പത്താം വാര്‍ഷികം ആഘോഷമാക്കി ബ്രിസ്‌ക

Published on 31 May, 2022
 പത്താം വാര്‍ഷികം ആഘോഷമാക്കി ബ്രിസ്‌ക

 

ബ്രിസ്റ്റോള്‍(യുകെ): യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളിലൊന്നായ ബ്രിസ്‌ക ആരംഭിച്ചിട്ട് പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും കോവി്ഡിനെ തുടര്‍ന്നു മാറ്റിവച്ച പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ്, സെക്രട്ടറി നെയ്സന്റ് ജേക്കബ്, ട്രഷറര്‍ ബിജു രാമന്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

ട്രിനിറ്റി അക്കാദമി ഹാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ സെക്രട്ടറി നെയ്സന്റ് ജേക്കബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്രിസ്റ്റോളിലെ മലയാളികള്‍ ബ്രിസ്‌കയോട് കാണിക്കുന്ന സ്‌നേഹത്തിന് ബ്രിസ്‌ക അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജാക്‌സണ്‍ ജോസഫ് പറഞ്ഞു. ട്രഷറര്‍ ബിജു രാമന്‍ നന്ദി പറഞ്ഞു

നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളും പ്രസിഡന്റും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നിലവിളക്കു തെളിച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്നു വിവിധ ഗാനങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് തോമസ് ജോസഫ് സ്മരണിക പുറത്തിറക്കി. മാഗസിന്‍ എഡിറ്റര്‍ ജെയിംസ് ഫിലിപ്പ്, എഡിറ്റോറിയല്‍ അംഗങ്ങളായ ഷെബി ജോമോന്‍, ബിന്‍സി ജെയ്, മാനുവല്‍ മാത്യു, സിനു കിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് മാഗസിന്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്നു ബ്രിസ്‌കയുടെ മുന്‍ ഭാരവാഹികളെ ആദരിച്ചു. ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ്, ബ്രിസ്‌ക മ്യൂസിക് എന്നിവയുടെ സഹകരണത്തോടെയുള്ള മികച്ച പരിപാടികള്‍ വേദിയില്‍ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്നേഹ വിരുന്നും മെഗാ ഇവന്റും അരങ്ങേറി.


ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ഇവന്റില്‍ സെലിബ്രേഷന്‍ യുകെയുടെ ഗാനമേള, മിമിക്സ് ഫ്യൂഷന്‍ മ്യൂസിക് എന്നിങ്ങനെ ആസ്വാദനത്തിനു പറ്റിയ ചേരുവകകള്‍ ചേര്‍ത്തു വച്ചുള്ള മികച്ച ഇവന്റായിരുന്നു ഒരുക്കിയിരുന്നത്. സാംസണ്‍ സെല്‍വ, അജീഷ് കോട്ടയം (കുടിയന്‍ ബൈജു), അനൂപ് പാലാ, ഷൈക, ആരാഫത്ത് കടവില്‍, ജിനു പണിക്കര്‍ എന്നീ പ്രതിഭകളുടെ മികച്ച പ്രകടനം എടുത്തപറയത്തക്കതായിരുന്നു.

ജെഗി ജോസഫ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക