എഴുത്തുകാരന് മാത്രമാണ് മൂന്നാം കണ്ണുള്ളത് : പ്രമീളാദേവി 

Published on 09 July, 2022
എഴുത്തുകാരന് മാത്രമാണ് മൂന്നാം കണ്ണുള്ളത് : പ്രമീളാദേവി 

സമൂഹത്തില്‍ നടമാടുന്ന വിവിധ വിഷയങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം എഴുത്തുകാരനുണ്ടെന്ന് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രമീള ദേവി അഭിപ്രായപ്പെട്ടു. ഫൊക്കാന കണ്‍വെന്‍ഷന്റെ ഭാഗമായി ഒര്‍ലാന്‍ഡോയില്‍ നടന്ന സാഹിത്യ സ്മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

പ്രമീളാദേവിയുടെ വാക്കുകള്‍...

'എഴുത്തുകാരന് സമൂഹത്തോട് ഉത്തരവാദിത്വമുണ്ടോ എന്നാണ് എന്നും ഉയരുന്ന ഒരു ചോദ്യം. ആ ചോദ്യത്തിന് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് എന്നും ഉണ്ടായിട്ടുള്ളത്. ഒരു കവിത, അല്ലെങ്കില്‍ കഥയുണ്ടാവുന്നത് പൂക്കള്‍ വിരിയുന്നതുപോലെ വളരെ സ്വാഭാവികമായി ഉണ്ടാവുന്നതാണെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാല്‍, എഴുത്തിനെ അത്ര നിഷ്‌ക്കളങ്കമായി അങ്ങനെ വിലയിരുത്താന്‍ കഴിയില്ല. സമൂഹത്തിലെ ഒട്ടേറെ തിന്മകള്‍ എഴുത്തുകാരനും കാണുന്നുണ്ട്. അവര്‍ തങ്ങളുടെ സാഹിത്യ സൃഷ്ടികളില്‍ സമൂഹത്തില്‍ നടമാടുന്ന വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. അങ്ങനെയെങ്കില്‍ സമൂഹത്തോട് എഴുത്തുകാരന് വലിയ ഉത്തരവാദിത്തമാണുള്ളത്. ഒരു കഥയുടെ അല്ലെങ്കില്‍ കവിതയുടെ ബീജം അവരുടെ മനസിലേക്ക് വന്നുവീഴുന്നത് ഒരു യാത്രയിലോ, അല്ലെങ്കില്‍ അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ ഒക്കെയാണ്. നമ്മുടെ ജീവിതത്തില്‍ എഴുത്തുകാരന് വലിയ സ്ഥാനമാണുള്ളത്. അതിനാല്‍, അവര്‍ എഴുതുന്നതും പറയുന്നതും സമൂഹം ഏറ്റെടുക്കും. എഴുത്തുകാരന് മാത്രമാണ് മൂന്നാം കണ്ണുള്ളത്. അതിനാല്‍, അയാള്‍ കാണുന്ന അത്രയും സൂഷ്മമായി മറ്റാര്‍ക്കും സമൂഹത്തെ കാണാന്‍ കഴിയില്ല. തെറ്റുകള്‍ തിരുത്താനായി നമ്മോട് സംസാരിക്കേണ്ടത് എന്നും എഴുത്തുകാരനാണ്, അവര്‍ക്ക് സമൂഹമാറ്റത്തിനായി ഇടപെടാന്‍ കഴിയും. തിന്മകളെ ഉയര്‍ത്തിപ്പിടിക്കാനും നന്മകള്‍ ചെയ്യാന്‍ സമൂഹത്തെ ഉദ്ബോധിപ്പിക്കാനും കഴിയും. അതുകൊണ്ടാണ് പ്ലാറ്റോ, ഭരണാധികാരി കവിയായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. പ്രകൃതിയുടെയും ഭൂമിയുടെയും വര്‍ത്തമാനകാല ജീവിതത്തെകുറിച്ച് അറിയുന്നവനായിരിക്കണം ഭരണാധികാരിയെന്നാണ് പ്ലാറ്റോ അതിലൂടെ ലക്ഷ്യം വച്ചിരുന്നത്. 

വിക്ടര്‍ യൂഗോ ഴാങ് വാല്‍ ഴാങ് എന്ന തന്റെ വിഖ്യാതമായ കൃതിയിലൂടെ പറയാന്‍ ശ്രമിച്ച വലിയൊരു സന്ദേശമുണ്ട്. അത് ക്ഷമിക്കാനുള്ള മനസ് ഒരു വ്യക്തിയെ എങ്ങനെ മാറ്റിമറിക്കുമെന്നായിരുന്നു. ആരും അഭയം നല്‍കാതിരുന്ന കുറ്റവാളിയായ ഴാങ് വാല്‍ ഴാങിന് അഭയം നല്‍കാന്‍ തയ്യാറായ ബിഷപ്പ്, അദ്ദേഹത്തിന്റെ വലിയ മനസ് ആ കുറ്റവാളി വീണ്ടും മോഷണം നടത്തി പൊലീസ് പിടിയിലായപ്പോള്‍ ക്ഷമിക്കുക മാത്രമല്ല ചെയ്തത്, ആ മനസിനെ ആകെ മാറ്റിമറിക്കുകയായിരുന്നു. തെറ്റു ചെയ്തവനെ അതിനേക്കാള്‍ വലിയ കുറ്റവാളിയാക്കാനല്ല അവിടെ ബിഷപ്പ് ശ്രമിച്ചത്. കരുണയാണ് ക്ഷമയാണ് തെറ്റില്‍ നിന്ന് ഒരാളെ മോചിപ്പിക്കാനുള്ള മാര്‍ഗമെന്നാണ് എഴുത്തുകാരന്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം. 

ചതിയുടെയും വഞ്ചനയുടെയും ലോകത്താണ് നാമിന്ന് ജീവിക്കുന്നത്, അപ്പോള്‍ എഴുത്തുകാരന്റെ ഉത്തരവാദിത്തം കൂടുകയാണ്. ഒരു ചെറു വെളിച്ചമെങ്കിലും സമൂഹത്തിന് നല്‍കാന്‍ എഴുത്തുകാരന് കഴിയണം. എന്റെ സന്തോഷമാണ് കവിത, അത് എന്റെ ആനന്ദ മാര്‍ഗം കൂടിയാണ് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. 

എല്ലാ എഴുത്തുകാരനും സമൂഹത്തോട് വലിയ ഉത്തരവാദിത്തം ഉണ്ടെന്നുതന്നെയാണ് എന്റെ അഭിപ്രായം. കലയ്ക്കുവേണ്ടി കല എന്നും കല സമൂഹത്തിന് വേണ്ടി എന്നുമുള്ള രണ്ട് അഭിപ്രായം ഒരു വാദത്തിന് തുടരട്ടെ. അപ്പോഴും സമൂഹത്തോട് എഴുത്തുകാരനുള്ള ബാധ്യത ഒരിക്കലും മറക്കാതിരിക്കട്ടെ. 

എന്റെ എഴുത്തുജീവിതത്തിലുണ്ടായ അനുഭവം തന്നെയാണ് ഇതിനുള്ള ഒരു ഉദാഹരണം. 'എന്റെ മഹാബലിയിലേക്ക്' എന്ന കവിത വായിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഒരു തടവുപുള്ളി എനിക്കൊരു കത്തെഴുതി. അവരെ എന്റെ കവിത വല്ലാതെ സ്പര്‍ശിച്ചെന്നായിരുന്നു കത്തിലെ ഉള്ളടക്കം. എന്റെ കവിത അദ്ദേഹത്തെ ജീവിക്കാന്‍ പഠിപ്പിച്ചുവെന്നും അതിന് ഏറെ നന്ദിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിലെ വാക്കുകള്‍. ഒരു എഴുത്തുകാരിയെന്ന നിലയില്‍ എനിക്ക് ലഭിച്ച നോബേല്‍ സമ്മാനമായി ഞാനതിനെ കാണുകയാണ്.'

Mary Mathew muttathu 2022-07-09 12:17:51
Excellent Premeeladevi Very true . Every writer see everything that happening in this world They want to convey the positivity and the righteousness to the world through writings There is no other way to convey things to the public . Thanks again for your excellent writing .
Sudhir Panikkaveetil 2022-07-09 13:18:07
"പുറം കണ്ണ് തുറപ്പിപ്പു പുലർ വേളയിൽ അംശുമാൻ അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം".ആശാൻ എത്തിയില്ലെങ്കിൽ കണ്ണുകൾ തുറക്കില്ല. മൂന്നാം കണ്ണിന്റെ കാര്യം അപ്പോൾ കഷ്ടി. 🤣
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക