Image

ഫോമ  നൽകിയ വെന്റിലേറ്ററുകൾ കാണാതായിട്ടില്ല

Published on 21 June, 2022
ഫോമ  നൽകിയ വെന്റിലേറ്ററുകൾ കാണാതായിട്ടില്ല

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്  ഓഫ് അമേരികാസ് (ഫോമാ) കേരളത്തിന് സംഭാവന ചെയ്ത വെന്റിലേറ്ററുകൾ കാണാതായിട്ടില്ലെന്നും കൃത്യമായി വിതരണം ചെയ്തതായും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം. ഡി അറിയിച്ചു. ഉപകരണങ്ങൾ കെ. എം. എസ്. സി. എലിൽ ലഭിച്ചതിന്റേയും വിതരണം ചെയ്തതിന്റേയും വിശദാംശങ്ങൾ കോർപറേഷനിൽ ലഭ്യമാണെന്നും അറിയിപ്പിൽ വ്യക്തമാക്കി.

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് 18 വെന്റിലേറ്ററുകൾ മൂന്നു തവണയായാണ് നൽകിയത്. 2021 മേയ് 29ന് ലഭിച്ച പത്ത് വെന്റിലേറ്ററുകൾ ലഭിച്ചു. പൈനാവ് ജില്ലാ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ആദ്യം വിതരണം ചെയ്തത്. അസോസിയേഷൻ അറിയിച്ചത് അനുസരിച്ച് ഒരു വെന്റിലേറ്റർ ഉദ്ഘാടനത്തിനായി എറണാകുളം ജില്ല മരുന്ന് സംഭരണ വിതരണ ശാലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉദ്ഘാടനം നടക്കാത്ത സാഹചര്യത്തിൽ ഇത് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യകത അറിയിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് എം. ഡി അറിയിച്ചു.

2021 ജൂലൈ 14ന് ലഭിച്ചി മൂന്നു വെന്റിലേറ്ററുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നൽകി. 2021 നവംബർ രണ്ടിന് ലഭ്യമാക്കിയ അഞ്ച് വെന്റിലേറ്ററുകൾ ഇടുക്കി മെഡിക്കൽ കോളേജ്, തിരുവല്ല താലൂക്ക് ആശുപത്രി, തുറവൂർ താലൂക്ക് ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് നൽകിയതെന്നും എം. ഡി. അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക