Image

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സമര്‍പ്പണമായി  ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍  

Published on 25 February, 2022
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സമര്‍പ്പണമായി  ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍  

തിരുവനന്തപുരം:  അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാനയുടെ ഈവര്‍ഷത്തെ കേരളാ  കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് നടക്കും.  കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വിവിധ മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.  മലയാളി  കൂട്ടായ്മയിലെ അഞ്ഞൂറോളം അംഗങ്ങളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫൊക്കാന എല്ലാ രണ്ടുവര്‍ഷങ്ങളിലും കണ്‍വെന്‍ഷന്‍ നടത്താറുണ്ട്. 2001 ലാണ് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. ഡോ അനിരുദ്ധന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയും വിവിധി മന്ത്രിമാരും പങ്കെടുത്തു. തുടര്‍ന്ന് ഫൊക്കാന കേരളാ കണ്‍വെന്‍ എല്ലാ രണ്ടുവര്‍ഷത്തെ ഇടവേളകളിലായി നടന്നുവരികയാണ്.  കേരള ത്തില്‍ നടപ്പാക്കുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായാണ് കേരളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ മലയാള ഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് ഫൊക്കാനയും കേരള സര്‍വകലാശാലയും സംയുക്തമായി നല്‍കുന്ന  ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാം കണ്‍വെന്‍ഷനില്‍ വച്ച്  വിതരണം ചെയ്യും. 2019 ലെ ജേതാക്കളായ പി അരുണ്‍ മോഹനും കെ മഞ്ജുവിനുമാണ്  പുരസ്‌ക്കാരം,  50000 രൂപയാണ് അവാര്‍ഡ് തുക.  സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഭാഷാപുരസ്‌കാരം വികരണം ചെയ്യും. സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സമര്‍പ്പണമായാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷനായിരിക്കും തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റില്‍ നടക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന മലയാളി കൂട്ടായ്മയാണ് ഫൊക്കാന.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, മീഡിയ സെമിനാറുകള്‍ എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. കണ്‍വെന്‍ഷന് നാന്ദികുറിച്ചുകൊണ്ട് 25ന് കിന്‍ഫ്ര പാര്‍ക്കില്‍ നിന്നും കഴക്കൂട്ടം വെട്ടുറോഡ് വരെ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ റൈസിംഗ് നടക്കും.

പത്രസമ്മേളനത്തില്‍  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍  ആന്റണി, ഇന്റര്‍നാഷണല്‍ കോ-ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്, ലീലാ മരോട്ട്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, അഡീഷണല്‍ അസോസിയേറ്റ്  ട്രഷറര്‍ ബിജു കൊട്ടാരക്കര, ലീലാ മരോട്ട്,  കണ്‍വെന്‍ഷന്റെ മുഖ്യരക്ഷാധികാരി  ഗോപിനാഥ് മുതുകാട്  എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക