Image

യുക്മ റീജിയണല്‍ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു

Published on 29 April, 2022
 യുക്മ റീജിയണല്‍ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു

 

ലണ്ടന്‍: യുക്മ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷം കൂടി പിന്നിട്ട് ബര്‍മിംങ്ങ്ഹാമില്‍ കൂടിയ ദേശീയ ജനറല്‍ ബോഡി യോഗം ഇലക്ഷന്‍ ചുമതല ഭരണഘടന പ്രകാരം ഇലക്ഷന്‍ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷന്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനപ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയനിലും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലും ഇലക്ഷന്‍ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ ഇലക്ഷന്‍ നടത്തുന്നത്.

ജൂണ്‍ 4 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളില്‍ നടക്കുന്ന ഇലക്ഷനെ തുടര്‍ന്ന് ജൂണ്‍ 11 ന് യോര്‍ക് ഷെയര്‍ റീജിയണിലും നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ് നിലവില്‍ ഇലക്ഷന്‍ തീയ്യതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് റീജിയണുകളിലെ ഇലക്ഷന്‍ തീയ്യതികള്‍ പിന്നീട് തീരുമാനിക്കുന്നതാണ്.

റീജിയന്‍ ഇലക്ഷന്‍ തീരുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മ ഇലക്ഷന്‍ കമ്മീഷണര്‍മാരായ അലക്‌സ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവരാണ് ഇലക്ഷന്‍ തീയ്യതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്മയുടെ എല്ലാ റീജിയനുകളിലും തുടര്‍ന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്.

യുക്മ ഇലക്ഷന്‍ ഏറ്റവും നീതിപൂര്‍വ്വമായി നടത്തി പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക