നവയുഗം ഇടപെട്ടു; ഹുറൂബിലായിരുന്ന രോഗിയെ നിയമക്കുരുക്ക് നീക്കി തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്കയച്ചു.

Published on 20 June, 2022
നവയുഗം ഇടപെട്ടു; ഹുറൂബിലായിരുന്ന രോഗിയെ നിയമക്കുരുക്ക് നീക്കി തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്കയച്ചു.

ദമ്മാം: സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാല്‍ അസുഖബാധിതനായിട്ടും നാട്ടില്‍ പോകാനാകാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ നിയമക്കുരുക്ക് അഴിച്ചു നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന കോനപൂര്‍ സ്വദേശിയായ മറമ്പില്‍ ഗംഗാറാം എന്ന തൊഴിലാളിയെയാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ശ്വാസകോശസംബന്ധമായ  അസുഖത്തെ തുടര്‍ന്ന് ദമ്മാം കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട ഗംഗാറാമിന്റെ ദുരവസ്ഥ, അയാളുടെ ചില സുഹൃത്തുക്കളാണ് നവയുഗം ജീവകാരുണ്യവിഭാഗത്തെ അറിയിച്ചത്. 
സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാല്‍ ഇന്‍ഷുറന്‍സില്ലാതെ ചികിത്സചിലവുകള്‍  സ്വന്തം പോക്കറ്റില്‍ നിന്നും ചിലവാക്കേണ്ടി വന്നതിനാല്‍ തുടര്‍ചികിത്സ ഒരു ചോദ്യചിഹ്നമായിരുന്നു ഗംഗാറാമിന്. തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാന്‍ ഗംഗാറാമിനെ ചികിത്സിച്ച നല്ലവനായ ഡോക്ടര്‍ ഉപദേശിച്ചെങ്കിലും, ഹുറൂബ് ആയതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയില്ലാത്ത അവസ്ഥ ആയിരുന്നു.

തുടര്‍ന്ന്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ പദ്മനാഭന്‍ മണിക്കുട്ടന്‍ ഗംഗാറാമിന്റെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ആവശ്യമായ രേഖകള്‍ സമര്‍പ്പിയ്ക്കുകയും, നിരന്തരം ഇടപെടുകയും ചെയ്തു.  ഗംഗാറാമിന് എക്‌സിറ്റ് നല്‍കാനുള്ള അപേക്ഷ എംബസ്സി തര്‍ഹീലിലേയ്ക്ക് നല്‍കി. തര്‍ഹീല്‍ ഓഫിസറുടെ സഹായത്തോടെ മണിക്കുട്ടന്‍ അതിന്‍േമേലുള്ള നടപടികള്‍ വേഗത്തിലാക്കിയതോടെ ഗംഗാറാമിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു കിട്ടി.

മണികുട്ടന്റെ അഭ്യര്‍ത്ഥനപ്രകാരം ഹൈദരാബാദ് പ്രവാസി അസോസിയേഷന്‍  ഗംഗാറാമിന് വിമാനടിക്കറ്റ് സൗജന്യമായി നല്‍കി.
നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഗംഗാറാം നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മണിക്കുട്ടന്‍ (ഇടത്) ഗംഗാറാമിനൊപ്പം ആശുപത്രിയില്‍. സുഹൃത്ത് മുഹമ്മദ് സമീപം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക