സംഘാടക മികവിന്റെ കരുത്തുമായി ഡോക്ടര്‍ ജേക്കബ് തോമസ്

Published on 06 July, 2022
 സംഘാടക മികവിന്റെ കരുത്തുമായി ഡോക്ടര്‍ ജേക്കബ് തോമസ്

അമേരിക്കൻ ഐക്യനാടുകളിലെ മലയാളികളുടെ ആശ്രയവും, പ്രതീക്ഷയുമാണ് ഫോമാ.ആരംഭകാലം മുതൽ പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,, കേരളത്തിലെ സാമൂഹ്യ പരിവർത്തനത്തിൽ സാധാരണക്കാരന്റെ പുരോഗതി ഉറപ്പ് വരുത്തുന്നതിനും, ഫോമാ ഊന്നൽ നൽകിയിരുന്നു. നേതൃത്വത്തിൽ ആരുമാകട്ടെ, സാമൂഹ്യ പുരോഗതിക്ക് മുൻഗണന എന്നതായിരുന്നു മുഖ്യ വിഷയം. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല എന്നത് കോവിഡ് കാലത്തും അതിനും മുൻപും പിൻപും ഫോമാ ചെയ്തിട്ടുള്ള സേവനങ്ങൾ വിലയിരുത്തിയാൽ ബോധ്യമാകും.

മലയാളി സമൂഹവും, കേരളവും,   വലിയ വെല്ലുവിളികളെ നേരിട്ട പ്രളയകാലത്തും, കോവിഡ് കാലത്തും, അതിനു ശേഷവും, കേരളത്തിലുടനീളം മലയാളികൾക്ക് സഹായവുമായി എത്തിച്ചേർന്നത് ഫോമയാണ്. കാരുണ്യ സേവന സന്നദ്ധ മേഖലയിൽ ഫോമാ അവഗണിക്കാനാവാത്ത ഒരു പേരായി എഴുതി ചേർത്തത് വെറും പതിനാല് വർഷങ്ങൾ കൊണ്ടാണ്. ഫോമയുടെ വരുംകാല പ്രവർത്തനങ്ങളിൽ ഫോമയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ പുതിയ സാരഥികൾക്ക് ഉത്തരവാദിത്വമുണ്ട്.  ഈ സാഹചര്യത്തിലാണ് ശ്രീ ഡോക്ടർ ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം വളരെ ശ്രദ്ധേയവും പ്രസക്തവുമാകുന്നത്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ കൃത്യനിഷ്ഠയോടെയും, ആത്മാർത്ഥതയോടെയും, പൂർണ്ണമനസ്സോടെയും, നടത്തി വിജയിപ്പിച്ചയാൾ എന്ന ഖ്യാതിയോടെയാണ് അദ്ദേഹം മത്സര രംഗത്ത് നിലയുറപ്പിക്കുന്നത്.

 ഫോമാ 2022-2024 കാലത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തെരെഞ്ഞടുപ്പിൽ  പ്രസിഡന്റ് സ്ഥാനാർത്ഥിയാണ്  ഡോക്ടർ ജേക്കബ് തോമസ്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന്  ഇലക്ട്രിക് എഞ്ചിനീയറിങ്ങിൽ ബിരുദവും, എൻവയൺമെന്റൽ സയൻസിൽ കാനഡയിലെ ഗ്വൾഫ്  സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടിയ അദ്ദേഹം ഇപ്പോൾ  ആഗോള താപന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭാസത്തിൽ ഇത്രയേറെ തല്പരനായ ഒരു പ്രസിഡന്റ് സ്ഥാനാർഥി ഫോമയിൽ ആദ്യമായിരിക്കും.  

കൈതൊട്ട മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. ഇന്ത്യൻ എയർഫോഴ്സിൽ ബോഡി ബിൽഡറും, കേരള സർവ്വകലാശാലയിലെ റെസ്‌ലിങ്ങ്  ചാമ്പ്യനുമായിരുന്നു.അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷം യു.എസ്  നേവിയിലും മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. യു.എസ്  നേവിയിലെ ജി.ഐ സ്‌കോളർഷിപ്പ് തുകകൊണ്ടാണ് അദ്ദേഹം കൂടുതൽ പഠനങ്ങളും അമേരിക്കയിൽ നടത്തിയതെന്ന് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. ഫോമയുടെ അനിവാര്യവും, ചരിത്രപരവുമായ രൂപീകരണ കാലത്ത് സ്ഥാപക അംഗമെന്ന നിലയിൽ ഫോമയുടെ വളർച്ചക്കായി കഠിനാദ്ധ്വാനം ചെയ്ത അപൂർവം വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ ഫോമ അദ്ദേഹത്തെ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്വങ്ങൾ വിജയിപ്പിച്ചതിന്റെ ഏറ്റവും നല്ല മകുടോദാഹരണമാണ് കേരളത്തിൽ കഴിഞ്ഞ മാസം നടത്തിയ ഫോമയുടെ കേരള കൺവെൻഷൻ. പരിപാടികളിലെ വൈവിധ്യം കൊണ്ടും, പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും, കേരളത്തിലെ വർത്തമാന പത്രങ്ങളിൽ കേരള കൺവെൻഷൻ ഒരു വലിയ വാർത്തയായി നിറഞ്ഞു നിന്നു.  സമ്മേളന വിജയത്തിന്റെ മുഖ്യശില്പി എന്ന നിലയിൽ ഡോക്ടർ ജേക്കബ് തോമസ് ഫോമയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്നു.

ഫോമയിലെ പ്രവർത്തന നാൾവഴി:

ഫോമയുടെ ഓരോ സമ്മേളന കാലയളവിലും ഫോമാ തികഞ്ഞ വിശ്വാസത്തോടെ ഏൽപ്പിച്ച പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിച്ച വ്യക്തിയാണ് ഡോക്ടർ ജേക്കബ്.

2008 ൽ രജിസ്‌ട്രേഷൻ വൈസ് ചെയർമാൻ, 2012 ൽ ട്രാൻപോർട്ടേഷൻ ആൻഡ് റിസപ്ക്ഷൻ കോർഡിനേറ്റർ, 2014 സ്പോർട്സ് ജനറൽ കൺവീനർ, 2015 കേരള കൺവെൻഷൻ ചെയർമാൻ, 2014 -16 ൽ   ഫോമാ മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ്, 2019, കേരള കൺവെൻഷൻ ജനറൽ കൺവീനർ, 2020 കോവിഡ്-19 ടാസ്ക് ഫോഴ്സ് കോർഡിനേറ്റർ, 2021 ഹെൽപ്പിങ് ഹാൻഡ് റീജിയണൽ ചെയർമാൻ , 2022 കേരള കൺവെൻഷൻ ചെയർമാൻ.

ഡോക്ടർ ജേക്കബിന്റെ സ്ഥാനാർത്ഥിത്വത്തെ തികഞ്ഞ ഹർഷാരവത്തോടെയാണ് ഫോമാ പ്രവർത്തകർ സ്വീകരിച്ചത്. അത് കൊണ്ട് കൂടിയാണ്  ഏറ്റവും അനുയോജ്യരും,കഴിവുറ്റവരുമായ ഒരു നേതൃത്വ നിര അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത്.  ഓജസ് ജോൺ, ജയ്മോൾ ശ്രീധർ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ജെയിംസ് ജോർജ്ജ് എന്നിവരാണ് ആ സ്ഥാനാർത്ഥികൾ. അദ്ദേഹത്തോടൊപ്പം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എടുത്തു പറയേണ്ട പ്രത്യേകത അവരെല്ലാം തന്നെ അവരവർ പ്രതിനിധീകരിക്കുന്ന അംഗസംഘടനകളിൽ മുൻ പ്രസിഡന്റുമാർ ആയിരുന്നുവെന്നതാണ്. എന്നുപറഞ്ഞാൽ സംഘടനാ രംഗത്തു പ്രവർത്തിച്ചും, സംഘടനകളെ പരിപോഷിപ്പിച്ചും, തികഞ്ഞ പരിചയമുള്ളവർ എന്നർത്ഥം. മറ്റാർക്കും അവകാശപ്പെടാനാവാത്ത ഈ യോഗ്യതയാണ് സ്ഥാനാർത്ഥികളെ വ്യത്യസ്തരാക്കുന്നത്. പുതിയ തെരെഞ്ഞടുപ്പ് സമവാക്യങ്ങൾ എഴുതിച്ചേർത്താണ് മത്സര രംഗത്ത് അദ്ദേഹം കളം പിടിക്കുന്നത് എന്ന്  സാരം.

സേവന തല്പരനായ സ്ഥാനാർഥി

ഡോക്ടർ ജേക്കബ് ഒരു വ്യവസായിയും സാമൂഹ്യ പ്രവർത്തകനും എന്നതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മഹനീയമാക്കുന്നത് അദ്ദേഹം നടത്തുന്ന അധികം ആർക്കും അറിയാത്ത കാരുണ്യ പ്രവൃത്തികളാണ്.എല്ലാ വർഷവും, സ്‌കൂൾ തലത്തിലുള്ള 20 ൽ കുറയാത്ത വിദ്യാർത്ഥികൾക്ക് അദ്ദേഹം വിദ്യാഭാസ സഹായവും മറ്റും നൽകി വരുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തും അദ്ദേഹം നിരവധി സേവനങ്ങളാണ് ചെയ്തു വരുന്നത്. ഏതാണ്ട് ഇരുന്നോറോളം വരുന്ന ഉദ്യോഗാർത്ഥികളെ ന്യോയോർക്ക് സിറ്റിയിലും സ്റ്റേറ്റിലുമായി ജോലിക്ക് പ്രാപ്തരാകുന്നതിനുള്ള പരിശീലനവും അദ്ദേഹം നൽകിയിട്ടുണ്ട്. കേരളത്തിൽ ഒരു മികച്ച വായനശാലയും അദ്ദേഹം തന്റെ മാതാപിതാക്കളുടെ പേരിൽ നാടിനു സമർപ്പിച്ചു.  മികച്ച വിദ്യാഭ്യാസമുള്ള ഒരു തലമുറയാണ് ഒരു രാഷ്ട്രത്തിന്റെ കെട്ടുറപ്പ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. "അവനവനാത്മ സുഖത്തിനാചരിക്കുന്നതപരന്നു ഗുണത്തിനായി വരേണം" എന്ന ശ്രീ നാരയണ ഗുരുവിന്റെ തത്വമാണ് അദ്ദേഹത്തിനു പ്രചോദനം.

സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെട്ടുപോയ - പാർശ്വവൽക്കരിക്കപ്പെട്ടവരെ അധികാര ഘടനയിലെ പൊളിച്ചെഴുത്തുകളിലൂടെയും, വിദ്യാഭാസ സഹായങ്ങളിലൂടെയും, മുൻനിര ശ്രേണിയിലേക്ക് കൊണ്ടുവരുവാൻ കഴിയുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. ഫോമയിൽ തുടങ്ങി വെച്ച വിദ്യാഭാസ സ്‌കോളർഷിപ്പ് പദ്ധതികൾ, സ്ത്രീ ശാക്തീകരണ നടപടികളെ ഊർജസ്വലമാക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയവ  മുന്നോട്ട് കൊണ്ടുപോകാൻ ദീർഘ ദൃഷ്ടിയും, വിശ്വാല പുരോഗമന കാഴ്ചപ്പാടുകളുമുള്ള ഡോക്ടർ ജേക്കബിന് കഴിയുമെന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും.

ലക്ഷ്യങ്ങളും, പ്രതീക്ഷകളും

തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഫോമയുടെയും,പ്രവാസിമലയാളികളുടെ എക്കാലത്തെയും ആവശ്യമാണ് പ്രവാസിമലയാളികളുടെ ഇന്ത്യയിലെ-കേരളത്തിലെ  സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അതിവേഗം വ്യവഹാരങ്ങൾ തീർപ്പു കൽപ്പിക്കാൻ കഴിയുന്ന അതിവേഗ കോടതികൾ (Fast Track ), ട്രിബൂണലുകൾ എന്നിവ സ്ഥാപിക്കണമെന്നത്. അതിനുള്ള ശ്രമങ്ങൾക്ക് മുൻ‌തൂക്കം നൽകുക എന്നതാണ് മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. അതുകൊണ്ടു തന്നെ ലോകത്താകമാനമുള്ള പ്രവാസി സംഘടനകളെയും ചേർത്ത് ഒരു കുടക്കീഴിൽ അണിനിരത്തി പ്രവർത്തങ്ങൾ ഏകോപിപ്പിക്കാൻ കഴിയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പ്രവാസിമലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ സംരക്ഷണ-പരിരക്ഷണ  പദ്ധതികൾക്കുള്ള സാധ്യതകൾ ആരായും. നിലവിൽ നല്ലൊരു ശതമാനം പേരും വൻതുകകൾ ഇൻഷുറൻസിനായി നൽകുന്നുണ്ട്. വിദ്യാഭാസ രംഗത്ത്‌ പ്രവാസിമലയാളികളുടെ മക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗക്യരങ്ങൾ ലഭ്യമാക്കുന്നതിനും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ പ്രവേശനം സാധ്യമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക എന്നത്‌ ഒരു സ്വപ്നമാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രവാസിമലയാളികളുടെയും അവരുടെ പിൻതലമുറയുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തുവാനുള്ള പ്രവർത്തങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമായ ഒന്നായി കാണുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അവർക്ക് കടന്നുവരുവാനും, അതിനുള്ള സൗക്യരങ്ങൾ സൃഷ്ടിക്കാനും കഴിയണം.മുഴുവൻ സമയവും ജനങ്ങളുമായി സംവദിക്കാനും പ്രശ്ന പരിഹാരത്തിനും കഴിയുന്ന ഹോട് ലൈൻ സ്ഥാപിക്കുക. ഫോമയ്‌ക്ക് സ്വന്തമായി ഒരു ആസ്ഥാനമൊരുക്കാനും കഴിയണം. വിദേശ വാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സഹായങ്ങളും കേരളത്തിൽ ലഭ്യമാക്കുന്നതിന് കേരള സർക്കാരുമായി ഒത്തു ചേർന്ന്  പ്രവർത്തിക്കുക എന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. കൗൺസിലിംഗ് ക്ലിനിക്കുകൾ, കൃഷി വികസന പദ്ധതികൾ, തുടങ്ങിയവും അദ്ദേഹം ലക്ഷ്യം വെക്കുന്നു   നിലവിലെ വാണിജ്യ-വ്യവസായ ഫോറം കൂടുതൽ ജനകീയമാക്കാനും, വിവിധ പദ്ധതികൾ നടപ്പിലാക്കാനും കഴിയണം. .

പരിപാടികൾ ഏറ്റെടുത്ത്‌ വിജയിപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് അദ്ദേഹത്തോടൊപ്പം മത്സര രംഗത്ത് അവതരിപ്പിച്ചിട്ടുള്ളത് എന്നത് ശ്രീ ഡോക്ടർ ജേക്കബിന്റെ പ്രതീക്ഷകൾക്ക് ഉണർവ്വ് നൽകുന്നു.

സംഘടനയിലെ എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ട് പോകാനും, പ്രശ്നങ്ങളെ കേൾക്കാനും പരിഹരിക്കാനും അനുഭവ പാരമ്പര്യവും, പ്രവർത്തന മികവും ഉള്ള ഒരാൾ എന്ന നിലയിൽ ശ്രീ ഡോക്ടർ ജേക്കബ് തോമസ് ഫോമയ്‌ക്ക് അദ്ധ്യക്ഷപദം അലങ്കരിക്കാൻ അനുയോജ്യമായ വ്യക്തിയാണ് എന്ന് നമുക്ക് അഭിമാനിക്കാം.

പ്രസിഡന്റ് സ്ഥാനാർഥിയായ ഡോക്ടർ ജേക്കബ് തോമസിനൊപ്പം  ഓജസ് ജോൺ (ജനറൽ സെക്രട്ടറി), ബിജു തോണിക്കടവിൽ (ട്രഷറർ)   സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടർ ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോർജ് ((ജോയിന്റ് ട്രെഷറർ) എന്നിവരാണ്  ഫ്രണ്ട്‌സ്‌ ഓഫ് ഫോമാ എന്ന പാനലിൽ ഫോമാ 2022 - 24 എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.

വാർത്ത : ജോസഫ് ഇടിക്കുള.

JV Brigit 2022-07-06 15:07:34
I am asking the same questions that I posted for the candidates of FOKANA. What specific goals do he & his team want to accomplish in his tenure? In what way would they help the Malayalees in the United States - if FOMAA claims if it is the voice of Malayalees in America? How are they going to accomplish them?
ഫോമൻ 2022-07-06 21:20:02
സ്ഥാനാർഥികളുടെ ബാക്ഗ്രൗണ്ട് ചെക്കിംഗ് ഒന്ന് നടത്തി നോക്കിയാൽ ഞെട്ടും.
S S Prakash 2022-07-07 16:18:38
Absolutely right
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക