Image

വിഷുക്കൈനീട്ടം (കവിത: ദീപ വിഷ്ണു, ബോസ്റ്റണ്‍)

ദീപ വിഷ്ണു, ബോസ്റ്റണ്‍ Published on 14 April, 2022
വിഷുക്കൈനീട്ടം (കവിത: ദീപ വിഷ്ണു, ബോസ്റ്റണ്‍)

മേടം പിറന്നൂ, വിഷു സുദിനമായീ;

സൂര്യന്‍ വരും മുമ്പായ്, അമ്മ വിളിച്ചൂ,

'കണികാണാന്‍ നേരമായ്, ഉണ്ണീയെണീക്കൂ!'

കണ്ണുതുറക്കാതെ, അമ്മതന്‍കൈപിടിച്ചുണ്ണി ശ്രീലകത്തെത്തി വിഷുക്കണി കണ്ടു; ആ പൊന്‍വെളിച്ചത്തിലവന്‍മനം നിറഞ്ഞൂ;

ഓട്ടുരുളിയില്‍ കൊന്നപ്പൂ, പൊന്‍വെള്ളരിക്കയും,

ചക്കയും മാങ്ങയും കായയും ചേനയും,

നാളികേരവും നാണയങ്ങളും കോടിവസ്ത്രവും 

വെള്ളിക്കിണ്ണങ്ങളും സ്വര്‍ണ്ണപ്പതക്കവും,

കണ്ണാടി, കണ്മഷി, കുങ്കുമം, ഗ്രന്ഥവും 

വെറ്റിലയടക്കയും കിണ്ടിയില്‍ വെളളവും 

നിലവിളക്കിന്‍ പൊന്‍പ്രഭയില്‍ പൂഞ്ചിരിക്കുന്ന കണ്ണനും 

കണ്ടുതൊഴുതോരാ ഉണ്ണിക്ക് കൈനീട്ടമായ്,

മുത്തശ്ശനേകീ കിലുങ്ങുന്ന നാണ്യങ്ങള്‍, 

പോരാതാക്കിടാവിനെ കൈയ്യിലെടുത്തുയര്‍ത്തിക്കൊടുത്തൂ   

ഇരുകവിളത്തുമുമ്മയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക