Image

എനിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യമുണ്ടോ? (യു.എസ്. പ്രൊഫൈൽ)

മീട്ടു റഹ്‌മത് കലാം  Published on 23 May, 2022
എനിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യമുണ്ടോ?  (യു.എസ്. പ്രൊഫൈൽ)

എനിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യമുണ്ടോ? ശരിക്കും കുഴപ്പിക്കൊന്നൊരു ചോദ്യമാണിത്. തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാത്ത ഇന്നത്തെ കാലഘട്ടത്തില്‍, ഇന്‍ഷുറന്‍സ് എന്നത് ഒരു അനിവാര്യതയായി മാറുകയാണ്. കൃത്യമായ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇവിടെ പ്രധാനം. ഈ രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള മലയാളിയും ബ്ലൂ ഓഷ്യന്‍സ് വെല്‍ത്ത് സൊല്യൂഷന്‍സ് എന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റുമായ  ഫിലിപ്പോസ് സാമുവല്‍ ഇക്കാര്യത്തെക്കുറിച്ച് ഇ-മലയാളി വായനക്കാരോട് വിശദീകരിക്കുന്നു...

കണക്കില്‍ ബിരുദാനന്തരബിരുദമുള്ള ഒരു വ്യക്തി എന്തുകൊണ്ടാണ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടന്നത്?

പഠനത്തോടൊപ്പം തന്നെ ട്യൂട്ടോറിയല്‍ കോളജില്‍ കണക്ക് അദ്ധ്യാപകനായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഉപജീവനമാര്‍ഗം എന്നതോടൊപ്പം നാലുപേര്‍ക്ക് ഗുണമുള്ളത് ചെയ്യുക എന്നതായിരുന്നു എക്കാലത്തെയും ആഗ്രഹം. പത്തുവര്‍ഷത്തോളം അധ്യാപനം തുടര്‍ന്നതും  അതുകൊണ്ടായിരുന്നു- നമ്മുടെ അറിവ് കുറച്ച് പേര്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കാമല്ലോ! പിന്നീട്, ഓള്‍ ഇന്ത്യ തലത്തില്‍ നടന്ന ഒരു ടെസ്റ്റ് വഴി എന്റെ നാടായ കൊട്ടാരക്കരയില്‍ തന്നെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ട്രെയിനിയായി ജോലി ലഭിച്ചു. ഇന്‍ഷുറന്‍സിന്റെ ആദ്യപാഠങ്ങള്‍ അവിടെനിന്നാണ് പഠിക്കുന്നത്. ചെറിയ തുക മുടക്കി എടുക്കുന്ന പരിരക്ഷ, ഒരു കുടുംബത്തിന്റെ ജീവിതം മാറ്റിമറിക്കുന്നതിന്റെ അത്ഭുതം എന്നെ ഈ മേഖലയോട് കൂടുതല്‍ അടുപ്പിച്ചു. പണം നല്‍കി കൂടുതല്‍ ആളുകളെ സഹായിക്കാനുള്ള ജീവിതസാഹചര്യം അന്നുണ്ടായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതുകൊണ്ടുതന്നെ, ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പല കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാനും നിസഹായരായ അനേകരുടെ കണ്ണീരൊപ്പാനും സാധിച്ചതോടെ ദൈവം അത്തരത്തിലൊരു നിയോഗം എന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഉള്‍വിളിയുണ്ടായി.

അമേരിക്കയിലെ ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള കാല്‍വയ്പ്പ്?

വിവാഹശേഷമാണ് അമേരിക്കയിലെത്തുന്നത്. നാട്ടിലെ പ്രവൃത്തിപരിചയം വച്ച് ഇന്‍ഷുറന്‍സ് മേഖലയോടൊരു അഭിവാഞ്ഛ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുമൂന്ന് കമ്പനികളില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ അവര്‍ക്കെല്ലാം തന്നെ എന്റെ പ്രകടനത്തില്‍ തൃപ്തി തോന്നിയെങ്കിലും മെഡ്‌ലൈഫ് എന്ന കമ്പനിയില്‍ ചേരാനായിരുന്നു എന്റെ തീരുമാനം. ഇരുപത്തിമൂന്നര വര്‍ഷം ഞാന്‍ മെഡ്‌ലൈഫില്‍ പ്രവര്‍ത്തിച്ചു. 

ബ്ലൂ ഓഷ്യന്‍സിന്റെ തുടക്കം?

2016 ല്‍ അപ്രതീക്ഷിതമായി സെയില്‍സ് സ്ട്രാറ്റജിയില്‍ ചില നിയമഭേദഗതികള്‍ വന്നതോടെ മെഡ്‌ലൈഫിലെ ജീവനക്കാരെ ഒന്നടങ്കം പിരിച്ചുവിടേണ്ട ഒരു സാഹചര്യം വന്നു. അന്നത്തെ ഗ്രൂപ്പിന്റെ മാനേജരായിരുന്ന ഫ്രാങ്കാണ്  'ബ്ലൂ ഓഷ്യന്‍' എന്ന പുതിയൊരു പേരിലേക്ക് മെഡ്‌ലൈഫിനെ  മാറ്റിയെടുത്തത്.

ഈ മേഖലയില്‍ തന്നെ നിലയുറപ്പിക്കാന്‍ പ്രത്യേകിച്ചൊരു കാരണമുണ്ടോ?

കൊട്ടാരക്കരയിലെ ഇടത്തരം കുടുംബപശ്ചാത്തലത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തി എന്ന നിലയില്‍, ഇവിടെ എത്തിച്ചേര്‍ന്നശേഷം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ എനിക്ക് നന്നായറിയാം. പ്രത്യേകിച്ച് മലയാളികള്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അടുത്തറിഞ്ഞ അവസരങ്ങള്‍ ധാരാളമുണ്ട്. മിക്കവരും  അമേരിക്കയില്‍ ജീവിതം തുടങ്ങുന്നത് പൂജ്യത്തില്‍ നിന്നായിരിക്കും. ചെറിയ വരുമാനം മാത്രം നേടിക്കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന കാലയളവിനെ 'സ്ട്രഗ്ലിങ് പീരീഡ്' എന്ന് തന്നെ വിശേഷിപ്പിക്കാം. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന വ്യക്തിയുടെ അകാല വേര്‍പാട് ഒരു കുടുംബത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. വേറൊരു നാട്, അധികം  പരിചയക്കാരില്ല, ഭാഷയുടെ പ്രശ്‌നങ്ങള്‍, നിയമത്തിന്റെ നൂലാമാലകള്‍ അങ്ങനെ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കൊപ്പം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന നിരവധി അമ്മമാരുണ്ട്. 1994 മുതല്‍ അമേരിക്കയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ,  ഇവിടെ ഏത് തരം ഇന്‍ഷുറന്‍സ് എടുക്കുന്നതായിരിക്കും ഉചിതം എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായി എനിക്കറിയാം. അങ്ങനൊരു സാഹചര്യം ഒഴിവാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വഴികാട്ടാനും സാധിക്കുമെന്നതുകൊണ്ടാണ് ഇതാണെന്റെ കര്‍മ്മമണ്ഡലമെന്ന് ഉറപ്പിച്ചത്.  മനസ്സിന് തണുപ്പ് നല്‍കുന്നൊരു പ്രവൃത്തി തന്നെയാണിത്. നിരവധിപേര്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ നമ്മളെ ഓര്‍ക്കും.

കോവിഡ് പോലൊരു മഹാമാരിയുടെ വരവ് ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടോ?

ഞങ്ങള്‍ ആരോഗ്യവാന്മാരാണ്, കുറച്ചുകൂടി കാലത്തേക്ക് വലിയ രോഗം വരില്ല എന്നൊക്കെ കരുതിയിരുന്ന ബഹുഭൂരിപക്ഷം ആളുകളുടെ മനസ്സിലേക്കും കോവിഡ് മഹാമാരി കൊണ്ടുവന്ന മാറ്റവും ഭീതിയും വളരെ വലുതാണ്. തൊട്ടടുത്ത നിമിഷം പോലും എന്തും സംഭവിക്കാമെന്നും, ഒന്നും നമ്മുടെ കയ്യിലല്ലെന്നും ജനങ്ങള്‍ മനസ്സിലാക്കി. ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തതിലൂടെ നിസ്സഹായതയുടെ ആഴക്കയങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പരിചയക്കാരുടെ അനുഭവങ്ങള്‍ ഒരുപാടുപേരുടെ കണ്ണുതുറപ്പിച്ചു. എന്റെ ക്ലയന്റ്‌സില്‍ തന്നെ പത്തോളം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്‍ഷുറന്‍സിന്റെ തുക ലഭിച്ചില്ലായിരുന്നെങ്കില്‍ വലിയ കടബാധ്യതയിലേക്ക്  ആ കുടുംബങ്ങള്‍ കൂപ്പുകുത്തുമായിരുന്നു. ഒരാളുടെ വേര്‍പാടുണ്ടാക്കുന്ന വിടവ് വലുത് തന്നെയാണ്. എന്നാല്‍, സാമ്പത്തികമായെങ്കിലും ഒരു ആശ്വാസം ലഭിച്ചാല്‍, കുടുംബാംഗങ്ങള്‍ക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അധികം പ്രയാസമുണ്ടാകില്ല. മക്കളുടെ തുടര്‍ വിദ്യാഭ്യാസം, വാഹനത്തിന്റെയും വീടിന്റെയും ലോണ്‍ തിരിച്ചടയ്ക്കല്‍ തുടങ്ങിയുള്ള ചിലവുകള്‍ ഇതിലൂടെ അവര്‍ക്ക് നടത്താനാകും. 

ചാരിതാര്‍ഥ്യം തോന്നിയ ഒരനുഭവം പങ്കുവയ്ക്കാമോ?

കുടുംബത്തിന്റെ ഏക വരുമാനം നേടിയിരുന്ന ഒരു ക്ലയന്റ് ആകസ്മികമായി മരണപ്പെട്ടു. മലയാളിയാണ്,ഭാര്യയ്ക്ക് ജോലി ഇല്ല. മൂന്ന് കുട്ടികള്‍ക്കും 12 വയസ്സിന് താഴെയാണ് പ്രായം. ഇന്‍ഷുറന്‍സിലൂടെ ലഭിച്ച തുക കൊണ്ടാണ് ആ അമ്മ, മൂന്ന് മക്കളെ പഠിപ്പിച്ചതും വീടിന്റെ കടബാധ്യത തീര്‍ത്തതും. അതെന്നെസംബന്ധിച്ച് ചാരിതാര്‍ഥ്യം തോന്നിയ അനുഭവമാണ്.

പ്രധാന ഫോക്കസ്?

പേഴ്‌സണല്‍ ലൈഫ് ഇന്‍ഷുറന്‍സാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അതിനോടൊപ്പം തന്നെ ഡിസബിളിറ്റി ഇന്‍കം ഇന്‍ഷുറന്‍സും ചെയ്യുന്നുണ്ട്. കുടുംബത്തില്‍ ഒരാള്‍ക്ക് അംഗപരിമിതി ഉണ്ടായാല്‍, അവര്‍ക്കൊരു നിശ്ചിത വരുമാനം ഇതിലൂടെ നേടാം. ഒരുപാട് ആളുകള്‍ക്ക് പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന പ്ലാനാണിത്. പ്രതിമാസം 3000 - 4000 ഡോളര്‍ വരെ ലഭിക്കും. റിട്ടയര്‍മെന്റ് പ്ലാനും ചെയ്യുന്നുണ്ട്- ജോലിയില്‍ നിന്ന് പ്രായമായി വിരമിക്കുന്നവര്‍ക്കും  വിരമിക്കാന്‍ തീരുമാനമെടുക്കുന്നവര്‍ക്കും, റിട്ടയര്‍മെന്റ് അക്കൗണ്ട് മാനേജ് ചെയ്യാന്‍ വേണ്ട സഹായങ്ങളും നല്‍കാറുണ്ട്. കൊച്ചുകുട്ടികള്‍ക്ക് അവരുടെ കോളജ് വിദ്യാഭ്യാസത്തിന് ഉതകുന്ന കോളജ് സേവിങ് പ്ലാനുകളും ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ പ്ലാനുകളും എടുത്തുകൊടുക്കാറുണ്ട്. എംപ്ലോയര്‍ വഴി ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഗ്രൂപ്പ് ഡെന്റല്‍ പ്ലാനും ചെയ്തു കൊടുക്കുന്നുണ്ട്. യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് മെഡികെയര്‍ റിലേറ്റഡ് സപ്ലിമെന്റ് പ്ലാനുകളും ചെയ്യുന്നുണ്ട്. രണ്ടുമൂന്ന് കമ്പനിയുമായി വീടിന്റെയും വാഹനത്തിന്റെയും ഇന്‍ഷുറന്‍സ് ടൈ-അപ്പും ധാരണയായിട്ടുണ്ട്. ബ്ലൂ ഓഷ്യന്‍ എന്ന ജനറല്‍ ബ്രോക്കര്‍ വഴിയാണ് പോളിസി റെഗുലേഷന്‍സ്. ഇന്‍ഷുറന്‍സ് എടുക്കുന്ന കാലപരിധിയില്‍ (20 വര്‍ഷത്തോളം) ക്ലയന്റിന് ഒന്നും സംഭവിക്കാത്ത പക്ഷം, വലിയ തുക തിരികെ ലഭിക്കുന്ന പ്ലാനുകളുമുണ്ട്.

ബ്ലൂ ഓഷ്യന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍?

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ബ്ലൂ ഓഷ്യന്‍ ചെയ്യുന്നുണ്ട്. ലുക്കീമിയ ഫൗണ്ടേഷന്‍,ബ്രെസ്റ്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍ ഇങ്ങനെ പലതും നടത്തിവരുന്നു. ഞാനും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷാവര്‍ഷം നമ്മുടെ വരുമാനത്തില്‍ നിന്ന് നിശ്ചിത തുക ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതാണ് കമ്പനിയുടെ രീതി. ജീവനക്കാരും ഒരു തുക നല്‍കാറുണ്ട്.

അംഗീകാരങ്ങള്‍?

ലോങ്ങ് ഐലന്‍ഡിലെ നമ്പര്‍ വണ്‍ ബിസിനസ് ഗ്രൂപ്പ് അവാര്‍ഡ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബ്ലൂ ഓഷ്യനാണ് ലഭിക്കുന്നത്. ജനങ്ങള്‍ ഞങ്ങളുടെ മേല്‍ അര്‍പ്പിക്കുന്ന വിശ്വാസം തിരിച്ചുകൊടുക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്.

പോളിസിയുടെ ബന്ധപ്പെട്ട കൂടുതല്‍  വിവരങ്ങള്‍ അറിയാന്‍ എങ്ങനെ സമീപിക്കാം?

ഫോണ്‍ വഴിയാണ് കസ്റ്റമേഴ്സ് കൂടുതലായും ബന്ധപ്പെടുന്നത്. ഇ-മെയിലിലൂടെ ചോദിക്കുന്ന സംശയങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കാറുണ്ട്. ക്ലയന്റ്‌സിന്റെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്ക് യോജിച്ച മൂന്ന് നാല് പോളിസികളുടെ നേട്ടങ്ങളും പോരായ്മകളും വ്യക്തമായി തന്നെ വിശദീകരിച്ചുകൊടുക്കാറുണ്ട്. അവര്‍ക്ക് ഉചിതമെന്ന് ബോധ്യപ്പെടുന്നത് തിരഞ്ഞെടുക്കാനാകും. Tel # 1-516-312-2902 (USA) eMail ID: psamuel@financialguide.com

കുടുംബം?

ഭാര്യ ഏലിയാമ്മ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ എന്‍ പി (നേഴ്‌സ് പ്രാക്റ്റീഷനര്‍)ആയി  പ്രവര്‍ത്തിക്കുന്നു. രണ്ടുമക്കള്‍: സജു (ഡോക്ടര്‍), ഡെന്നി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക