Image

മേയർ ജോൺ എബ്രഹാം എന്ന പയനിയർ ( യു.എസ് . പ്രൊഫൈൽസ് -ടാജ് മാത്യു)

Published on 11 March, 2022
മേയർ ജോൺ എബ്രഹാം എന്ന പയനിയർ ( യു.എസ് . പ്രൊഫൈൽസ് -ടാജ് മാത്യു)

ന്യു ജേഴ്സിയിലെ ടീനെക്ക്  നഗരത്തിന്റെ മേയറായ മലയാളിയെന്ന റിക്കാര്‍ഡിട്ട ജോണ്‍ എബ്രഹാം മനസു തുറക്കുമ്പോള്‍ ഒരു ചരിത്ര പുസ്തകത്തിന്റെ താളുകള്‍ മറിക്കുന്ന പ്രതീതിയാണ്. അന്യ രാജ്യക്കാരനെന്ന ലേബല്‍ മറി കടന്ന് മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി   മേയറായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ എബ്രഹാം കുടിയേറ്റക്കാരുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ വെളിപാടു പുസ്തകവുമാണ്. അമേരിക്കന്‍ വംശജരും മുഖ്യമായും യഹൂദരും ഗതി നിയന്ത്രിക്കുന്ന ഇന്നാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ തിരുവനന്തപുരം പ്ലാമ്മൂട് സ്വദേശിയായ ജോണ്‍ എബ്രഹാം പയറ്റിത്തെളിഞ്ഞത് ഇരുതലയുളള രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും ഒറ്റയായി നടത്തിയ പടയോട്ടങ്ങളിലൂടെയും തന്നെ.

എന്നാല്‍ എഴുപത്തഞ്ചുകാരനായ ജോണ്‍ എബ്രഹാമിനെ പല്ലു കൊഴിഞ്ഞ രാഷ്ട്രീയ സിംഹമൊന്നും വിശേഷിപ്പിക്കാനാവില്ല. ഇന്നും ഊര്‍ജസ്വലനാണ് അദ്ദേഹം. മനസു കൊണ്ടും ശരീരം കൊണ്ടും യൗവനക്കാരന്‍. തികച്ചും ആരോഗ്യവാന്‍. രോഗങ്ങളും പീഡകളും ഇല്ല. അരോഗദൃഡഗാത്രനോ എന്നു ചോദിച്ചാല്‍ അതിന്റെ സര്‍ട്ടിഫിക്കേറ്റ് ഡോക്ടര്‍മാര്‍ക്കേ നല്‍കാനാവൂ എന്നും ന്യൂജേഴ്‌സി അസംബ്ലിയിലേക്കും മത്സരിച്ച ചരിത്രമുളള ജോ ണ്‍ എബ്രഹാം.

രാഷ്ട്രീയവും സാമൂഹിക ജീവിതവും മടുത്തിട്ടാണോ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ യാതൊരു മടുപ്പും ഇല്ല എന്ന് ഉത്തരം. എന്റെ കഴിവുകള്‍ പ്രയോഗിച്ചു കഴിഞ്ഞിരിക്കുന്നു. ഒന്നിനുമുളള ബാല്യം എനിക്കില്ല. അതൊക്കെ ഇനി യുവ തലമുറയുടെ ഉത്തരവാദിത്തമാണ്. അവര്‍ക്കാണ് കഴിവുകളും ഊര്‍ജസ്വലതയും. അതു കൊണ്ട് ഞാന്‍ വഴിമാറിയെന്നേയുളളൂ. ഭാവി നിര്‍ണയിക്കുന്ന തലമുറക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുക. അല്ലാതെ അധികാരത്തിന്റെ ചാരു കസേരയില്‍ മലര്‍ന്നിരുന്ന് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മുരട്ടു രാഷ്ട്രീയക്കാരനല്ല ഞാന്‍.

എന്നിരിക്കിലും ഉപദേശങ്ങള്‍ ചോദിക്കുന്നവര്‍ക്ക് അത് നല്‍കാറുണ്ട്. നമ്മുടെ അനുഭവ പരിജ്ഞാനം പിന്‍പേ വരുന്നവര്‍ക്ക് പകരുന്നതില്‍ ഒരു രാഷ്ട്രീയ തത്വസംഹിതയും തടസമാവേണ്ടതില്ലല്ലോ.

തിരുവനന്തപുരത്ത് നിന്ന് ബോംബെയിലേക്കും അവിടെ നിന്ന് ടാന്‍സാനിയയിലേക്കും തുടര്‍ന്ന് അമേരിക്കയിലും എത്തിയ ജോണ്‍ എബ്രഹാമിന്റെ കര്‍മ്മകാണ്ഡങ്ങളില്‍ ജോലിയും കഠിനാധ്വാനവും അതുവഴിയുളള രാഷ്ട്രീയ ജീവിതവും ഇഴചേര്‍ന്നിരിക്കുന്നു.

ടെക്‌സ്‌റ്റൈല്‍ എന്‍ജിനിയറായ ജോണ്‍ എബ്രാഹാം ജോലി തേടി കേരളം വിടുന്നത് ബോംബെയിലേക്കാണ്. പ്രവാസത്തിന്റെ ആദ്യ യാത്രയെന്ന് അതിനെ വിശേഷിപ്പിക്കാം. തുടര്‍ന്ന് ടാന്‍സാനിയയിലെത്തി. വിദേശ ജീവിതത്തിന്റെ ഭയവിഹ്വലതകള്‍ കണ്ടറിഞ്ഞത് ടാന്‍സാനിയയിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്വദേശിവാദം ശക്തമായിരുന്നു അക്കാലത്ത് ടാന്‍സാനിയയില്‍. വിദേശികളെ ജോലിക്കെടുക്കുന്നതിലുളള പ്രതിഷേധം രൂക്ഷം. ഒട്ടും സുരക്ഷിതമായിരുന്നില്ല ടാന്‍സാനിയയിലെ ജീവിതം. അവിടെ നിന്നും കടക്കു കയെന്ന ആഗ്രഹം ശക്തമായി. എഴുപതുകളുടെ തുടക്കത്തില്‍ വിസിറ്ററായി അമേരിക്കയിലെത്തി.


 
ന്യൂജേഴ്‌സിയിലെ രണ്ട് കമ്പനികളില്‍ ടെക്‌സ്‌റ്റൈല്‍ എന്‍ജിനിയറായി ആദ്യകാലത്ത് ജോലി നോക്കി. ഡെക്‌സ്റ്റര്‍ നിറ്റിംഗ് മില്ലിലും ഡ്യൂറോലൈറ്റ് വീവിംഗ് കമ്പനിയിലും. ഡെക്‌സ്റ്റര്‍ മില്‍ സ്‌പൊണ്‍സര്‍ ചെയ്താണ് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നത്.

എന്നാല്‍ ഫുള്‍ സ്യൂട്ടണിഞ്ഞ എന്‍ജിനിയര്‍ ജോലി മാത്രമായിരുന്നില്ല അക്കാലത്തെന്ന് ജോണ്‍ എബ്രഹാം അനുസ്മരിച്ചു. ആരോരുമില്ലാതെ അമേരിക്കയിലെത്തിയ തന്നെപ്പോലുളളവര്‍ക്ക് ഒരു ജോലി കൊണ്ടൊന്നും പിടിച്ചു നില്‍ക്കാനാവില്ല. രണ്ട് ജോലികളൊക്കെ ചെയ്യുക അക്കാലത്ത് സാധാരണമായിരുന്നു. ഞാന്‍ പോസ്റ്റ് ഓഫിസില്‍ പാര്‍ട് ടൈം ജോലി ചെയ്തു. ട്രക്കിംഗ് കമ്പനിയില്‍ ലോഡിംഗിനു പോയി. അങ്ങനെ രണ്ടറ്റവും ഒരു തരത്തില്‍ കൂട്ടിമുട്ടിച്ചെടുത്തു.

ജീവിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുക, സംഭാവന ചെയ്യുക എന്നത് ഒരു പൗരന്റെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എന്നാല്‍ സമ്പൂര്‍ണ രാഷ്ട്രീയ ജീവിതം എന്നൊന്നും പറയാനാവില്ലെന്ന് ജോണ്‍ എബ്രഹാം തിരുത്തി. സമൂഹത്തില്‍ ഇടപെടുന്നത് ഒരുതരത്തില്‍ സാമൂഹ്യ ജീവിതമാണ്. രാഷ്ട്രീയം രണ്ടാമതേ വരുന്നുളളൂ. 1990 ല്‍ ടീനെക്ക് കൗണ്‍സിലറാവുമ്പോഴും 1992 ല്‍ മേയറായി തി രഞ്ഞെടുക്കപ്പെടുമ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരുന്നില്ല ഞാന്‍. ടീനെക്ക് നോണ്‍ പാര്‍ട്ടിസന്‍ ഇലക്ഷനാണ് നടത്തുന്നത്. അതിനാല്‍ തന്നെ പൊളിറ്റിക്കല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അപ്രസക്തമാണ്.

ടീനെക്കിലും സമീപ പ്രദേശങ്ങളിലും യഹൂദ വംശജര്‍ സജീവമായിരുന്നു. അവര്‍ സമൂഹവുമായി ഇടപെടുന്നത് നേരില്‍ കണ്ടറിഞ്ഞതാണ് ഞാന്‍ പൊതു ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാവുന്നത്. ഒരുതരത്തില്‍ നോക്കിയാല്‍ ഇന്ത്യക്കാരുടെ ജീവിതവുമായി ഏറെ സാമ്യമുണ്ട് യഹൂദ വംശജരുടെ ജീവിതത്തിലും. ഉറച്ച കുടുംബമൂല്യങ്ങളും ബന്ധങ്ങളും ഇവര്‍ കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ യഹൂദര്‍ നമ്മെക്കാള്‍ ഏറെ മുന്നിലാണ്. അവര്‍ എല്ലാ രംഗത്തും ഇടപെടുന്നു. നമ്മള്‍ ജോലിയും കുടുംബവും മാത്രമായി ഒതുങ്ങിക്കൂടുന്നു. ഇതിന് മാറ്റമുണ്ടാകണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ ഏറെക്കറെ പഴയപടി തന്നെ. പുതു തലമുറയില്‍ നിന്നും പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും ശക്തമായ സാന്നിധ്യമെന്നൊന്നും പറയാനാവില്ല.

നിശബ്ദരായി എനിക്കു വേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യക്കാരെ പക്ഷേ വിസ്മരിക്കുന്നില്ല. കൗണ്‍സിലറായി മത്സരിക്കുമ്പോഴായിരുന്നു ഇത് ഏറ്റവും പ്രകടം. മക്കളുടെ സഹപാഠികളായിരുന്ന സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സാധാരണ ജോലിക്കാര്‍ വരെ എനിക്കായി പ്രവര്‍ത്തിച്ചു. എതിര്‍പക്ഷക്കാര്‍ കനത്ത തുക മുടക്കി പ്രചാരണം നടത്തുമ്പോഴായിരുന്നു പണമില്ലാതെ വലയുന്ന ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിക്കായി ലീഫ്‌ലെറ്റുകളും പ്രചാരണ നോട്ടീസുകളും വിതരണം ചെയ്ത് ഇവര്‍ പ്രവര്‍ത്തിച്ചത്. ഒടുവില്‍ പണത്തിനു മുകളില്‍ നിസ്വാര്‍ത്ഥ സേവനം പറന്നു എന്ന് ഇലക്ഷന്‍ ഫലം തെളിയിച്ചു. യഹൂദനായ എതിരാളിയെ കടത്തിവെട്ടി ഞാന്‍ കൗണ്‍സിലറായി. തുടര്‍ന്ന് ടീനെക്ക് നഗരത്തിന്റെ മേയറും.

മേയറായിരിക്കവേ ഇരു പാര്‍ട്ടികളിലും നിന്നും ക്ഷണം വന്നിരുന്നു. എങ്കിലും ഞാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലാണ് ചേര്‍ന്നത്. ബില്‍ ക്ലിന്റണ്‍ ആദ്യം പ്രസിഡന്റായി മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും നല്ലൊരു തുക സംഭാവനയായി പിരിച്ചു കൊടുക്കാന്‍ സാധിച്ചിരുന്നു.

എന്നാല്‍ ക്ലിന്റന്‍ ഗവണ്‍മെന്റില്‍ ഇന്ത്യക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയതിന് പ്രതിഷേധമായാണ് ഡമോക്രാറ്റിക് പാര്‍ട്ടി വിടാന്‍ കാരണം. ക്ലിന്റന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് അഞ്ചു മില്യന്‍ ഡോളറായിരുന്നു ഇന്ത്യന്‍ വംശജരുടെ സംഭാവന. യൂഹദരു ടെ സംഭാവനയും അഞ്ചു മില്യന്‍ തന്നെ. എന്നാല്‍ ഗവണ്‍മെന്റില്‍ യഹൂദരായി മൂന്നുപേര്‍. ഇന്ത്യക്കാരായി ആരുമില്ല. ഇത് കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡമോക്രാ റ്റുകളെ വിട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പാര്‍ട്ടി മാറ്റത്തിലൂടെ ജോണ്‍ എബ്രഹാം രാഷ്ട്രീയ ആത്മഹത്യയാണ് നടത്തുന്നതെന്ന് സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളും പറഞ്ഞിരുന്നു. എങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും ഇന്ത്യന്‍ സമൂഹത്തെ ക്ലിന്റണ്‍ ഭരണകൂടം അവഗണിച്ചതിന്റെ പ്രതിഷേ ധം പ്രകടിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. പാര്‍ട്ടി മാറ്റം നാട്ടിലെ പത്രങ്ങള്‍ ആഘോ ഷിക്കുകയും ചെയ്തു. അമേരിക്കയിലും കാലുമാറ്റം എന്നൊക്കെ പറഞ്ഞാണ് അവര്‍ തലക്കെട്ടുകള്‍ കൊടുത്തത്.

രാഷ്ട്രീയപരമായി തിരിച്ചടികള്‍ നല്‍കിയതാണ് ഈ പാര്‍ട്ടി മാറ്റം എന്നു പറയാതെ വയ്യ. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കാലം തന്നെയായിരുന്നു മേയര്‍ഷിപ്പ്. ഇന്ത്യാ ഗവര്‍ണ്‍മെന്റിന്റെ അതിഥിയായി 1993 ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായതാണ് അതിലെ ഏറ്റവും തിളക്കമാര്‍ന്ന ഏട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി രുന്ന ജോണ്‍ മേജറായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഞാന്‍ ഗസ്റ്റും.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ക്ഷണത്തിന്റെ വ്യാപ്തി അറിയാനായത് പക്ഷേ ഡല്‍ഹിയില്‍ ചെന്നപ്പോഴാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അമാന്തം തന്നെ കാരണം. അക്കാലത്ത് വടക്കേ ഇന്ത്യക്കാര്‍ക്കായിരുന്നു കോണ്‍സുലേറ്റില്‍ സ്വാധീനം. മലയാളിയായ ഒരു മേയറെ ഇന്ത്യാ ഗവണ്‍മെന്റ്ക്ഷണിച്ചു എന്നറിയിക്കാന്‍ അവര്‍ കാലതാമസം വരുത്തി. റിപ്പബ്ലിക്ക് ഡേ അടുത്ത ദിവസത്തിലാണ് എനിക്ക് ക്ഷണമുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഞൊടിയിടയില്‍ തയാറായി ഞാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുകയായിരുന്നു. അടുത്ത സുഹൃത്തും സഹചാരിയുമായ അബ്‌കോണ്‍ കുഞ്ഞച്ചനെയും ഒപ്പം കൂട്ടി.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ അതാ സ്വീകരിക്കാന്‍ ഒരു വന്‍നിര. ഡല്‍ഹി ലഫ്റ്റനന്റ്ഗവര്‍ണര്‍ ദുവേ, പോലിസ് കമ്മിഷണര്‍, മന്ത്രിമാര്‍ തുടങ്ങി ഒരു ഡസനിലധികം ഉന്നതര്‍. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇവര്‍ക്കൊക്കെ ഗിഫ്റ്റുമായി ചെല്ലാമായിരുന്നു. പക്ഷേ അവസാന നിമിഷം അറിഞ്ഞതിനാലും ആരൊക്കെ വിമാനത്താവളത്തില്‍ വരുമെന്ന് അറിയാത്തതിനാലും ഒന്നിനും സാധിച്ചില്ല. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ മനസാ ശപിച്ചു.

റെഡ്‌ഫോര്‍ട്ടില്‍ നടന്ന 1992 ജനുവരി 26 ന് നടന്ന റിപ്പബ്ലിക്കന്‍ ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ പതാകയുയര്‍ത്തി. ഞാന്‍ അതിഥിയായി വേദിയില്‍. ശങ്കര്‍ദയാല്‍ ശര്‍മ്മയായിരുന്നു ഇന്ത്യയുടെ പ്രസിഡന്റ്. പി.വി നരസിംഹ റാവു പ്രധാനമന്ത്രിയും. തലേന്ന് ജനുവരി 25 ന് ഡല്‍ഹി ഗവണ്‍മെന്റിന്റെ ആതിഥേയത്വത്തില്‍ രാജ്ഭവനില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. മുഖ്യാതിഥിയായി പതാകയുയര്‍ത്തിയത് ഞാന്‍ തന്നെ.

ത്രിവര്‍ണ പതാക മുഖ്യാതാഥിയുടെ അഭിമാനത്തോടെ മുകളിലേക്കുയര്‍ത്തിയപ്പോള്‍ ഞാന്‍ വിനയം കൊണ്ടു നിറയുകയായിരുന്നു. ഇരുപത്താറാം വയസില്‍ ഇന്ത്യ വിട്ട എന്നെ ഇതാ എന്റെ ജന്മനാട് ആദരിച്ചിരിക്കുന്നു. ലോകത്തിലെ ഒരു മലയാളിക്കും ഇത്തരമൊരു നേട്ടം ഉണ്ടായിട്ടില്ല ഇതുവരെ…. എളിയവാനായ എന്റെ പുണ്യമോ പൂര്‍വികരുടെ സുകൃതമോ.. ഒന്നും വിവേചിച്ചെടുക്കാനാവുന്നില്ല.

മേയറായ കാലത്തുണ്ടായ അനുഭവങ്ങളില്‍ നിന്നാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. ലോകത്തിന്റെ പല ഭാ ഗത്തു നിന്നുമുളള മലയാളികളില്‍ നിന്നും സഹായം തേടി അക്കാലത്ത് കത്തുകള്‍ വന്നിരുന്നു. മുഖ്യമായും മിഡില്‍ ഈസ്റ്റില്‍ നിന്ന്. വിസക്ക് പണം നല്‍കി മിഡില്‍ ഈസ്റ്റില്‍ എത്തിയ ഇവരുടെ കദനകഥകള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ഖത്തറില്‍ നിന്നും എത്തിയ ഒരു കോഴിക്കോട്ടുകാരന്റെ കത്താണ് ലോക മലയാളി എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്. ജോലിക്കായി ഖത്തറില്‍ എത്തിയ സഹോദരന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചായിരുന്നു ആ കത്ത്. ഓട്ട മത്സരത്തിന് പരിശീലിപ്പിക്കുന്ന ഒട്ടകങ്ങളുടെ ലായത്തിലായിരുന്നു ഖത്തര്‍ ഷെയ്ക്കുമാര്‍ അയാളുടെ സഹോദരന് ജോലി നല്‍കിയത്. ഒട്ടകം നന്നായി ഓടണമെങ്കില്‍ മുകളിലിരിക്കുന്ന ആള്‍ക്ക് ഭാരം കുറവായിരിക്കണം. അതിനായി പട്ടിണിക്കിട്ടാണ് അയാളെക്കൊണ്ട് ജോലി എടുപ്പിച്ചിരുന്നത്. പട്ടിണി കിടന്ന് എല്ലും തോലുമായി മാറിയ സഹോദരനെ രക്ഷിക്കാന്‍ അമേരിക്കയിലെ മേയര്‍ എന്ന നിലയില്‍ ഇടപെടണമെന്നായിരുന്നു സഹോദരന്റെ അഭ്യര്‍ത്ഥന.

കത്ത് കിട്ടിയുടന്‍ ഞാന്‍ ഖത്തര്‍ ഷെയ്കിന് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്തയച്ചു. ജോണ്‍ എബ്രഹാം മേയര്‍ എന്നു കാണുന്ന ഷെയ്കിനറിയില്ലല്ലോ ഞാന്‍ മലയാളിയാണെന്ന്. ലോകക്രമം നിയന്ത്രിക്കുന്ന അമേരിക്കയുടെ ഒരു നഗര മേയര്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാതെ പറ്റുമോ എന്ന് ഷെയ്ക് ചിന്തിച്ചിരിക്കാം. ദിവസങ്ങള്‍ക്കുളളില്‍ കോഴിക്കോട്ടുകാരന്‍ സഹോദരന്‍ മോചിതനായി. ഇത്തരം പല കാര്യങ്ങളിലും മേയര്‍ എന്ന നിലയില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും കഴിഞ്ഞു.

ലോകത്താകെ പടര്‍ന്നിരിക്കുന്ന മലയാളി സമൂഹത്തിനെ ഒരു കുടക്കീഴില്‍ കൊണ്ടു വരികയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കുന്ന പ്രസ്ഥാനം എന്ന നിലയിലാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന് രൂപം കൊടുത്തത്. മലയാളി മലയാളികള്‍ക്കു വേണ്ടി, മലയാളികള്‍ മലയാളിക്കു വേണ്ടി എന്നതായിരുന്നു വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അടിസ്ഥാന ആശയം. എന്റെ വീ ടിന്റെ മോര്‍ട്ട്‌ഗേജിന്മേല്‍ കടമെടുത്താണ് വേള്‍ഡ് മലയാളി കൗണ്‍സിലിനു തുടക്കത്തില്‍ വേണ്ട ചിലവുകള്‍ക്ക് തുക കണ്ടെത്തിയത്. തിരുവനന്തപുരത്തെ വഴുതക്കാട്ടുളള ട്രിവാന്‍ ഡ്രം ക്ലബ്ബില്‍ ഞാന്‍ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ വച്ചാണ് ഈ ആശയം പുറം ലോകത്തെ അറിയിക്കുന്നത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രസ് കോണ്‍ഫറന്‍സിലെ വിവരങ്ങള്‍ നല്ല രീതിയില്‍ പ്രസിദ്ധീകരിച്ചതിനാല്‍ വളരെ പെട്ടെന്നു തന്നെ വേള്‍ഡ് മലയാളി എന്ന ആശയത്തിന് പ്രചാരം കിട്ടി. വ്യവസായിയായ സി.എം.സി മേനോന്‍, മുന്‍ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദ്, ഗള്‍ഫിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദലി എന്നിവര്‍ ആരംഭകാലത്ത് ലോകത്തുളള പല മലയാളികളുമായും ബന്ധപ്പെടാന്‍ എനിക്ക് സൗകര്യം ചെയ്തു തന്നവരാണ്.

എന്നാല്‍ അമേരിക്കയിലുളള പല സംഘടനാ നേതാക്കളും വേള്‍ഡ് മലയാളി കൗണ്‍സിലിനെ സംശയത്തോടെയാണ് നോക്കിയത്. അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ പല നേതാക്കളും ഒരു ബദല്‍ സംഘടനയായാണ് വേള്‍ഡ് മലയാളി കൗണ്‍സിലിനെ കണ്ടത്. എന്നാല്‍ ഇതൊരു സംഘടനയല്ലെന്നും മറിച്ച് ഒരു പ്രസ്ഥാനമാണെന്നും പലരെയും നേരില്‍ കണ്ട് വിശദീകരിച്ചിരുന്നു. പക്ഷേ അതൊക്കെ അവര്‍ ശരിയായി തന്നെ മനസിലാക്കിയിരുന്നോ എന്തോ..

അടുപ്പക്കാര്‍ പലരും അകലുന്ന കാഴ്ചയും തുടര്‍ന്നു കണ്ടു. സാമൂഹികമായും രാഷ്ട്രീയമായും പലരും എതിര്‍ ചേരിയിലായി. എന്തിനെറെ ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് ഞാന്‍ മത്സരിച്ച വേളയിലും ഈ എതിര്‍പ്പിന്റെ ഫലങ്ങള്‍ കണ്ടു. എന്റെ എതിരാളിയും യഹൂദയുമായ ലൊറെറ്റ വെയ്ന്‍ബര്‍ഗിനായി പല മലയാളികളും പ്രവര്‍ത്തിക്കുകയുണ്ടായി. മേയറായിരുന്ന കാലത്ത് എന്നില്‍ നിന്നും സഹായങ്ങള്‍ കൈപ്പറ്റിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടുവട്ടം ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

നാട്ടിലെ കഥയും ഏറെ വ്യത്യസ്തമായിരുന്നില്ല. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ നാട്ടില്‍ ചുമതലയേറ്റിരുന്ന വ്യക്തി ബിസിനസ് തുടങ്ങി. എന്റെ ആശയത്തില്‍ തുടങ്ങി മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണറായിരുന്ന ടി.എന്‍ ശേഷന്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ മറ്റുള്ളവരിലൂടെ തുടര്ന്നു. ആദ്യകാലത്ത് ഈ ആശയത്തിന് എതിരു നിന്നവരാണ് പിന്നീട് കൗണ്‍സിലിന്റെ തലപ്പത്തെത്തി തീഷ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് എന്നതാണ് തമാശ.

ഇലക്ഷന്‍ പരാജയവും വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരണവും രാഷ്ട്രീയ ജീ വിതവും വ്യക്തിപരമായും കുടുംബപരമായും ഒട്ടേറെ നഷ്ടങ്ങളും വരുത്തി. മുന്‍കാല നേട്ടങ്ങളുടെ സ്മാരകങ്ങള്‍ പോലും എനിക്ക് അധികം സൂക്ഷിക്കാനായില്ല. ഇന്ത്യന്‍ റിപ്പബ്ലിക്ക് പരേഡില്‍ അതിഥിയായി പങ്കെടുത്തതിന്റെ വീഡിയോ കിട്ടിയിരുന്നെങ്കിലും അത് സംപ്രേക്ഷണത്തിനായി തിരുവനന്തപുരം ദൂരദര്‍ശന്‍ നിലയം വാങ്ങിയിരുന്നു. അതിതുവരെ തിരികെ കിട്ടിയിട്ടില്ല.

അതൊക്കെ പോകട്ടെ ഒന്നിച്ചു നിന്ന കുടുംബം വേര്‍പരിഞ്ഞതാണ് ഏറ്റവും ദുഖകരമായത്. ടീനെക്ക് പോലിസില്‍ ഓഫിസറായിരുന്ന മകന്‍ ജോണ്‍ എബ്രഹാം ജൂനിയര്‍ അകാലത്തില്‍ മരണപ്പെട്ടത് മറക്കാനാവാത്ത ദുഖമാണ്.

ഇരുപതു  വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ന്യൂജേഴ്‌സി വിട്ട് ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലേക്ക് കുടിയേറിയത്.

എല്ലാവര്‍ഷും നാട്ടില്‍ പോകും. ഒന്നോ രണ്ടോ മാസം നാട്ടില്‍ നില്‍ക്കുമ്പോള്‍ വാടക വീട്ടിലാണ് താമസം. തിരുവനന്തപുരത്തുളള കുടുംബ വീട്ടില്‍ സഹോദരിയാണുളളത്. ഞങ്ങള്‍ ആറു  സഹോദരങ്ങള്‍ക്ക് ഒരു സഹോദരി മാത്രമാണുളളത്. റിട്ടയേര്‍ഡ് കേണലായ മറ്റൊരു സഹോദരനും നാട്ടിലുണ്ട്. ഏറ്റവും ഇളയ സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ മരിച്ചു. ബാക്കിയുളളവര്‍ അമേരിക്കയില്‍ തന്നെ..
രാഷ്ട്രീയത്തിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും മടങ്ങി വരണമെന്ന് ഒരിക്കലെങ്കി ലും തോന്നിയിട്ടുണ്ടോ?

ഇല്ലേയില്ല.. എന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇനി എല്ലാം കണ്‍കുളിര്‍ക്കെ കാണട്ടെ. ഞാന്‍ ഗാലറിയിലിരുന്ന് വിസിലടിക്കാം; ജോണ്‍ എബ്രഹാം പറഞ്ഞു നിര്‍ത്തി….. 

see more

https://emalayalee.com/US-PROFILES

Join WhatsApp News
Thomas K Varghese 2022-03-14 19:18:07
Good and inspiring article/ autobiography. I like especially the last paragraph. Everyone who holds positions should consider that.
Mathew Joys 2022-03-14 21:24:33
നന്നായി, ഇങ്ങനെ ആയിരിക്കണം സംഘടനാ നേതാക്കൾ. അല്ലാതെ കസേര വിട്ടുകൊടുക്കയുമില്ല , ചാകുന്നതുവരെ ഞാനാണ് ഇത് തുടങ്ങിയത് , എന്റെ ബെയ്‌സ്‌മെന്റിലാണ് ആദ്യ മീറ്റിങ്ങുകൾ നടത്തിയത് തുടങ്ങിയ പുരാണങ്ങൾ കേട്ടു മടുത്തു. ആത്മാർത്ഥമായി യുവതലമുറക്ക് മാർഗ്ഗദർശിയായി പഴയ നേതാക്കന്മാർ മാറിനിന്നെങ്കിൽ, ഈ ജോൺ എബ്രാഹാമിനെ പോലെ !
G.GOPA KUMAR 2022-03-16 04:56:33
Enjoyed reading the article by John Abraham.Very touching and sincere reflections of a hard working Malayalee. He is indeed a role model for all migrants from Kerala.God bless !
Benny 2022-03-16 09:57:00
Good article. I too like the what he said!
Baiju 2022-03-17 04:52:21
Inspiring story. Appreciate this column sharing stories of such people to the new generation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക