ലോകത്തിലെ മഹാത്ഭുതമാണ് മനുഷ്യന്‍  : ഫാ. ഡേവിസ് ചിറമ്മല്‍

Published on 09 July, 2022
ലോകത്തിലെ മഹാത്ഭുതമാണ് മനുഷ്യന്‍  : ഫാ. ഡേവിസ് ചിറമ്മല്‍

ലോകത്തിലെ മഹാത്ഭുതമാണ് മനുഷ്യനെന്ന സത്യം മനുഷ്യര്‍ തിരിച്ചറിയുന്നില്ലെന്ന് ഫാ. ഡേവിസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. മജീഷ്യന്‍ മുതുകാട് കാണിക്കുന്ന അത്ഭുതങ്ങള്‍ നമ്മളെ അമ്പരപ്പിക്കാറുണ്ടെങ്കിലും   അതിനേക്കാള്‍ വലുതാണ് ഗോപിനാഥ് മുതുകാട് എന്ന മനുഷ്യന്‍ എന്ന ആമുഖത്തോടെയാണ് ഫാദര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ സാഹിത്യ സമ്മേളനത്തില്‍ സംസാരിച്ചത്.

'നമ്മള്‍ നമ്മില്‍ നിന്ന് പുറത്തു കടക്കുമ്പോഴാണ് സൃഷ്ടികള്‍ ഉണ്ടാകുന്നത്. നമ്മള്‍ നമ്മില്‍ തന്നെ ഒതുങ്ങി കൂടുന്നത് കൊണ്ടാണ് സൃഷ്ടികള്‍ ഉണ്ടാകാത്തത്. എല്ലാ മനുഷ്യനും ഒരു സാഹിത്യരചനയാണ്. പക്ഷെ, അവനത് അറിയില്ല. അറിയണമെങ്കില്‍ നമ്മള്‍ നമ്മില്‍ നിന്നും പുറത്തു കടക്കണം. പലരും പറയും ഉള്ളിലേക്കാണ് നോക്കേണ്ടതെന്ന്. പക്ഷെ, നമ്മള്‍ ഉള്ളില്‍ നിന്നും പുറത്തേയ്ക്കാണ് നോക്കേണ്ടത്. സാഹിത്യകാരന്മാര്‍ പുറത്തേയ്ക്കാണ്, മറ്റുള്ളവരിലേയ്ക്കാണ് നോക്കുന്നത്. അങ്ങനെയാണ് സൃഷ്ടികള്‍ ഉണ്ടാകുന്നത്. ' ഫാദര്‍ പറഞ്ഞു.

സാഹിത്യകാരന്മാരെ അംഗീകരിക്കാന്‍ ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഫാ.ചിറമ്മല്‍ ചൂണ്ടിക്കാട്ടി. 

'മറ്റുള്ളവരെ അഭിനന്ദിക്കാനും അവരെ അംഗീകരിക്കാനും സാധിക്കുന്നത് വലിയ കാര്യമാണ്. മരുമോളുടെ നന്മ കാണാന്‍ അമ്മായിയമ്മയും അമ്മായിയമ്മയെ അംഗീകരിക്കാന്‍ മരുമകളും തയ്യാറാകാത്തിടത്താണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഒരാളെ അംഗീകരിക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍, ഇക്കാര്യമാണ് സാഹിത്യകാരന്മാര്‍ ചെയ്യുന്നത്. ഇതാ ഇവിടെ വെളിച്ചമുണ്ട്, ഇവിടെ ഒരു പൂവ് വിരിഞ്ഞിട്ടുണ്ട് എന്നാണ് എല്ലാ സാഹത്യസൃഷ്ടികളും പറയുന്നത്. സാഹിത്യകാരന്മാര്‍ക്ക് ഇനിയും ധാരാളമായി പുറത്തേയ്ക്ക് നോക്കാന്‍ സാധിക്കട്ടെ.
കൊടുത്തു കൊണ്ടിരിക്കുന്തോറും വളരുന്നതാണ് സാഹിത്യം. നദിയുടെ പ്രവാഹം ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ നിലയ്ക്കാതിരിക്കുന്നത് പോലെ സാഹിത്യസൃഷ്ടി നടത്തി കൊണ്ടിരുന്നാല്‍ ഒരിക്കലും അതവസാനിക്കില്ല. കുറെ നാള്‍ എഴുതാതിരുന്നാല്‍ പിന്നീട് എഴുതാന്‍ കഴിയാതെയാവും. എഴുതിക്കൊണ്ടിരിക്കുകയാണെങ്കില്‍ അതിങ്ങനെ കൂടുതല്‍ മനോഹരമായി തുടര്‍ന്ന് കൊണ്ടിരിക്കും. ഇത് പോലെ എല്ലാ സാഹിത്യകാരന്മാരും അവരുടെ സൃഷ്ടികള്‍ തുടരട്ടെ. മരണത്തിന് പോലും കവര്‍ന്നെടുക്കാന്‍ സാധിക്കാത്ത സൃഷ്ടികളുണ്ടാവട്ടെ. മരിക്കാത്ത സൃഷ്ടികള്‍ക്ക് ജന്മം കൊടുക്കുന്ന നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.'  ഫാ.ചിറമ്മല്‍ മലയാള സാഹിത്യത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക