Image

യുക്മ സൗത്ത് വെസ്റ്റ് റീജണിന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡന്റ്, സുനില്‍ ജോര്‍ജ് സെക്രട്ടറി

Published on 15 June, 2022
 യുക്മ സൗത്ത് വെസ്റ്റ് റീജണിന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡന്റ്, സുനില്‍ ജോര്‍ജ് സെക്രട്ടറി

 

ലണ്ടന്‍: യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ ജനറല്‍ കൗണ്‍സില്‍ യോഗം ജൂണ്‍ നാല് ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സൗത്ത് വെസ്റ്റ് റീജണ്‍ നല്‍കുന്ന നിര്‍ലോഭമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റീജണ്‍ സെക്രട്ടറി എം.പി പദ്മരാജ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് പൊതുയോഗം പാസാക്കി. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് വേദിയില്‍ സന്നിഹിതനായിരുന്നു. റീജണല്‍ വൈസ് പ്രസിഡന്റ് ജിജി വിക്ടര്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്കായി നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം വര്‍ഗീസ് ജോണ്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. 2022-2023 വര്‍ഷത്തേക്കുള്ള സൗത്ത് വെസ്റ്റ് റീജണിന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തെരഞ്ഞെടുത്തു. ഡോ. ബിജു പെരിങ്ങത്തറ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. സൗത്ത് വെസ്റ്റ് റീജണില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റിയംഗമായി ടിറ്റോ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ യുക്മ നാഷണല്‍ ജോയിന്റ് ട്രഷററായ ടിറ്റോ തോമസ് നാഷണല്‍ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളും മുന്‍പ് വഹിച്ചിട്ടുണ്ട്. ഓക്‌സ്മാസിന്റെ മുന്‍ പ്രസിഡന്റും സജീവാംഗവുമാണ്.

റീജണ്‍ പ്രസിഡന്റായി സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രതിനിധിയായ സുജു ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. യുക്മ സൗത്ത് വെസ്റ്റ് റീജണിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന സുജു ജോസഫ് യുക്മ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ കൂടിയാണ്. സെക്രട്ടറിയായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുമുള്ള സുനില്‍ ജോര്‍ജ്ജ് തെരഞ്ഞെടുക്കപ്പെട്ടു. ജിഎംഎ പ്രസിഡന്റായും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷററായി എയ്ല്‍സ്ബറി മലയാളി സമാജം പ്രതിനിധിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ രാജേഷ് രാജ് തെരഞ്ഞെടുക്കപ്പെട്ടു.


വൈസ് പ്രസിഡന്റായി ജിജു യോവില്‍ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയഷന്‍ പ്രസിഡന്റ് ഉമ്മന്‍ ജോണ്‍ ജോയിന്റ് സെക്രട്ടറിയായും, യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ റെജി തോമസ് റീജണല്‍ ജോയിന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

യുക്മ സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചുമതലയൊഴിയുന്ന എം പി പദ്മരാജ് (സാലിസ്ബറി മലയാളി അസോസിയേഷന്‍) സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്ററായും വൈസ് പ്രസിഡന്റ് സ്ഥാനനത്ത് നിന്ന് ചുമതലയൊഴിയുന്ന ജിജി വിക്ടര്‍ (വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍) കലാമേള കോര്‍ഡിനേറ്ററായും മുന്‍ നാഷണല്‍ മുന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും റീജണല്‍ പ്രസിഡന്റുമായിരുന്ന വര്‍ഗീസ് ചെറിയാന്‍ (ഓക്‌സ്മാസ്) ചാരിറ്റി കോര്‍ഡിനേറ്ററായും രാജേഷ് നടേപ്പിള്ളി (വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍) നേഴ്‌സസ് ഫോറം കോര്‍ഡിനേറ്ററായും, ജോബി തോമസ് (എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍) വള്ളംകളി കോര്‍ഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

റീജണല്‍ തെരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തുവാന്‍ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികള്‍ക്കും അംഗ അസോസിയേഷനുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായ വര്‍ഗീസ് ജോണ്‍ നന്ദി പറഞ്ഞു. മുന്‍ യുക്മ ജനറല്‍ സെക്രട്ടറിയും ബേസിംഗ്‌സ്റ്റോക്കില്‍ നിന്നുള്ള മലയാളി കൗണ്‍സിലറും ബിഎംസിഎ പ്രതിനിധിയുമായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാവിലെ പത്തുമണിയോടെ ആരംഭിച്ച പൊതുയോഗം ഉച്ചക്ക് ഒരുമണിയോടെ സമാപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക