ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷൻ റോയൽ പേട്രൺ; 55,000 ഡോളർ ചെക്ക് കൈമാറി 

ഫ്രാൻസിസ് തടത്തിൽ Published on 06 May, 2022
ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷൻ റോയൽ പേട്രൺ; 55,000 ഡോളർ ചെക്ക് കൈമാറി 

വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവെൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് നൽകിക്കൊണ്ട്  വാഷിംഗ്‌ടൺ ഡി. സിയിൽ നിന്നുള്ള പ്രമുഖ ബിസിനസുകാരനും റീജിയണൽ വൈസ് പ്രസിഡണ്ടുമായ  ഡോ. ബാബു സ്റ്റീഫൻ. കൺവെൻഷന്റെ പരമോന്നത സ്‌പോൺസർഷിപ്പ് ആയ കൺവെൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് തുകയായി 55,000 ഡോളർ സംഭാവന നൽകിക്കൊണ്ടാണ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ കൺവെൻഷനുകളുടെ ചരിത്രത്തിൽ ഇദംപ്രദമായി ഇടം പിടിച്ചത്. ഇന്നലെ, മെയ് 5 നു വൈകുന്നേരം വാഷിംഗ്‌ടൺ ഡി.സി.യിൽ നടന്ന വാഷിംഗ്‌ടൺ ഡി.സി റീജിയന്റെ കൺവെൻഷൻ രെജിസ്ട്രേഷൻ  കിക്ക് ഓഫ് ചടങ്ങിൽ വച്ച് ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണിക്ക് ചെക്ക് കൈമാറിക്കൊണ്ടാണ് കൺവെൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.

വാഷിംഗ്‌ടൺ ഡി. സി റീജിയണിൽ നിന്നുള്ള 5 അസോസിഷനുകളിൽ നിന്നുള്ള നേതാക്കളെയും അംഗങ്ങളെയും സാക്ഷ്യം നിർത്തിയ ചരിത്ര മുഹൂർത്തത്തിൽ ഫൊക്കാനയുടെ വൈസ് പ്രസിഡണ്ട് തോമസ്, തോമസ്, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ബെൻ പോൾ നാഷണൽ കമ്മിറ്റി (യൂത്ത്) അംഗം സ്റ്റാൻലി എത്തുനിൽക്കൽ, കൺവെൻഷൻ  നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടൺ (കെ.എ.ജി. ഡബ്ള്യു) പ്രസിഡണ്ട് മധു നമ്പ്യാര്‍, കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ  വാഷിംഗ്‌ടൺ ഡി.സി (കെ.സി.എസ്.എം.ഡബ്ള്യു) പ്രസിഡണ്ട് അരുണ്‍ സുരേന്ദ്രനാഥ്, കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡണ്ട് ജിജോ ആലപ്പാട്ട്, ഗ്രാമം -റിച്ച്മോണ്ട് പ്രസിഡണ്ട് ജോണ്‍സണ്‍ തങ്കച്ചൻ, മലയാളി അസോസിയേഷൻ ഓഫ് മെരിലാൻഡ് (മാം) പ്രസിഡണ്ട് ജോസഫ് പോത്തന്‍ തുടങ്ങിയ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.

ഫൊക്കാന കൺവെൻഷന്റെ ഭാഗമായി ഡോ.ബാബു സ്റ്റീഫൻ കൂടിയെത്തിയതോടെ ഡിസ്‌നി ഇന്റർനാഷണൽ കൺവെൻഷന്റെ നിറം കൂടുതൽ ആകർഷമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഫൊക്കാന നേതൃത്വം. മികച്ച സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ, പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ  നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖവ്യവസായിയും മാധ്യമ സംരംഭകനുമാണ്.

ഫൊക്കാനയുടെ 2022-2022 ഭരണസമിതിയിൽ പ്രസിഡണ്ട് ആയി മത്സരിക്കാനിരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ താൻ പ്രസിഡണ്ട് ആയാൽ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്കായി താൻ വിഭാവനം ചെയ്തിട്ടുള്ള സ്വപ്നങ്ങളെക്കുറിച്ചും  പദ്ധതികളെക്കുറിച്ചും ഏറെ വൈകാരികമായി തന്നെ പങ്കു വച്ചു. അദ്ദേഹത്തിനു എതിരായി മത്സരിക്കുന്ന  കൺവെൻഷൻ നാഷണൽ കോർഡിനേറ്റർകൂടിയായ ലീല മാരേട്ടിന്റെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി.

 കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നി രണ്ടു പത്രങ്ങളാണ് ബാബു ആരംഭിച്ചത്. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മർ  ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്ന ബാബു സ്റ്റീഫൻ  ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസർ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച ബാബു സ്റ്റീഫൻ  വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. അതിനു പുറമെ, അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനാ യാത്രാ ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉൾപ്പെട്ടിരുന്നു. 

ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ് അദ്ദേഹം. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ ബാബു സ്റ്റീഫൻ 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. 

ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ്  ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക