Image

അലക്സ് കോശി വിളനിലം: വിശ്രമകാലത്തെ തിരക്കുകൾ (യു.എസ്. പ്രൊഫൈൽ: മീട്ടു റഹ്മത്ത്   കലാം)

Published on 27 March, 2022
അലക്സ് കോശി വിളനിലം: വിശ്രമകാലത്തെ തിരക്കുകൾ (യു.എസ്. പ്രൊഫൈൽ: മീട്ടു റഹ്മത്ത്   കലാം)

ലോകമെമ്പാടുമുള്ള മലയാളികളുടെ ആദ്യ ശൃംഖലയായ വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ഗ്ലോബൽ പ്രസിഡന്റുമായിരുന്ന അലക്സ് വിളനിലം കോശി, അമേരിക്കയിലെ രണ്ടരപ്പതിറ്റാണ്ട് നീണ്ട തിരക്കുകൾ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് എറണാകുളം കടവന്തറയിലെ വീട്ടിൽ തിരികെയെത്തിയത്. എന്നാൽ, സാമൂഹികപ്രവർത്തനം ജീവിതചര്യയായി തീർന്നതുകൊണ്ടുതന്നെ കേരളത്തിലെ പ്രവാസികളടക്കം നിരവധി ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിയോഗമാണ് കാലം കാത്തുവച്ചത്. വിശ്രമജീവിതം എന്നൊന്നില്ലെന്ന തിരിച്ചറിവോടെ ഇപ്പോഴും കർമ്മനിരതനായിരിക്കുന്ന വിളനിലം, അമേരിക്കയിലും കേരളത്തിലുമായി ചിലവഴിച്ച നാളുകളിൽ ആർജ്ജിച്ച അനുഭവപാഠങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു...

കേരളത്തെ വളരെയധികം സ്നേഹിക്കുന്ന താങ്കളേപ്പോലൊരാൾ അമേരിക്കയിലേക്ക് പറക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?

ചെങ്ങന്നൂർ വിളനിലം ചാണ്ടി കോശിയുടെയും മറിയാമ്മ കോശിയുടെയും മകനായി ജനിച്ച എനിക്ക് അമേരിക്കൻ സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിന്  വലിയ പ്രാധാന്യം കൊടുക്കുന്ന കുടുംബപശ്ചാത്തലമാണ് എന്റേത്. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ജോൺ വി.വിളനിലം അപ്പന്റെ സഹോദരപുത്രനാണ്.

ചെങ്ങന്നൂർ ഗവണ്മെന്റ് ഹൈസ്‌കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ പാസായി ചങ്ങനാശ്ശേരി എസ് ബി കോളജിൽ ചേർന്നു.  പിന്നീട് എൻ ഐ ടിയിൽ (വാറങ്കൽ)  നിന്ന്  മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ എംബിഎ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങി.

ഇന്ത്യയിൽ 25 വർഷം ജോലിചെയ്തു. കെ.ആർ.ഗൗരിയമ്മ വ്യവസായ  മന്ത്രിയായിരുന്ന കാലയളവിൽ  സ്വീഡിഷ്  കമ്പനിയുമായി ചേർന്ന് ഞാൻ സ്വീഡ് ആൽക്കോ എന്ന പേരിൽ ഒരു വാട്ടർ-ബേസ്ഡ് പെയിന്റ് കമ്പനി കേരളത്തിൽ തുടങ്ങി. അതിന് ലൈസൻസ് ലഭിക്കുന്നതിനായി അഞ്ച് വർഷത്തോളം നീണ്ട കാത്തിരിപ്പ്, സാമ്പത്തികവും മാനസികവുമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.

കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പോലും ക്ലേശങ്ങൾ നേരിട്ടതോടെ അമേരിക്കയിലുള്ള സഹോദരി എന്നെ സ്പോൺസർ ചെയ്ത് 1990-ൽ ന്യു ജേഴ്‌സിയിലെത്തി. എഞ്ചിനീയർ ആയി ജോലി കിട്ടുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. പ്രത്യേക ടെസ്റ്റൊക്കെ എഴുതി 93 -ലാണ് സ്റ്റേറ്റ്  ഗവൺമെന്റ് സെക്ടറിൽ പ്രവേശിക്കുന്നത്. 24 വർഷത്തോളം എഞ്ചിനീയറായി ന്യുവാർക്ക് നഗരത്തിൽ ജോലി ചെയ്തു. മുഖ്യധാരാ സമൂഹവുമായുള്ള എന്റെ  ഇടപെടൽ തിരിച്ചറിഞ്ഞ്,  ഡോ.മാർട്ടിൻ ലൂഥർ കിംഗ് ബോർഡ് ഓഫ് കമ്മീഷണറായി  മൂന്നു ന്യൂജേഴ്‌സി ഗവർണർമാർ  നിയമിച്ചതടക്കം സ്വപ്നം കാണാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ആകസ്മികമായി വന്നുചേരുകയായിരുന്നു.

വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ലിയു.എം.സി) സ്ഥാപക നേതാക്കളിൽ ഒരാൾ എന്ന നിലയിൽ സംഘടനയുടെ പ്രവർത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഒരേ ആവശ്യങ്ങൾ മുന്നിലുള്ളവർ ഒരുമിച്ചുനിൽക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയാണ് ഏത് സംഘടന രൂപീകരിക്കുമ്പോഴും പ്രതീക്ഷിക്കുന്നത്. നോർക്ക ഡിപ്പാർട്മെന്റ് തുടങ്ങുക എന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ ഡബ്ലിയു.എം.സി യുടെ ശ്രമഫലമായി നടന്നു. ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഒസിഐ കാർഡുകൾ ലഭിക്കുന്നതിന് മലയാളി പ്രവർത്തകരുടെ ടീമിനെ നയിക്കാൻ കഴിഞ്ഞത് അഭിമാനകരമായി തോന്നുന്നു. അമേരിക്കൻ പൗരത്വം നേടുന്നതോടെ സാധാരണ ഇന്ത്യൻ പൗരന് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഒരാളിൽ നിന്ന് ഇല്ലാതാവുകയാണ്. അവന്റെ വസ്തു- സ്വത്ത് എന്നിവയിലെ അവകാശങ്ങൾക്ക് പോലും ഒരു ഉറപ്പുമില്ല. നാട്ടിൽ വസ്തു വാങ്ങാനും വിൽക്കാനുമൊക്കെ ഒരുപാട് നൂലാമാലകളുണ്ട്. ഒസിഐ കാർഡ് വിതരണം ആരംഭിച്ചതോടെ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. 1955 ലെ സിറ്റിസൺഷിപ് ആക്ട് അമെൻഡ് ചെയ്താണ് ഇത് നടപ്പാക്കിയത്.

പഴയ ഇന്ത്യൻ പാസ്‌പോർട്ടും മറ്റും സറണ്ടർ ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റ് വലിയ ഫീസ് ഈടാക്കുന്നത് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റുമായി പ്രവർത്തിച്ചതും നല്ലൊരു അനുഭവമാണ്. മലയാള പത്രം ഉൾപ്പെടെ അമേരിക്കൻ മാധ്യമങ്ങളിൽ പ്രവാസികളുടെ പ്രശ്നങ്ങൾ ഞാൻ എഴുതുമായിരുന്നു.

ഏതൊരു സംഘടനയും വളരും തോറും പിളരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്ഥാനമാനങ്ങളോടുള്ള കൊതി തന്നെയാണ് ഇതിന്റെ പ്രധാനകാരണം. ഫോമാ, ഫൊക്കാന പോലുള്ള സംഘടനകളിൽ അമേരിക്കയിലെയും കാനഡയിലെയും പ്രവാസികളാണുള്ളത്. എല്ലാ രാജ്യത്തുനിന്നുള്ള മലയാളികളും ഉള്ളതുകൊണ്ടുതന്നെ ഡബ്ലിയു.എം.സി യിൽ ഗൾഫ് മലയാളികൾക്ക് അല്പം മേൽക്കൈ കൈവന്നു എന്നുള്ള അസ്വസ്ഥതയും ചിലർക്കുണ്ട്. എന്നെ സംബന്ധിച്ച് കൂടുതൽ പേരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ് സംഘടനയുടെ  വിജയമായി കണക്കാക്കുന്നത്. പദവിക്കായുള്ള ചരടുവലികൾ മനസ്സിലാക്കി, ഇടക്കാലത്ത് വർഷങ്ങളോളം ഇതിൽ നിന്ന് വിട്ടുനിന്നിട്ടുമുണ്ട്.

സമൂഹത്തിന് നല്ലത് ചെയ്യാൻ ആദ്യമാദ്യം ഒരു സംഘടനയുടെ മേൽവിലാസം നല്ലതാണ്. വ്യക്തി സ്വന്തം കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞാൽ, സംഘടനയുടെ പിൻബലം ഇല്ലാതെ പോലും നമുക്ക് ആളുകളിലേക്ക് എത്തിച്ചേരാം. ഒസിഐ കാർഡ് ഉടമകൾക്ക് ഇരട്ട പൗരത്വം നേടുന്നതിനായി വിദേശത്തുള്ള എല്ലാ ഇന്ത്യൻ സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി പ്രവാസി കോൺക്ലേവ് ട്രസ്റ്റ് (പിസിടി) സംഘടിപ്പിച്ചത്  നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ്. എല്ലാ പ്രവാസികളെയും സഹായിക്കാനുള്ള സംവിധാനം പിസിടി ഒരുക്കിയിട്ടുണ്ട്.

ഫിനിഷിങ് സ്‌കൂൾ എന്ന ആശയം ഒന്ന് വിശദീകരിക്കാമോ?

സിലബസിലെ കാര്യങ്ങൾ മാത്രം പഠിച്ച് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുമായി പുറത്തുവരുന്ന യുവാക്കൾ, അവരുടെ കർമ്മരംഗത്ത് എന്തെങ്കിലും സംഭാവന നൽകാൻ പ്രാപ്തിയുള്ളവരല്ലെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. ആഗോള വെല്ലുവിളികളെ നേരിടാൻ പര്യാപ്തമായ രീതിയിൽ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനാണ് പ്രൊഫഷണൽ യുവാക്കൾക്ക് വേണ്ടി 2019 ൽ ഫിനിഷിംഗ് സ്കൂൾ തുടങ്ങിയത്. മികവുറ്റ വിദ്യാർത്ഥികൾക്ക് ഈ പരിശീലനത്തോടെ വിദേശത്തും മറ്റും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാപിന്തുണയും സ്‌കൂൾ ഫാക്കൽറ്റിയുടെ ഭാഗത്തുനിന്നുണ്ടാകും.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ആൻഡ് അക്കാദമിക് കൊളാബറേഷൻ  (IISAC) എന്നൊരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ കൊളംബിയ യൂണിവേഴ്സിറ്റിയിലെ  സീനിയർ ശാസ്ത്രജ്ഞനായിരുന്ന  ഡോ. സണ്ണി ലുക്കുമായി ചേർന്ന് നടത്തുന്നുണ്ട്.

സാംസ്കാരിക ധാരണ, അന്തർദേശീയ വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി  ന്യൂജേഴ്‌സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമാണിത്.  21-ാം നൂറ്റാണ്ടിലെ ആഗോള സമൂഹത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

സൗദിയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലെറിക്കൽഷിപ്പ് കൊടുക്കുന്നതുൾപ്പെടെ നിരവധി സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തെപ്പറ്റി സമഗ്രമായ അറിവ് നേടാൻ 'ഇൻട്രൊഡക്ഷൻ ടു കേരള സ്റ്റഡീസ് ' എന്ന പേരിൽ രണ്ടുവാള്യങ്ങൾ അടങ്ങുന്ന പുസ്തകവും ഞങ്ങളുടെ സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശശി തരൂർ, ബാബു പോൾ, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായ് തമ്പുരാട്ടി അടക്കമുള്ള  പ്രമുഖർ ചേർന്ന് രചിച്ച ബൃഹത് ഗ്രന്ഥം, അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഓറിയന്റൽ സ്റ്റഡീസ് പഠിക്കുന്നവർക്ക് ശുപാർശ ചെയ്തിട്ടുള്ളതാണ്.

നാട്ടിലേക്ക് മടങ്ങാമെന്ന തീരുമാനത്തിന് പിന്നിൽ?

2016 ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ബൈ പാസ് സർജറി കഴിഞ്ഞതിന്റെ ചില അവശതകൾ തോന്നിയപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചു. അമേരിക്കയിൽ ജോലിയിൽ തുടരുന്നതിന് പ്രായപരിധിയില്ല. അവിടുത്തെ തണുപ്പിനേക്കാൾ നാട്ടിലെ കാലാവസ്ഥയാകും കൂടുതൽ ഇണങ്ങുക എന്നങ്ങ് തോന്നി.ഭാര്യ ലളിതയ്ക്കും മകൻ ജിനോയിക്കുമൊപ്പം കടവന്ത്രയിലാണ് താമസം. പെണ്മക്കളായ ജിനുവും ജീനയും ന്യൂജേഴ്സിയിലും കോളറാഡോയിലുമാണ്. കൊച്ചുമക്കളെക്കാണാൻ ഇടയ്ക്ക് കൊതി തോന്നും. അതാണ് അമേരിക്കയിലെ ഇപ്പോഴത്തെ പ്രലോഭനം.

അവിടെ  താമസിക്കുമ്പോഴും നാടുമായുള്ള ബന്ധം നിലനിർത്തിയതുകൊണ്ടാകാം തിരിച്ചുവന്നപ്പോൾ സ്ഥിരമായി പ്രവാസികൾ പരാതിപറയുന്ന ഒറ്റപ്പെടലൊന്നും അനുഭവപ്പെട്ടില്ല. രണ്ടുവർഷം കൂടുമ്പോൾ കേരളത്തിൽ വരുമായിരുന്നതുകൊണ്ട് പറിച്ചുനടൽ പോലെ തോന്നിയില്ല. ഒപ്പം പഠിച്ചവരുമായും സഹപ്രവർത്തകരുമായുമെല്ലാം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാൻ. ഈ കോവിഡ് സമയത്ത് കൂടുതൽ സമയം ലഭിച്ചതുകൊണ്ടും സമൂഹജീവിയായ മനുഷ്യന് ആളുകളുമായി ചേർന്ന് നിൽക്കേണ്ടത് പ്രാണവായു പോലെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും പാതിവഴി മുറിഞ്ഞുപോയ ചില സൗഹൃദങ്ങൾ പോലും തേടിപ്പിടിച്ച് പുതുക്കിയെടുത്തു.

വ്യവസായസംരംഭങ്ങൾ തുടങ്ങാൻ വളക്കൂറുള്ള മണ്ണല്ലെന്ന ബോധ്യത്തോടെ കേരളം വിട്ടുപോയശേഷം മടങ്ങിവരവിൽ എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നുണ്ടോ?

തീർച്ചയായും പത്തിരുപത്തിയഞ്ച് വർഷങ്ങൾകൊണ്ട് കേരളം പഴയതിൽ നിന്ന് ഒരുപാട് മാറി. ഒരു സംരംഭം തുടങ്ങാൻ പണ്ടത്തെ അത്ര പ്രയാസം ഇപ്പോളില്ല. എന്നാൽ, ഇവിടുത്തെ ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങളിൽ എനിക്ക് അതൃപ്തിയുണ്ട്. സാധാരണക്കാരന് ഒരു സർക്കാർ സ്ഥാപനത്തിൽ എന്ത് ആവശ്യത്തിന് ചെല്ലുമ്പോഴും അത് സാധിച്ചുകൊടുക്കാൻ സഹായിക്കേണ്ടവർ കാര്യം നടക്കാതിരിക്കാനുള്ള വഴികളാണ് നോക്കുന്നത്. അമേരിക്കയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പൗരന് ലഭിക്കുന്ന പരിഗണന കണ്ടുപഠിക്കണം.

നമ്മുടെ ഉദ്യോഗസ്ഥരിൽ വലിയൊരു പങ്കും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത് പണിയെടുക്കാതെ ആജീവനാന്തം പെൻഷൻ പറ്റുന്നതിനാണ്.

ഇരുരാജ്യങ്ങളിലെയും ജീവിതം അടുത്തറിഞ്ഞ വ്യക്തിയെന്ന നിലയിൽ ബന്ധങ്ങളോടുള്ള കാഴ്ചപ്പാടിൽ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ?

നാടുകളുടെ വൈരുധ്യത്തിനപ്പുറം കാലത്തിന്റേതായ സ്വാധീനമാണ് ബന്ധങ്ങളിൽ പ്രതിഫലിച്ചിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴത്തെ തലമുറ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വൈമനസ്യമുള്ളവരാണ്. അവർക്ക് 'ഫ്രീ ബേർഡായി' പറന്നുനടക്കാനാണ് താല്പര്യം. എന്റെ ഭാര്യയ്ക്ക് 73 വയസ്സായി. ഞങ്ങൾ ഇപ്പോഴും ചെറിയ കാര്യങ്ങൾക്ക്  വഴക്കിടാറുണ്ട്, പിണങ്ങാറുണ്ട്. പക്ഷേ അതൊന്നും സ്നേഹത്തിന് കോട്ടം തട്ടുന്ന തരത്തിലല്ല. മക്കൾക്ക് വിവാഹപ്രായമായപ്പോൾ ഞാൻ ഒരു ഉപദേശമേ നല്കിയുള്ളു. മറ്റൊരാളുമായി പൊരുത്തപ്പെട്ടുപോകാമെന്ന് പൂർണവിശ്വാസമുണ്ടെങ്കിൽ മാത്രമേ കല്യാണം കഴിക്കാവൂ എന്നാണ് ഞാൻ പറഞ്ഞത്. ഒരു കുട്ടിയുണ്ടായ ശേഷം, മാതാപിതാക്കൾ വിവാഹമോചിതരാകുമ്പോൾ ആ കുഞ്ഞിനെയാണ്  ഏറ്റവുമധികം ബാധിക്കുന്നത്. സിംഗിൾ പേരന്റിങ് ഇപ്പോൾ സാധാരണമായെന്നൊക്കെ പറയാമെങ്കിലും രണ്ടുപേരുടെയും സ്നേഹം കിട്ടിവളരാൻ കുഞ്ഞിന് അവകാശമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആയുഷ്കാലത്തെ അധ്വാനത്തിൽ നിന്നുള്ള സ്വത്തുവകകൾ മാത്രമല്ല അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത്. ജീവിതത്തിൽ നിന്ന് നമ്മൾ പഠിച്ചെടുത്ത നല്ല പാഠങ്ങളും മൂല്യങ്ങളും പകർന്നുകൊടുക്കാനും ശ്രമിക്കണം. അവരത് എത്രത്തോളം നന്നായി ഒപ്പിയെടുക്കും എന്നത് പറയാനാവില്ല.  

Join WhatsApp News
Sudhir Panikkaveetil 2022-03-28 01:37:50
ശ്രീ അലക്സ് വിളനിലം - താങ്കളെക്കുറിച്ച് വായിക്കാൻ കഴിഞ്ഞത് സന്തോഷമുളവാക്കി. വിശ്രമജീവിതം ധന്യമാകട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹത്തോടെ സുധീർ
Benny 2022-03-28 10:16:34
Alex Uncle, good to see that you are doing fine. Please your contact info. Thank you. Benny
Thomas Pc Dr 2022-03-28 12:04:11
Best wishes to my cousin brother Mon (Alex Koshy), for all his involvement in various activities connected with Malayalees around the world, for their upliftment.
George Thomas 2022-03-29 09:30:40
Wish to hear Mr. Alex doing more help for NRIs as well as ex NRIs.
Aji 2022-03-29 13:27:34
So happy to read the document dear Monichayan, as a family member our family and me are so proud of you. Remembering your visit to UAE few years back and the social activities we engaged. Keep doing the great works, Aji (George Koshy Vilanilam, Abu Dhabi).
Capt B K Iyer 2022-03-30 08:05:38
Simply superb! Koshichayan, as I lovingly address him , is an able leader . He has been doing a great service Indians settled abroad . I wish him long life with great health so that he can continue to serve the needy . Capt Iyer .
യു .എ .നസീർ 2022-06-25 02:03:49
Dear Alex Vilanilam, താങ്കളുടെ ഇന്റർവ്യൂ മറ്റു മലയാളി സുഹൃത്തുക്കൾക്ക് പ്രയോജനവും , പ്രചോദനവും ആകുമെന്ന കാര്യത്തിൽ സംശയമില്ല. ദീർഘ കാലം അമേരിക്കയിൽ ജീവിച്ചെങ്കിലും ശിഷ്ടകാലം സ്വന്തം നാട്ടിൽ സമാധാനത്തോടും സ്വസ്ഥതയോടും കൂടി തന്നെ മറ്റു പരിമിധികളും പ്രയാസങ്ങളുമില്ലാതെ തന്നെ ജീവിക്കാമെന്നും കൂട്ടത്തിൽ നാട്ടിലും വെറുതെ ഒറ്റപ്പെട്ടു ജീവിക്കാതെയും വെറുതെ ഇരിക്കാതെയും പൊതുപ്രവർത്തനം നടത്തി സന്തോഷ പൂർവ്വം കഴിയാമെന്നുമുള്ളത് നല്ല ഒരു പാഠം തന്നെ.
John Samuel, Abu Dhabi 2023-02-14 19:26:36
Dear Alex അച്ചായാ, എന്ന് വിളിക്കാം. ഒരു വലിയ വ്യക്തിത്തതിന്റെ ഉടമയാണ്. ഞാനെന്ന ഭാവം ഇല്ലാതെ, may I serve എന്ന attitude ന്റെ ഉടമ. നല്ല ഒരു organiser and leader അതിലുപരി മനുഷ്യ സ്നേഹി. ന്യായത്തിന്റെ side ൽ ശക്തിയായി നിൽക്കും. അദ്ദേഹത്തോടൊപ്പം World Malayali യിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അനേകം പറയാനുണ്ട്, ഇപ്പോൾ വേണ്ട, നിർത്തുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു 🙏 John Samuel, Abu Dhabi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക