ഫൊക്കാന ഇലക്ഷൻ:  പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 23 ന് 

ഫ്രാൻസിസ് തടത്തിൽ  Published on 21 May, 2022
ഫൊക്കാന ഇലക്ഷൻ:  പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 23 ന് 

ജൂലൈ 8ന് ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക (nomination) സമർപ്പിക്കുന്നതിനുള്ള അവസാന തിയതി   മെയ് 23 നു തിങ്കളാഴ്ച്ച ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, അംഗങ്ങളായ മറിയാമ്മ പിള്ള, സജി എം. പോത്തൻ എന്നിവർ  അറിയിച്ചു.  മെയ് 23 നു പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ വൈകിയെത്തിയാലും സ്വീകരിക്കുന്നതായിരിക്കും. 

ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.  ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന്  സമർപ്പിക്കേണ്ടതാണെന്ന്  ഡോ മാമ്മൻ സി. ജേക്കബ് അറിയിച്ചു. ഇമെയിൽ വിലാസം : mammenfl@gmail.com 

കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക (nomination) സമർപ്പിക്കേണ്ടത്.

പത്രിക പിൻവലിക്കാനുള്ള അവസാന തിയതി  ജൂൺ 6 നാണ്. പത്രിക പിൻവലിക്കാൻ രേഖാമൂലം എഴുതി  അറിയിക്കേണ്ടതാണ്. അവ അയക്കാനുള്ള മാനദന്ധവും പത്രിക സമർപ്പിക്കുന്നപോലെ  ജൂൺ 6 നു പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയാൽ മതിയാകും. പത്രിക പിൻവലിക്കുന്ന വിവരം കമ്മിറ്റി ചെയര്മാന് ഇമെയിൽ ആയി അറിയിക്കുന്നതും ഉചിതമാണ്.

ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാന ഒർലാണ്ടോ ഡിസ്‌നി ഫാമിലി കൺവെൻഷനോടനുബന്ധിച്ചായിരിക്കും തരെഞ്ഞെടുപ്പ് നടക്കുക. ജൂലൈ 8 നു രാവിലെ നടക്കുന്ന ഫൊക്കാനയുടെ പൊതുയോഗത്തിനു ശേഷമായിരിക്കും തെരെഞ്ഞെടുപ്പ് . വോട്ടെടുപ്പ് രാവിലെ 8 മുതൽ ആരംഭിക്കും. അഡ്രസ്: Double Tree by Hilton,5780 Major Blvd, Orlando, FL, 32819. 

ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ  പത്രിക സമർപ്പിക്കാൻ പാടുള്ളു.  ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർക്ക് (അംഗങ്ങൾ) മാത്രമേ നാമനിർദ്ദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂ.

 പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുന്നവർ 1000 ഡോളറും ജനറൽ സെക്രട്ടറി , ട്രഷറർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ 750 ഡോളർ വീതവും വൈസ് പ്രസിഡണ്ട്, അസോസിയേറ്റ് സെക്രട്ടറി, അസോസിയേറ്റ് ട്രഷറർ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി, അഡിഷണൽ അസോസിയേറ്റ് ട്രഷറർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർ 500 ഡോളർ വീതവും റീജിയണൽ വൈസ് പ്രസിഡണ്ടുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ 250 ഡോളർ വീതവും യൂത്ത് കമ്മിറ്റി അംഗങ്ങൾ 150 ഡോളർ വീതവും തെരെഞ്ഞെടുപ്പ് ഫീസ് ആയി  കെട്ടേണ്ടതാണ്.

അതാതു സംഘടനകളുടെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദ്ദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദ്ദേശപത്രികയിലുണ്ടായിരിക്കണം. 

റീജിയണൽ വൈസ് പ്രസിഡണ്ട് (ആർ,വി.പി) സ്ഥാനാർത്ഥികൾ  അതാതു  റീജിയനുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ  അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡണ്ടുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡണ്ടുമാരുടെയും മുൻ പ്രസിഡണ്ടുമാരുടെയും  മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.

രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരെഞ്ഞെടുപ്പ്.  ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും വോട്ടെടുപ്പിലും പങ്കെടുക്കാനാവു.  അർഹതയുള്ള എല്ലാ പ്രതിനിധികളും  നേരിട്ട് ഹാജരാക്കേണ്ടതാണ്. കൺവെൻഷനോടനുബന്ധിച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ  പോസ്റ്റൽ വോട്ടുകൾ, പ്രോക്സി വോട്ടുകൾ എന്നിവ അനുവദനീയമല്ല.  ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
 
2022 ജൂൺ 15 നു ശേഷം പ്രതിനിധികളെ (delegate) മാറ്റുവാൻ സാധിക്കുന്നതല്ല. ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ,  ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.

മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. 

തെരെഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മിറ്റി പുറത്തിറക്കിയ  പൊതു വിജ്ഞ്ജാപനം എല്ലാ അംഗ സംഘടനകൾക്കും അയച്ചു നൽകിയതായി ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി അറിയിച്ചു. 

അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള അവസാന തിയതി  മെയ് 6 നായിരുന്നു. പുതുക്കിയ അംഗസംഘടനകളുടെ ലിസ്റ്റ് ട്രസ്റ്റി ബോർഡിന് അയച്ചു നൽകിയതായും സെക്രട്ടറി അറിയിച്ചു. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക