എല്ലാവരും ഇപ്പോള്‍ ഭരണഘടനയോട് ഭയങ്കര ആദരവ് കാണിക്കുന്നു; പക്ഷെ നമ്മുടെ പല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മുന്‍കാല സമീപനങ്ങള്‍ ഭരണഘടനാ വിരുദ്ധതയില്‍ അധിഷ്ഠിതമായിരുന്നു....
ഇപ്പോള്‍ എല്ലാവര്‍ക്കും ഭരണഘടനയോട് ഭയങ്കര ആദരവാണ്. ഇത്തരക്കാരോട് കുറെയേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയില്‍ അയോധ്യ വിഷയം ഇരിക്കെ, ബാബ്രി മസ്ജിദ് തകര്‍ത്തത് നഗ്‌നമായ ഭരണഘടനാ ലംഘനം ആയിരുന്നില്ലേ? ഭരണഘടനാനുസൃതമായി പെരുമാറുന്ന ഒരു പാര്‍ട്ടി അങ്ങനെ ചെയ്യാമായിരുന്നുവോ? അല്ലെങ്കിലും 1990-കളിലും, പിന്നീടും അനേകം വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ബി.ജെ.പി.-ക്കും സംഘ പരിവാറിനും എവിടെയായിരുന്നു ഭരണഘടനയോട് വിധേയത്വം ഉണ്ടായിരുന്നത്? സംഘ പരിവാറിനോട് അടുത്തുനില്‍ക്കുന്ന ബജ്‌റങ് ദള്‍ ഒക്കെ തനി ഗുണ്ടാ സംഖടന അല്ലേ?
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞത് 'കോണ്‍സ്റ്റിറ്റിയുഷണല്‍ മൊറാലിറ്റി' എന്നുള്ളത് 'റിലിജിയസ് മൊറാലിറ്റി' - ക്ക് ഉപരിയാണ് എന്നുള്ളതാണ്. ശബരിമല അയ്യപ്പ സന്നിധിയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റ്റെ വിധിയായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന 'ഫണ്‍ഡമെന്റ്റല്‍ പ്രിന്‍സിപ്പിള്‍സ്' അനുസരിച്ച് സ്ത്രീകളെ തടയാന്‍ പാടില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധി. നമ്മുടെ ഭരണഘടന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന രാഷ്ട്രശില്‍പികള്‍ കാരണം അടിസ്ഥാനപരമായി 'ജെന്‍ഡര്‍ സെന്‍സിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ്.
മതമോ ലിംഗമോ നോക്കി നീതി നിശ്ചയിക്കുന്നത് ഭരണഘടനക്കും ആധുനികതയുടെ മൂല്യങ്ങള്‍ക്കും എതിരാണ്. ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ 'ലെറ്റര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷന്‍', 'സ്പിരിറ്റ് ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷന്‍' - എന്ന രണ്ടു വിഷയങ്ങളുണ്ട്. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് മതത്തിന്റ്റേയും ലിംഗത്തിന്റ്റേയും പേരില്‍ ആരോടെങ്കിലും കാണിക്കുന്ന വിവേചനം. 'ലെറ്റര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും', 'സ്പിരിറ്റ് ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും' എതിരാണ് അത്തരം വിവേചനങ്ങള്‍. ജെന്‍ഡര്‍ സെന്‍സിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ആര്‍ത്തവത്തിന്റ്റെ പേരില്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനം. 'ലെറ്റര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും', 'സ്പിരിറ്റ് ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും' എതിരാണ് അത്തരത്തില്‍ ഒരു വിവേചനം. അതാണ് ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്ന് വരാനുണ്ടായ കാരണം.
12 വര്‍ഷവും, 24 കക്ഷികള്‍ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ ഒന്നായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനത്തിന്റ്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി. 411 പേജുള്ള സുപ്രീം കോടതി വിധിന്യായം വന്നത് 1991-ന് മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരുന്നു എന്നതിന്റ്റെ കൃത്യവും വ്യക്തവുമായ 'ഡോക്കുമെന്റ്ററി എവിഡന്‍സ്' പഠിച്ചിട്ടാണ്. സ്ത്രീകളുടെ പേരില്‍ ചോറൂണിന്റ്റെ ഒക്കെ രസീതുകളുടെ ശേഖരം ഉള്ളപ്പോള്‍ ആര്‍ക്കാണ് തെളിവുകള്‍ നിഷേധിക്കുവാന്‍ സാധിക്കുന്നത്? അധികാരവും പണവും ഉള്ളവര്‍ മാത്രമായിരുന്നു പണ്ട് ശബരിമലയില്‍ ആചാരങ്ങള്‍ തെറ്റിച്ചതെന്ന വാദവും വസ്തുതാപരമായി ശരിയല്ലായിരുന്നു. പണ്ട് ശബരിമല ക്ഷേത്രത്തില്‍ മക്കളുടെ ചോറൂണ് നടത്തിയ എല്ലാ അമ്മമാരും അധികാരവും, പണവും ഉള്ളവര്‍ ആയിരുന്നില്ല. മറ്റേതൊരു അമ്പലത്തിലും ഉള്ളത് പോലെ നിയമപ്രകാരം ചോറൂണിന് രസീത് എടുത്ത് നടത്തിയതായിരുന്നു അതൊക്കെ. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടി.കെ.എ. നായര്‍ തന്റ്റെ ചോറൂണ് ശബരിമല ക്ഷേത്രത്തില്‍ വെച്ചായിരുന്നു എന്ന് പരസ്യമായി തന്നെ പറഞ്ഞു. എന്നിട്ടും സംഘ പരിവാറുകാര്‍ക്ക് തൃപ്തി വന്നില്ല.
ഈ രണ്ട് ടീമുകളെ പോലെ തന്നെയുള്ള മറ്റൊരു കൂട്ടരാണ് കമ്യൂണിസ്റ്റ്കാര്‍. ദേശീയതയേയും മതങ്ങളേയും അംഗീകരിക്കാത്തവരാണ് അവര്‍. അതുകൊണ്ടു തന്നെ, ദേശീയതയില്‍ ഊന്നിയ ഭരണഘടനയെ അവര്‍ അംഗീകരിക്കില്ലാ. സി.പി.എം. മാതൃകാ രാഷ്ട്രങ്ങളായി കാണുന്ന റഷ്യയിലും,ചൈനയിലും, വടക്കന്‍ കൊറിയയിലുമെല്ലാം ദേശീയ വികാരങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ ദേശീയതയെ കമ്യൂണിസ്റ്റ്കാര്‍ ഇതുവരെ അംഗീകരിച്ചു കണ്ടിട്ടില്ല.
മൂഢമായ സങ്കല്‍പ്പങ്ങളില്‍ നിന്നുകൊണ്ട് രാജ്യ നന്മയേയും, രാഷ്ട്ര നിര്‍മാണ പ്രക്രിയയേയും എതിര്‍ത്തവരാണ് പല മുന്‍കാല കമ്യുണിസ്റ്റുകാരും. രാജ്യത്തിലെ നന്‍മയെ ഒട്ടുമേ കാണാതിരുന്ന ഒരുതരം 'നെഗറ്റിവിറ്റി' -യില്‍ ഊന്നിയ സമീപനമാണ് കമ്യുണിസ്റ്റുകാര്‍ക്ക് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന മുന്നേറ്റമായിരുന്ന 'ക്വിറ്റ് ഇന്‍ഡ്യാ' സമരത്തെ അവര്‍ എതിര്‍ത്തു. പിന്നീട് അവരുടെ നാല് നേതാക്കന്മാര്‍ മോസ്‌കോയില്‍ ചെന്ന് സ്റ്റാലിനെ കണ്ടപ്പോള്‍ സ്റ്റാലിന്‍ പോലും അവരോട് ചോദിച്ചു: 'നിങ്ങളോട് ആര് പറഞ്ഞു 'ക്വിറ്റ് ഇന്‍ഡ്യാ' സമരത്തെ എതിര്‍ക്കാന്‍' എന്ന്. സ്റ്റാലിനുള്ള പ്രായോഗികാ വാദം പോലും ഇന്ത്യന്‍ കമ്യുണിസ്റ്റുകാര്‍ക്ക് ഇല്ലാതെ പോയി. മറ്റു രാജ്യങ്ങളിലെ കമ്യുണിസ്റ്റുകാര്‍ക്കിടയിലുണ്ടായിരുന്ന ഈ പ്രായോഗികാ വാദം ആണ് നമ്മുടെ കമ്യൂണിസ്റ്റ്കാര്‍ക്ക് ഒട്ടുമേ ഇല്ലാത്തത്. ഇന്ത്യയിലെ കമ്യുണിസ്റ്റുകാര്‍ക്കിടയില്‍ പലരിലും ഇത്തരം ഒരു 'പ്രാഗ്മാറ്റിസം' അതല്ലെങ്കില്‍ 'പ്രാഗ്മാറ്റിക്ക് അപ്പ്രോച്ചിന്റ്റെ' അഭാവം എപ്പോഴുമുണ്ട്.
'ഏഷ്യന്‍ റ്റൈഗേര്‍സ്' എന്ന് വിളിപ്പേരുള്ള സിംഗപ്പൂര്‍, തായ്വാന്‍, സൗത്ത് കൊറിയ, ഹോംഗ്‌കോംഗ് - ഈ നാല് അയല്‍ രാജ്യങ്ങളുടേയും സാമ്പത്തിക വളര്‍ച്ചയാണ് ചൈന 1980-കള്‍ക്ക് ശേഷം മാതൃകയാക്കിയത്. 'പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി' എന്നുപറഞ്ഞു ഐഡിയോളജി ചൈന മാറ്റിവെക്കുന്ന കാഴ്ചയാണ് 1980-കള്‍ക്ക് ശേഷം കാണുവാന്‍ സാധിക്കുന്നത്. അത്തരത്തിലുള്ള പോസിറ്റീവ് ആയ 'ആറ്റിറ്റിയൂഡ്' കാരണമാണ് ചൈന ഇന്ന് വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചറിലും ടെക്‌നൊളജിയിലും ചൈന ഇന്ന് വന്‍ശക്തി തന്നെയാണ്. എന്തുകൊണ്ട് 1980-കള്‍ക്ക് ശേഷം ചൈനക്ക് കമ്യൂണിസം മാറ്റിവെച്ച് ഒരു 'പോസിറ്റീവ് ആറ്റിറ്റിയൂഡ്' എടുക്കാന്‍ സാധിച്ചു എന്ന് ചോദിക്കുമ്പോഴാണ് ചൈനീസ് സമൂഹത്തിലെ ചില പ്രത്യേകതകള്‍ മനസിലാക്കേണ്ടത്. പ്രൊഫസര്‍ കെ. എന്‍. രാജ് ചൂണ്ടിക്കാട്ടുന്നത് പോലെ 'കണ്‍ഫ്യൂഷന്‍' ചിന്താഗതി അടിസ്ഥാനപരമായി 'പ്രാഗ്മാറ്റിസം' അതല്ലെങ്കില്‍ പ്രായോഗികത ഉള്‍ക്കൊള്ളുന്ന ഒന്നാണ്. നമ്മുടെ കമ്യുണിസ്റ്റ്കാര്‍ക്ക് ഇല്ലാതെ പോയതും ഈ പ്രായോഗികതയാണ്.
(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
വെള്ളാശേരി ജോസഫ്