ന്യൂയോർക്ക്: ഫൊക്കാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ട് വിജയം ഉറപ്പിച്ചു മുന്നറ്റം തുടരുകയാണ്. താൻ രൂപം നൽകിയ പാനലിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ വച്ച് എതിർ സ്ഥാനാർഥി നടത്തുന്ന പ്രചാരങ്ങൾ വിലപോകില്ലെന്നു വ്യക്തമാക്കിയ ലീല താൻ കൊണ്ടുവന്ന ഒരാൾ പോലും വിട്ടു പോയിട്ടില്ലെന്ന് അവകാശപ്പെട്ടു. ടീം തന്റേതാണ് അതിനു അവകാശവുമായി ആരും വരേണ്ടതില്ലെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഫൊക്കാനയിൽ താൻ ഇന്നലെ പൊട്ടിമുളച്ച ആളല്ല. വർഷങ്ങളായി പല സ്ഥാനങ്ങളിലിരുന്നു പ്രവർത്തിച്ച് കഴിവ് തെളിയിച്ച ശേഷമാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ എത്തിയിട്ടുള്ളത്. അല്ലാതെ പണത്തിന്റെ ഹുങ്കിൽ ഫൊക്കാനയിൽ എന്തും ആകാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ മിഥ്യാലോകത്തിലാണ് ജീവിക്കുന്നതെന്നും ലീല പറഞ്ഞു. ഡെലിഗേറ്റുമാർ എല്ലവരും തന്നെ തനിക്കൊപ്പമാണെന്നും ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ച് താൻ വോട്ട് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ലീല ചൂണ്ടിക്കാട്ടി. ഫൊക്കാനയിൽ തന്നെ അറിയാത്തവരായി ആരുമില്ല. ഓരോ സ്ഥാനത്തിരിക്കുമ്പോഴും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച വ്യക്തിയാണ് താനെന്നും അതുകൊണ്ട് തന്നെ ഡെലിഗേറ്റുമാർക്ക് താൻ ചിരപരിചിതയാണെന്നും കൂട്ടിച്ചേർത്തു.
സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ് താൻ സംഘടനാ രംഗത്ത് സജീവമാകുന്നത്. അതിനുള്ള ഉദാഹരണമാണ് താൻ സ്വന്തമാക്കിയിട്ടുള്ള നിരവധി പുരസ്കാരങ്ങളെന്നും ലീല കൂട്ടിച്ചേർത്തു. വർഷങ്ങൾ നീണ്ടുനിൽക്കുന്ന സാമൂഹ്യ സേവനത്തിനിടയിൽ 28 ഓളം പുരസ്‌കാരങ്ങൾ തന്നെ തേടിയെത്തിയത് അതിനുള്ള അംഗീകാരമായിട്ടാണെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കു ലഭിച്ച ചില പുരസ്‌കാരങ്ങളുടെ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ടാണ് അവർ സാമൂഹ്യ സേവനത്തിൽ താൻ കൊയ്ത നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്നത്.
അതിൽ ന്യൂയോർക്കിലെ നാസ കൗണ്ടിയുടെ മികച്ച സാമൂഹ്യ സേവനത്തിന് അന്നത്തെ നാസ കൗണ്ടി കൺട്രോളർ ജോർജ് ജോർജ് മാരഗോനിൽ നിന്നും പുരക്‌സാരം സ്വീകരിക്കുന്നതും ന്യൂയോർക്ക് സിറ്റി നൽകിയ കമ്മ്യൂണിറ്റി അവാർഡ് അന്നത്തെ സിറ്റി കൺട്രോളർ വിൽ തോംപ്സനിൽ സ്വീകരിക്കുന്നതും, സാമൂഹ്യ സേവനത്തിൽ മികച്ച സംഭാവന നൽകിയതിനുള്ള ഇമലയാളിയുടെ പുരസ്‌കാരം അന്നത്തെ ഇന്ത്യൻ കോൺസുലാർ റീവാ ഗാംഗുലിയിൽ നിന്നു സ്വീകരിക്കുന്നതും ഉൾപ്പെടെ കേരള സെന്റർ കമ്മ്യൂണിറ്റി സർവീസ് അവാർഡ്, പ്രവാസി പുരസ്ക്കാരം, പ്രവാസി ഭാരതീയ അവാർഡ്, 2018ലെ പ്രസ് ക്ലബ് കോൺഫറൻസ് അവാർഡ് എന്നിവയ്ക്കു പുറമെ ഫൊക്കാന 2008 സിൽവർ ജൂബിലി കൺവെൻഷന് ചുരുങ്ങിയ സമയം കൊണ്ടു സുവനീർ ഇറക്കുക വഴി നല്ലൊരു വരുമാനം കൺവെൻഷൻ നടത്തിപ്പിന് സമാഹരിച്ചതിനുള്ള പുരസ്ക്കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലീല മാരേട്ടിനു ലഭിച്ചിരുന്നു.
ന്യൂയോർക്കിൽ നടത്തിയ ഡെലിഗേറ്റ് മീറ്റിനു പുറമെ ഓരോ ഡെലിഗേറ്റുമാരെയും പരമാവധി നേരിൽ കണ്ടുമാണ് അവർ പ്രചാരണ പരിപാടിയുമായി മുന്നോട്ടുപോകുന്നത്. നേരിട്ടു കാണാൻ പറ്റാത്ത ഡെലിഗേറ്റുമാരെ ഫോണിൽ വിളിച്ചും വിജയം ഉറപ്പുവരുത്തിയിരിക്കുകയാണ് ലീല. ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് ലീല മാരേട്ട് ഉറപ്പു പറയുന്നു. പണമെറിഞ്ഞു ഫൊക്കാന ഡെലിഗേറ്റുമാരെ വശത്താക്കാമെന്നു കരുതുന്നവർ വെറുതെ കിനാവുകാണുകയാണെന്നും ലീല കൂട്ടിച്ചേർത്തു.