ഡോ.ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവര്‍പൂളില്‍ യാത്രാമൊഴിയേകും; തിരുക്കര്‍മ്മങ്ങള്‍, അള്‍ത്താര ശുശ്രുഷ നയിച്ച ഹോളി ക്രോസ്സ് ദേവാലയത്തില്‍. 

Published on 04 July, 2022
ഡോ.ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവര്‍പൂളില്‍ യാത്രാമൊഴിയേകും; തിരുക്കര്‍മ്മങ്ങള്‍, അള്‍ത്താര ശുശ്രുഷ നയിച്ച ഹോളി ക്രോസ്സ് ദേവാലയത്തില്‍. 

ലിവര്‍പൂള്‍: കാറപകടത്തില്‍ മരിച്ച യുവ ഡോക്ടര്‍ ജ്യോതിസ് മണലയിലിന് ലിവര്‍പൂളിലെ സെന്റ് ഹെലന്‍സില്‍ വെച്ച് യാത്രാമൊഴി ചൊല്ലും. ജ്യോതിസ് അള്‍ത്താര ശുശ്രുഷ ചെയ്തിരുന്ന സെന്റ് ഹെലന്‍സിലെ ഹോളി ക്രോസ്സ് ദേവാലയത്തില്‍ വെച്ചാണ് അന്ത്യോപചാര ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 7 നു വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ദേവാലയത്തിലെത്തിച്ചേരുന്ന മൃതദേഹം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി അന്ത്യോപചാര
ശുശ്രുഷകള്‍ക്കായി ദേവാലയാങ്കണത്തില്‍ എത്തിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. നിരവധി സീറോ മലബാര്‍ വൈദികരോടൊപ്പം, ഹോളി ക്രോസ്സ് ദേവാലയത്തിലെ വൈദികരും, സിസ്റ്റേഴ്‌സും ശുശ്രുഷകളില്‍ പങ്കു ചേരും.  

വളരെ സമര്‍ത്ഥനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവും, ലളിത ജീവിതം നയിക്കുകയും ചെയ്തു പോന്നിരുന്ന ജ്യോതിസ്,സാമൂഹ്യ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വളരെ ഉത്സുകനും ആയിരുന്നു. ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോക്ടറായിരുന്ന ജ്യോതിസ് രാത്രി ഷിഫ്റ്റ് കഴിഞ്ഞു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സും എടുത്ത ശേഷം താമസ സ്ഥലത്തേക്കു കാറില്‍ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സംഭവിച്ച ആന്തരിക ക്ഷതമാവാം മരണകാരണം എന്ന് കരുതുന്നു.

ജ്യോതിസ് ജോലിചെയ്തു വന്നിരുന്ന ഹോസ്പിറ്റലില്‍ കുറഞ്ഞ കാലഘട്ടത്തിനിടയില്‍ത്തന്നെ ഏറെ അംഗീകാരവും, ആദരവും, സ്‌നേഹവും പിടിച്ചു പറ്റുവാനും, പ്രാഗല്‍ഭ്യം തെളിയിക്കുവാനും കഴിഞ്ഞു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ അതി സമര്‍ത്ഥനും, സര്‍വ്വ സമ്മതനും, വലിയ സുഹൃത്ത് വലയം ഉണ്ടാക്കിയ വ്യക്തിയും ആയിരുന്നു പരേതന്‍. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ജ്യോതിസ് കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രതിഭ തെളിയിച്ചിരുന്നു.

ലിവര്‍പൂളിലെ സെന്റ് ഹെലനില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി മണലയില്‍ ജോജപ്പന്‍ - ജെസ്സി (കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി) ദമ്പതികളുടെ മൂത്തമകനാണ് ജ്യോതിസ്. ഏക സഹോദരന്‍ ജോവിസ് NHS ല്‍ തന്നെ ഉദ്യോഗസ്ഥനാണ്.  

അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ദേവാലയത്തില്‍ വെച്ച്  നടത്തപ്പെടുന്ന അനുസ്മരണങ്ങള്‍ക്കും, കൃതജ്ഞതാ പ്രകാശനത്തിനും ശേഷം പൊതുജനങ്ങള്‍ക്കായി അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ആല്മീയ, സാമൂഹ്യ, സാംസ്‌കാരിക, ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ, മേഖലകളിലെ നിരവധി വ്യക്തികള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍,ബന്ധുക്കള്‍, ഇടവകാംഗങ്ങള്‍ അടക്കം നൂറു കണക്കിന് വ്യക്തികള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രിയ സോദരനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എത്തും.

ദേവാലയത്തില്‍ തുടര്‍ന്ന് നടത്തപ്പെടുന്ന ഒപ്പീസിനു ശേഷം മൃതദേഹം റെയിന്‍ഫോര്‍ഡില്‍ ഉള്ള ഗ്രീന്‍ ഏക്കേഴ്‌സ് പാര്‍ക്കില്‍ (നാച്ചുറല്‍ സിമറ്ററി ആന്‍ഡ് സെറിമോണിയല്‍ പാര്‍ക്ക്) എത്തിച്ചു സമാപന ശുശ്രുഷകളും അനുബന്ധ ചടങ്ങുകളും നടത്തുന്നതാണ്. നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്ന ശുശ്രുഷയില്‍ അതിനാല്‍ത്തന്നെ കാര്‍മ്മികര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, ബന്ധുക്കള്‍ക്കും പുറമെ പ്രത്യേകം ക്ഷണിക്കപ്പെടുന്നവര്‍ക്കു മാത്രമേ പ്രവേശന അനുമതി ലഭിക്കുകയുള്ളു.

ലിവര്‍പൂളിലെയും, ലങ്കാഷെയറിലെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം തേടിയ സ്വന്തം 'കൊച്ചു ഡോക്ടര്‍ക്കു' കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാവും പ്രിയ ദേവാലയത്തില്‍ രേഖപ്പെടുത്തുക.

DATE: JULY 7TH THURSDAY AT 10:30 AM.

VENUE: HOLY CROSS R C CHURCH, PARADISE STREET, ST. HELENS, WA10 1LX.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക