ഹോങ്കോങ് ഇനി ജോൺ ലീ നയിക്കും (ദുർഗ മനോജ് )

Published on 09 May, 2022
ഹോങ്കോങ് ഇനി ജോൺ ലീ നയിക്കും (ദുർഗ മനോജ് )
ലോകം ആകാംക്ഷയോടെ ചില ഭരണമാറ്റങ്ങളെ ഉറ്റുനോക്കാറുണ്ട്. പ്രത്യേകിച്ചും ചൈനയിലും അമേരിക്കയിലും റഷ്യയിലും ഒക്കെ ആരാണു ഭരിക്കുന്നത് എന്നതു ലോകത്തെ സംബന്ധിച്ചു നിർണ്ണായകമായ സംഗതികളാണ്. കാരണം ലോകത്തിൻ്റെ ഭാവി തന്നെ ഇത്തരം ഭരണാധികാരികളുടെ കൂടി നിലപാടുകൾക്ക് അനുസൃതമായിരിക്കും. ഇപ്പോഴിതാ ബ്രിട്ടൺ ഒഴിഞ്ഞു പോയ ഹോങ്കോങ്ങ് ഇനി ജോൺ ലീ ഭരിക്കും എന്ന് അറിയിപ്പു വന്നിരിക്കുന്നു. ചൈനയുടെ വിശ്വസ്തർക്കു ഭൂരിപക്ഷമുള്ള കമ്മിറ്റി ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കും എന്ന് ഉറപ്പുള്ള ലീയെ തെരഞ്ഞെടുത്തു സംഗതി മംഗളകരമാക്കുകയായിരുന്നു. ജനഹിത പ്രകാരം 34.8% പേരുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളുവെങ്കിലും ജനഹിതം ഒരു തമാശ മാത്രമായ, ജനങ്ങൾക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ ഹോങ്കോങ്ങിൽ ലീയുടെ തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധിക്കാൻ ഭരണ സിരാ കേന്ദ്രത്തിനു മുന്നിൽ എത്തിയതു വെറും മൂന്നു പേരാണ്. അതിൽ നിന്നു തന്നെ ഹോങ്കോങ്ങിലെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ വ്യാപ്തി നമുക്ക് ഊഹിക്കാം.
1957 ൽ ജനിച്ച ജോൺ ലീ ഇരുപതാമത്തെ വയസ്സിൽ പോലീസിൽ ചേർന്നു.പിന്നീടു പടിപടിയായി ഉയർന്നു ഭരണകാര്യ ചീഫ് സെക്രട്ടറിയായി. ചൈനയുടെ നയങ്ങളെ പരിപൂർണ്ണമായി പിന്തുണയ്ക്കുന്ന ലീ, 2019ലെ ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തി. ജലപീരങ്കിയും, കണ്ണീർവാതകവും റബ്ബർ ബുള്ളറ്റ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു ആ അടിച്ചമർത്തൽ നടത്തിയത്. ചൈനയുമായുള്ള കുറ്റവാളി കൈമാറ്റ ബില്ലിൻ്റെ ശക്തനായ വക്താവായ ലീ, പ്രക്ഷോഭക്കാർ ഭീകരവാദികളാണെന്നാണു വാദിച്ചത്.
അന്താരാഷ്ട്ര സമൂഹത്തിൻ്റെ പോലും ശക്തമായ എതിർപ്പുണ്ടായിട്ടും 2020 ജൂണിൽ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം ചൈന പാസ്സാക്കി. പിന്നാലെ, ദേശീയ സുരക്ഷാ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച കമ്മറ്റിയിൽ അംഗമായി ലീ, ഹോങ്കോങ്ങിൻ്റെ സ്വാതന്ത്ര്യം എന്ന ആശയത്തെ ശക്തമായി എതിർത്തു. ഏതായാലും ഇനി കുറേക്കാലത്തേക്ക് ഹോങ്കോങ്ങുകാർക്ക് ചൈനയിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം എന്ന സ്വപ്നത്തെ പൂട്ടി പത്തായത്തിലിടാം. ഹോങ്കോങ്ങുകാർക്കു സ്വപ്നം കാണാം, ചൈന അനുവദിക്കുന്നത്രയും മാത്രം.
പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകം. പക്ഷേ, യാഥാർത്ഥ്യം കവിതയല്ലല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക