Image

ഡോ എബ്രഹാം ജോസഫ്: ടിമുറിൽ മലയാളി കുറിച്ച ചരിത്രവും വികസനവും 

Published on 08 March, 2022
ഡോ എബ്രഹാം ജോസഫ്: ടിമുറിൽ മലയാളി കുറിച്ച ചരിത്രവും വികസനവും 

അന്താരാഷ്ട്ര വികസന രംഗത്തിനു വലിയ സംഭാവനകൾ നൽകിയ ഡോ എബ്രഹാം ജോസഫ് ന്യു യോർക്ക് മലയാളിയെങ്കിലും ഇന്ത്യൻ സമൂഹത്തിൽ വേണ്ടത്ര അറിയപ്പെടാത്തവരിൽ ഒരാളാണ്. ടിമൂർ എന്ന കൊച്ചുരാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ആദരിക്കപ്പെടുന്നു.

പത്തനംതിട്ടക്കാരനെങ്കിലും സിംഗപ്പൂരിൽ ജനിച്ച എബ്രഹാം ടിമൂറിന്റെ ചരിത്രം മാറ്റിയത് ഐതിഹാസികമെന്നു വിശേഷിപ്പിക്കാം.
 
നാലര നൂറ്റാണ്ട്  പോര്‍ച്ചുഗലിന്റെ കോളനിയായിരുന്നു ടിമൂര്‍ ലെസ്‌റ്റെ.  സ്വാതന്ത്ര്യത്തിനു വേണ്ടി വലിയ പോരാട്ടമൊന്നും അവിടെ ഉണ്ടായില്ല. എങ്കിലും  1975 ല്‍ ഐക്യരാഷ്ട്ര സഭ  ഇടപെട്ട്  സ്വാതന്ത്യം നേടിക്കൊടുത്തു.  എന്നാൽ  അയല്‍രാജ്യമായ ഇന്തൊനീഷ്യയുടെ പ്രസിഡന്റ് സുഹാർത്തോ, തിമൂര്‍ തങ്ങളുടെ ഭാഗമാണെന്നു പറഞ്ഞു ആക്രമിച്ചു കീഴടക്കി.

ഭാര്യ ടകാകൊ ഹമഗുചിയുമൊത്ത്

അതിനെതിരെ ടിമൂർ നിവാസികൾ  ഗറില്ലാമുറയില്‍ കാടുകളില്‍ ഒളിച്ചിരുന്ന്  ഇന്തൊനീഷ്യന്‍ പട്ടാളത്തെ നേരിട്ടു. രണ്ടര പതിറ്റാണ്ട് തമ്മിലടിയും യുദ്ധവുമായി, രണ്ടര ലക്ഷത്തോളം തിമൂര്‍വാസികളെ മരണത്തിലേക്കു തള്ളിവിട്ട് അതു തുടര്‍ന്നു. 1990 -കളില്‍ വീണ്ടും ഐക്യരാഷ്ട്ര സംഘടന ഇടപെട്ടു. ഇന്തോനേഷ്യ പിൻവാങ്ങി. 1999 മുതൽ മൂന്നു വര്ഷം യു.എൻ സമാധാന ദൗത്യ സംഘം ഭരണം നടത്തി. 2002 മെയ് 20നു സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നെങ്കിലും പട്ടിണിയില്‍ ജനിച്ചു പട്ടിണിയില്‍ വളര്‍ന്ന രാജ്യമായി തിമുര്‍.

2006-ൽ രണ്ടാമത്തെ പൊതുതെരെഞ്ഞെടുപ്പിനു ശേഷം  രാജ്യത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി യു.എന്‍.അയച്ച സംഘത്തിന്റെ തലവനായാണ് ആദ്യമായി ഏബ്രഹാം ജോസഫ് ടിമൂറിലെത്തുന്നത്. ഇവിടെ നിന്നും ചരിത്രം എഴുതിച്ചേര്‍ത്ത ഒരു മലയാളിയുടെ കഥ ആരംഭിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ടിമുർ-ലെസ്റ്റെക്ക്  വേണ്ടിയുള്ള  ഇന്റഗ്രേറ്റഡ് മിഷന്റെ  മുഖ്യ   സാമൂഹിക-സാമ്പത്തിക ഉപദേഷ്ടാവ്  (Chief/Senior Socio-Economic Affairs Advisor to the United Nations Integrated Mission in Timor-Leste (UNMIT) ദീർഘകാല വികസനത്തിനുള്ള പദ്ധതി തയ്യാറാക്കുക, സർക്കാരിനെ വികസന കാര്യങ്ങളിൽ ഉപദേശിക്കുക, യു.എൻ. സഹായം എങ്ങനെ വിനിയോഗിക്കുന്നു എന്നത് ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ദൗത്യങ്ങൾ. 

ചിത്രങ്ങള്‍ മുകളില്‍ ഇടതു നിന്ന്:ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റഡ്ഡുമൊത്ത്; ദലായ് ലാമയുമൊത്ത്; ടിമുര്‍-ലെസ്റ്റെ മുന്‍ പ്രധാനമന്ത്രി ഹൊസെ അലെക്‌സന്ദ്രെ സനാന ഗസ്മായോടൊത്ത്; പ്രസിഡന്റ് ഒബാമ അധ്യക്ഷത വഹിച്ച ആഗോള വികസനത്തിനുള്ള വൈറ്റ് ഹൗസ് ഉച്ചകോടിയില്‍; സിംഗപ്പൂരില്‍ യു.എന്‍.ഡി.പി, ഗ്ലോബല്‍ ഇനിഷേറ്റിവ് ഓണ്‍ റെസ്‌പോന്‍സിബില്‍ ബിസിനസ് ഫോറം ഡവലപ്പ്‌മെന്റ് സമ്മേളനത്തില്‍-2018

ഒരു പുതിയ രാജ്യം നേരിടുന്ന ഭരണപരവും സാമ്പത്തികവമായ എല്ലാ വെല്ലുവിളികളും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് എബ്രഹാം ജോസഫ് ടിമുറില്‍ വിമാനമിറങ്ങുന്നത്. സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ടിമൂറിന്റെ വികസനത്തെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങി. ഈ സമയത്താണ്  രാജ്യത്തിന്റെ തീരങ്ങളില്‍  കണക്കറ്റ അളവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളും പ്രകൃതി വാതകവും കണ്ടെത്തുന്നത്.  അവസരത്തിനൊത്തുയർന്ന അദ്ദേഹത്തിന്റെ  ഉപദേശപ്രകാരം   പെട്രോളിയം മാനേജ്‌മെന്റ് കമ്മിറ്റിയും പെട്രോ ഫണ്ടും രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലിമെന്റിലെ എല്ലാ കക്ഷി പ്രതിനിധികളും ഉള്‍പ്പെടുന്ന കമ്മിറ്റിക്കാണ് വികസനകാര്യങ്ങളിലും മറ്റും ഇതില്‍ നിന്നു കിട്ടുന്ന വരുമാനം വിനിയോഗിക്കാനുള്ള പൂര്‍ണ്ണ അധികാരം.

എബ്രഹാം അഴിമതിക്കാരെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള വഴികള്‍ കണ്ടെത്തിയിരുന്നു. രാജ്യത്ത് ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സി രൂപീകരിച്ചു. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളും സുതാര്യമാക്കാനും കണക്കു രേഖപ്പെടുത്താനും കാരണമായി. രാജ്യത്തെ ഏതൊരു പൗരനും ഭരണകാര്യങ്ങളിലെ തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ് വെയര്‍ കൊണ്ടുവന്നു. കാനഡയിലെ കമ്പനിയാണു സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത്. പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യക്കാരും.

ദലായ് ലാമയുടെ ആദരം

ഇതനുസരിച്ച് എല്ലാ സര്‍ക്കാര്‍ ഇടപാടുകളും എന്ന്, എങ്ങനെ, എവിടെവച്ചു നടന്നു, നിലവിലെ സ്ഥിതിയെന്ത് എന്നത് ഒരു ചില്ലിക്കാശും ചെലവിടാതെ ജനത്തിന് അറിയാന്‍ കഴിയും. എന്നാണ് നിര്‍മ്മാണം തുടങ്ങിയത്, ടെൻഡര്‍ എന്ന്, ആരെല്ലാം ടെൻഡറില്‍ പങ്കെടുത്തു തുടങ്ങിയ വിവരങ്ങള്‍. നിര്‍മ്മാണത്തില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ കമ്പനി കരിമ്പട്ടികയില്‍പെടും. ഇങ്ങനെ സുതാര്യതയുടെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ ഏബ്രഹാമിന്റെ ഉപദേശങ്ങള്‍ വഴികാട്ടിയായി. ഈ നടപടിമൂലം കുറഞ്ഞകാലം കൊണ്ടുതന്നെ വികസനം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനായി.

സ്വാതന്ത്ര്യം കിട്ടിയ കാലത്തെ ദാരിദ്ര്യാവസ്ഥയില്‍ നിന്നാണ് വിരലിലെണ്ണാവുന്ന വര്‍ഷംകൊണ്ട് ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍  തിമൂരിനെ ഉയര്‍ച്ചയിലെത്തിക്കാന്‍ കഴിഞ്ഞത്. അഞ്ചു വര്‍ഷമാണ് ഏബ്രഹാം ജോസഫ് യു.എന്‍. പ്രതിനിധിയായി ടിമൂറിലുണ്ടായിരുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന നാളുകളില്‍ ചരിത്രം രചിക്കാന്‍ അദ്ദേഹത്തിനാവുകയും ചെയ്തു. എന്നാൽ തന്റെ മാത്രം കഴിവല്ല  ഇതൊരു ടീം വർക്ക് ആയിരുന്നു എന്നാണു അദ്ദേഹം വിനയപൂർവം വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ മുന്‍ മന്ത്രി കെ.കെ. ശൈലജക്കൊപ്പം യു.എന്നില്‍

2011-ല്‍ ഐക്യരാഷ്ട്ര  സംഘടനയില്‍ നിന്നു വിരമിച്ച ഏബ്രഹാമിന്റെ സേവനങ്ങളുടെ വലുപ്പം മനസ്സിലാക്കിയ ടിമൂര്‍ സര്‍ക്കാര്‍ ഉപദേശകനായി തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തി.

ദേശമോ ഭാഷയോ ആത്മാര്‍ത്ഥമായ സേവനത്തിനു മുന്നില്‍ അതിര്‍വരമ്പിടില്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. അതിവേഗം വളരുന്ന, രണ്ടക്ക മൊത്ത ആഭ്യന്തര ഉല്‍പാദനമുള്ള രാജ്യങ്ങളിലൊന്നായി ഇന്നു ടിമൂര്‍ മാറിയിരിക്കുന്നു. മറ്റു രംഗങ്ങളിലും ലോകത്തിനു മാതൃക കാണിക്കുകയാണ് ഈ കൊച്ചുരാജ്യം. 10% പാര്‍ലമെന്റ് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 18% സ്ത്രീപ്രാതിനിധ്യമുള്ള പോലീസ് സേന. ഏറ്റവും കൂടുതല്‍ വനിതാ പോലീസുകാരുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണിത്. വധശിക്ഷ ഇല്ലാത്തതും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കുറവുമാണു മറ്റൊരു പ്രത്യേകത.

ടിമുര്‍-ലെസ്റ്റെ ധനമന്ത്രിയായിരുന്ന ഡോ. എമിലിയ പിരെസുമൊത്ത് ഐക്യരാഷ്ട്ര ആസ്ഥാനത്ത്.

26 വര്‍ഷം സാമ്പത്തിക വിദഗ്ധനായി ഐക്യരാഷ്ട്ര സംഘടനയില്‍ ജോലി ചെയ്ത ഏബ്രഹാമിനു പല ചരിത്രത്തിലും സാക്ഷിയും പങ്കാളിയുമാകാനായി. ബ്രിട്ടീഷ് ഉദ്യോഗസ്ഥാനായിരുന്ന പി.ജി.ജോസഫിന്റെ  മകനായി സിംഗപ്പൂരില്‍ ജനിച്ച ഏബ്രഹാം പഠനം പൂര്‍ത്തിയാക്കിയതു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും മാര്‍ ഇവാനിയോസ് കോളേജിലുമാണ്. പിന്നീട് ജപ്പാനിലെ ഇക്കണോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നും പിന്നീട്  ജപ്പാന്‍ വിദേശകാര്യമന്ത്രിയായ ഡോ. സബൂറോ ഒകിതയുടെ കീഴില്‍ ഡോക്ട്‌റേറ്റ് നേടി. ആദ്യ നിയമനം ഇന്ത്യന്‍ ആസൂത്രണ കമ്മീഷനില്‍. മന്‍മോഹന്‍ സിങ്, ജയറാം രമേശ്, മൊണ്ടെക് സിങ്ങ് അലുവാലിയ തുടങ്ങിയവരായിരുന്നു സഹപ്രവര്‍ത്തകര്‍. 

ഇതിനിടയിലാണ് യു.എന്നില്‍ നിന്നു വിളി വന്നത്. പിന്നീട് പല രാജ്യങ്ങളിലും യു.എൻ. പ്രതിനിധിയായി  പ്രവർത്തിച്ചു . 1993 മുതല്‍ 2002 വരെ യു.എന്‍. സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ചുമതല വഹിച്ചു.

ഏബ്രഹാമിന്റെ വൈദഗ്ധ്യം മനസ്സിലാക്കി ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ പ്രസിഡന്റ് ജോയ്‌സി ബാണ്ട  തന്റെ ഉപദേശകനായി  ക്ഷണിച്ചു. വളർച്ച മുരടിച്ച രാജ്യത്തെ കുഞ്ഞുങ്ങൾക്ക് അന്താരാഷ്‌ട്ര സഹായം ലഭ്യമാക്കുക എന്നതായിരുന്നു ദൗത്യം. 

സാമ്പത്തിക വിദഗ്ധയും ജപ്പാന്‍കാരിയുമായ ഭാര്യ തകാകോ ഹമഗൂച്ചി യൂനിസെഫില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്നു . മകന്‍ ജൂണ്‍ ഏബ്രഹാം എന്‍ജിനീയർ. ടിമൂറിന്റെ അത്ഭുതകരമായ വളര്‍ച്ച വിഷയമാക്കി ഭാര്യയോടൊപ്പം  ലെസ്റ്റെ  ഫ്രം പോവര്‍ട്ടി ടു- എന്ന പുസ്തകം പ്രസിദ്ധീകരിച്ചു .

അമ്മയെ  എത്ര തിരക്കിനിടയിലും എല്ലാ വര്‍ഷവും നാട്ടിലെത്തി കാണുന്നത് ഏബ്രഹാമിന്റെ തെറ്റാത്ത നിഷ്ഠകളിലൊന്നായിരുന്നു. 101  വയസിൽ അവർ 2014-ൽ അന്തരിച്ചു.  നാടിനോടുള്ള ഈ താല്‍പര്യം കൊണ്ടാണ് 2011 ല്‍ ടിമൂര്‍ പ്രസിഡന്റായിരുന്ന രാമോസ് ഹോര്‍തെയെ കേരളത്തില്‍ എത്തിച്ചതും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ചില കമ്പനികളുമായി ഐടി രംഗത്ത് ടിമൂര്‍ കരാര്‍ ഒപ്പുവെയ്ക്കാന്‍ സാഹചര്യമൊരുക്കിയതും.  

ഇരുപത്താറു വർഷത്തെ സേവനത്തിനിടയിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, ഓഫീസ് ഫോർ ഇക്കണോമിക് ആൻഡ്  സോഷ്യൽ കൗൺസിൽ സപ്പോർട്ട് ആൻഡ് കോർഡിനേഷൻ  അടക്കം വിവിധ ഏജൻസികളിൽ  വ്യത്യസ്ത  പദവികൾ വഹിച്ചിട്ടുണ്ട്.

 വികസനം തീരെ കുറഞ്ഞ രാജ്യങ്ങൾ, കടലില്ലാതെ കരകൊണ്ട് വലയം ചെയ്യപ്പെട്ട (landlocked) വികസ്വര രാജ്യങ്ങൾ, ചെറു ദ്വീപുകൾ ഉൾച്ചേർന്ന വികസ്വര സംസ്ഥാനങ്ങൾ എന്നിവക്കു വേണ്ടിയുള്ള  ഓഫീസിലും പ്രവർത്തിച്ചു . സെക്രട്ടേറിയറ്റ് ഓഫ് ദി ചീഫ് എക്സിക്യൂട്ടീവ്സ് ഫോർ യുണൈറ്റഡ് നേഷൻസ് സിസ്റ്റം കോർഡിനേഷൻ ബോർഡിലും ആഫ്രിക്കയ്ക്കുള്ള പ്രത്യേക കോർഡിനേറ്ററുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിരമിച്ച ശേഷം, യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച്,   'യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030' എന്ന വിഷയത്തിൽ   വിദ്യാർത്ഥികൾക്കും എൻ‌ജി‌ഒകൾക്കും (ഇന്റർ-ഫെയ്ത്ത് ഗ്രൂപ്പുകൾ ഉൾപ്പെടെ)   വേണ്ടി പ്രഭാഷണങ്ങൾ നടത്തുന്നു

സ്വീഡനിലെ ഫോക്ക് ബെർണഡോട്ടെ അക്കാദമി 'സംഘർഷം തടയുക  സമാധാനം വളർത്തുക ' എന്ന വിഷയത്തിലും കാലിഫോർണിയയിലെ യുഎസ് നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂൾ  'സംഘർഷ-ബാധിത പരിതസ്ഥിതികളിൽ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തിലും  USAID ന്റെ    'ട്രേഡ് പ്രൊട്ടക്ഷനിസം' എന്ന വിഷയത്തിലും ഉൾപ്പടെ   നിരവധി പ്രത്യേക പരിശീലന  കോഴ്‌സുകളിൽ പങ്കെടുത്തിട്ടുണ്ട്.

2016 ജൂലൈ 20-ന് വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന 'ആഗോള വികസനത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസ് ഉച്ചകോടിയിലും' ഡോ. ജോസഫ് പങ്കെടുത്തു. 2021 ഡിസംബർ 9-ന് പ്രസിഡന്റ് ജോസഫ് ബൈഡന്റെ  ഇനിഷ്യേറ്റീവ് ഫോർ ഡെമോക്രാറ്റിക് റിന്യൂവലിനെക്കുറിച്ചുള്ള വൈറ്റ് ഹൗസ് ഉച്ചകോടിയിലും അദ്ദേഹം സ്തുത്യർഹമായ സംഭാവന നൽകി.

ഒക്ലഹോമ സർവകലാശാലയിലെ പബ്ലിക് സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇന്റർനാഷണൽ അഡ്വൈസറായും  പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. ജോസഫ് അടുത്തിടെ തകാക്കോ ഹമാഗുച്ചിയുമായി ചേർന്ന്  രചിച്ച 'ടിമുർ-ലെസ്റ്റെ: ദി ഹിസ്റ്ററി ആൻഡ് ഡെവലപ്മെന്റ് ഓഫ് ഏഷ്യാസ്‌ ന്യൂയെസ്റ്റ് നേഷൻ ' എന്ന പുസ്തകം  ടിമോർ-ലെസ്റ്റെയുടെ അന്നത്തെ ഉപപ്രധാനമന്ത്രിയാണ്  യുഎന്നിൽ വച്ച്  പ്രകാശനം ചെയ്തത്.

 'ഇന്ത്യാസ് ട്രേഡ് വിത്ത് ജപ്പാൻ: ചലഞ്ചസ് ആൻഡ് ഓപ്പർച്യുണിറ്റിസ്'  എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധിയാണ് അന്ന് പുറത്തിറക്കിയത്.

അന്തർദേശീയ വികസനത്തെക്കുറിച്ച് നിരവധി ലേഖനങ്ങളും ജേണലുകളും പുസ്തകങ്ങളും  ഡോ. ജോസഫ്  സംഭാവന ചെയ്തിട്ടുണ്ട്.

അക്കാദമിക്ക് കൗൺസിൽ ഓഫ് യുണൈറ്റഡ് നേഷൻസ് സിസ്റ്റത്തിന്റെ (ACUNS)  അംഗം,  അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ (AEA); ഏഷ്യ ആൻഡ് പസഫിക് പോളിസി സൊസൈറ്റി, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി,  തുടങ്ങിയവയുടെ  ബോർഡിലും  സേവനമനുഷ്ഠിക്കുന്നു. കൂടാതെ, ഒക്ലഹോമയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ മുതിർന്ന ഉപദേഷ്ടാവായും പ്രവർത്തിച്ചു
(മലയാള മനോരമ ലേഖനത്തോട് കടപ്പാട്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക