ എന്ന എക്കാലത്തെയും എന്റെ സ്വപ്നം  സ്ഥാപിക്കാനും നടത്താനും കഴിയുന്നതിൽ അഭിമാനമുണ്ട്.
 
റിട്ടയേഡ് ജീവിതത്തിൽ കൂടുതൽ സമയം എങ്ങനെ ചെലവിടുന്നു?

സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും  കമ്മ്യൂണിറ്റി ഇടപെടലുകൾക്കുമാണ് കൂടുതൽ സമയം ചെലവിടുന്നത്. എട്ട് പേരക്കുട്ടികൾ  ഉള്ളതുകൊണ്ട് തന്നെ സംതൃപ്തമായി നേരം കളയാൻ ഒരു പ്രയാസവുമില്ല. റിട്ടയർ ചെയ്‌താൽ വിരസത തോന്നുമോ എന്ന് മുൻപ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അങ്ങനൊരു തോന്നലേയില്ല. കോവിഡ് മൂലം ചില കാര്യങ്ങൾ തൽക്കാലം നിർത്തിവച്ചിരുന്നെങ്കിലും പിന്നീടതിൽ  പൂർണ്ണമായി വ്യാപൃതനായി. വായനയ്ക്കും പതിവ് വ്യായാമത്തിനും എല്ലാം ഇഷ്ടംപോലെ  സമയമുണ്ട്.മകൻ കത്തോലിക്കാ  പുരോഹിതനായതിനെ  എങ്ങനെ കാണുന്നു?
 
ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു. അപൂർവം ആളുകൾക്ക് മാത്രം വന്നുചേരുന്ന ഭാഗ്യമാണല്ലോ അത്. മകനെ 'റവ. ഫാദർ' എന്ന് വിളിക്കാൻ എല്ലാവർക്കും  സാധിക്കില്ലല്ലോ.

കുടുംബത്തെക്കുറിച്ച്?

പ്രകൃതിയുടെ ഏറ്റവും അത്ഭുതകരമായ സൃഷ്ടിയാണ് കുടുംബമെന്ന് ഞാൻ വിശ്വസിക്കുന്നു. സുഭദ്രമായ കുടുംബജീവിതം സാധ്യമായതിന്റെ എല്ലാ ക്രെഡിറ്റും ഭാര്യ മറിയാമ്മയ്ക്കാണ്. സമൂഹത്തിന് പ്രയോജനമുള്ള നാല് മക്കളെ സംഭാവന ചെയ്യാനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഫാ.ജോസഫ് പി.എച്ച്.ഡി നേടിയ ഡോക്ടറും മറ്റ് മൂന്ന് പേർ മെഡിക്കൽ ഡോക്ടർമാരുമാണ്.
 
കാർഡിയോളജിസ്റ്റായ  ജോർജ്ജ് ജൂനിയർ ന്യൂയോർക്കിലെ കോർനെൽ മെഡിക്കൽ സ്കൂളിലെ ഫാക്കൽറ്റിയാണ്. ഭാര്യ കാതറിനും മൂന്ന് കുട്ടികളുമായി വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ പെല്ലാമിലാണ്  താമസം. ഫാ. ജോസഫ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ തന്റെ പൗരോഹിത്യ ജോലികളും റിട്രീറ്റുകളുമായി കഴിയുന്നു. തീയോളജിയിൽ  രണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

മാത്യു യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സിസ്റ്റത്തിലെ ചീഫ് ഓഫ് പ്ലാസ്റ്റിക് സർജറി ആൻഡ് ഹാൻഡ് സർജറി ആണ്. ഭാര്യ ഡോ. ലിസ അപ്പർ ചെസാപീക്ക് മെഡിക്കൽ സെന്ററിൽ  വൈസ് ചെയർ ഓഫ് എമർജൻസി സർവീസസ്. അവർക്ക് 2  പെൺമക്കളും  ഒരു മകനുമുണ്ട്. ബെൽ എയർ മേരിലാൻഡിലാണ്  താമസം.

ഇളയ മകൻ ജേക്കബ്  സിയാറ്റിലിൽ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റാണ്. 30 പേരടങ്ങുന്ന ഫിസിഷ്യൻ റേഡിയോളജി ഗ്രൂപ്പിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഡോ.സാഷയ്ക്കും മകനും മകൾക്കുമൊപ്പം വാഷിംഗ്ടണിലെ  കിർക്ക്ലാൻഡിലാണ് താമസം.
***  
കോട്ടയം മെഡിക്കൽ കോളേജ് ,  സൗത്ത് ബാൾട്ടിമോർ ജനറൽ ആശുപത്രി, ന്യൂജേഴ്സി കോളജ് ഓഫ് മെഡിസിനിൽ കാർഡിയോളജി  എന്നിവിടങ്ങളിൽ നിന്നായിരുന്നു  ഡോ.ജോർജ് തോമസ്   വൈദ്യപരിശീലനം  നേടിയത്. അമേരിക്കൻ ബോർഡ് ഓഫ് ഇന്റേണൽ മെഡിസിൻ, സബ്സ്പെഷ്യാലിറ്റി ബോർഡ് ഓഫ് കാർഡിയോവാസ്കുലർ ഡിസീസസ്, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയിലെ ഫെലോഷിപ്പ്  തുടങ്ങിയവ    പ്രൊഫഷണൽ യോഗ്യതാപത്രങ്ങളിൽ ഉൾപ്പെടുന്നു.
 
മനാറ്റി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചീഫ് ഓഫ് സ്റ്റാഫ്, ചീഫ് ഓഫ് മെഡിസിൻ, ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ   പ്രവർത്തിച്ചിട്ടുണ്ട്. കാർഡിയോളജി കമ്മിറ്റി, ആശുപത്രിയിലെ ഓപ്പൺ ഹാർട്ട് കമ്മിറ്റി, മനാറ്റി ഹാർട്ട് സെന്ററിന്റെ കോ-ഡയറക്ടർ എന്നീ നിലകളിലും പരിചയസമ്പന്നനാണ്.
മനാറ്റി കൗണ്ടി മെഡിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗം, ഫ്ലോറിഡ മെഡിക്കൽ അസോസിയേഷന്റെ പ്രതിനിധി, എഫ്എംഎ, ഫ്ലാംപാക് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
 
വൈദ്യശാസ്ത്ര രംഗത്തല്ലാതെയും ഡോ. തോമസ് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.. മനാറ്റി ചേംബർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ബോർഡ് അംഗവും മനാറ്റി കമ്മ്യൂണിറ്റി ബ്ലഡ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.  ഫ്ലോറിഡ കമ്മ്യൂണിറ്റി കോളേജ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിലും നൈറ്റ് ഫൗണ്ടേഷന്റെ  ബ്രാഡെൻടൺ ഉപദേശക സമിതിയിലും സേവനമനുഷ്ഠിച്ചു. സ്റ്റേറ്റ് ബോർഡ് ഓഫ് കമ്യൂണിറ്റി കോളജിലേക്ക്  ഗവർണർ ജെബ് ബുഷ് ഡോ. തോമസിനെ നിയമിച്ചിരുന്നു. എൻഐഎച്ചിലെ നാഷണൽ ഹാർട്ട്, ലംഗ്  ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശക സമിതിയിലേക്ക്  പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു.ബുഷ് ആണ് നിയമിച്ചത്.
 
ഫ്ലോറിഡ ബോർഡ് ഓഫ് മെഡിസിനിൽ 2007 മുതൽ രണ്ട് തവണ (4 വർഷം വീതം) അദ്ദേഹം നിയമിതനായി.
റൂൾസ് കമ്മിറ്റി (നിയമ സമിതി), ക്രെഡൻഷ്യൽസ്  കമ്മിറ്റി, പ്രൊബേഷൻ കമ്മിറ്റി, എക്സ്പെർട്ട് വിറ്റ്നെസ് കമ്മിറ്റി, ഫാർമസി പ്രിസ്ക്രൈബിങ് കമ്മിറ്റി, സർജിക്കൽ കെയർ കമ്മിറ്റി, ബോർഡിന്റെ ഫിനാൻസ് കമ്മിറ്റി എന്നിവയിൽ  സേവനമനുഷ്ഠിച്ചു. 2009 ൽ പ്രൊബേഷൻ കമ്മിറ്റി ചെയർമാനും 2010 ൽ ബോർഡിന്റെ ക്രെഡൻഷ്യൽ കമ്മിറ്റി ചെയർമാനും 2011 ൽ ഫ്രോഡ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു. ബോർഡ് ഓഫ് മെഡിസിൻ വൈസ് ചെയർ, ചെയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
45 വർഷങ്ങളായി  ഡോ. തോമസിനൊപ്പം എല്ലാവിധ പിന്തുണയും നൽകി ഭാര്യ മറിയാമ്മ. ഇവർക്ക്  ബ്രാഡെൻടൺ സ്വന്തം  നാട് തന്നെ. കോട്ടയമാണ് സ്വദേശം.
നാല് മക്കൾ: ജോർജ് ജൂനിയർ, ജോസഫ്, മാത്യു, ജേക്കബ്.  8 പേരക്കുട്ടികൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക