Image

ജര്‍മനിയില്‍ നഴ്‌സിംഗ് ജോലി; നോര്‍ക്ക ഇന്റര്‍വ്യു മേയ് നാലു മുതല്‍

Published on 29 April, 2022
 ജര്‍മനിയില്‍ നഴ്‌സിംഗ് ജോലി; നോര്‍ക്ക ഇന്റര്‍വ്യു മേയ് നാലു മുതല്‍

 

ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിനുള്ള ഇന്റര്‍വ്യൂ മേയ് നാലിനു തുടങ്ങും.

റിക്രൂട്ട്‌മെന്റ് യഥാര്‍ഥ്യമാകുന്നതോടെ ജര്‍മനിയിലേക്ക് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനു സ്വന്തമാകും.

പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്റര്‍വ്യു മേയ് നാലു മുതല്‍ 13 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്.

ജര്‍മനിയില്‍ നിന്നും എത്തുന്ന പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ സംഘമാണ് ഇന്റര്‍വ്യു നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്‌സുമാര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും.

ബി1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജര്‍മനിയിലേക്ക് വീസ അനുവദിക്കും. തുടര്‍ന്നു ജര്‍മനിയില്‍ അസിസ്റ്റന്റ് നഴ്‌സ് ആയി ജോലി ചെയ്തുകൊണ്ടു തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി റജിസ്‌ട്രേഡ് നഴ്‌സ് ആയി മാറാം. ഇതിനുള്ള പഠന പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഏപ്രില്‍ 29 ന്

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട നഴ്‌സുമാര്‍ക്ക് ജര്‍മനിയിലെ ജീവിത തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യു സംബന്ധമായ വിശദാശംങ്ങളും ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് മനസിലാക്കുന്നതിന് 'ഇന്‍സൈറ്റ് 2022' എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഫോര്‍ ഷോര്‍ട്ട് ലിസ്റ്റഡ് കാന്‍ഡിഡേറ്റ്‌സ് (ഐഎസ്എസ് സി) എന്ന പ്രത്യേക പരിപാടിയും നോര്‍ക്ക റൂട്ട്‌സ് ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 29നു തിരുവനന്തപുരത്തെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെഷനില്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ മര്‍ക്കസ് ബീര്‍ച്ചര്‍, ജെര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ പ്രതിനിധികളായ ഉള്‍റിക് റെവെറി, ബജോണ്‍ ഗ്രൂബെര്‍,ഹോണറേറി കോണ്‍സുല്‍ ഡോ. സയീദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക