Image

മലയാളിയെന്നു  പറയുന്നതിൽ അഭിമാനിക്കുന്ന ജനത: മുഖ്യമന്ത്രിയുടെ സന്ദേശം 

Published on 11 July, 2022
മലയാളിയെന്നു  പറയുന്നതിൽ അഭിമാനിക്കുന്ന ജനത: മുഖ്യമന്ത്രിയുടെ സന്ദേശം 

ഒർലാണ്ടോ: കഴിഞ്ഞ തവണത്തെ പോലെ മുഖ്യമന്ത്രി ഫൊക്കാന കൺവൻഷനു എത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഫൊക്കാനക്കും പങ്കെടുക്കുന്നവർക്കും ആശംസകൾ നേർന്നു.

കോവിഡ് കാലത്ത് ഓൺലൈൻ പ്രോഗ്രാമുകളിലൂടെയാണ് ഫൊക്കാനയുമായി ഞാൻ ബന്ധപ്പെടുന്നത്.  നോർത്ത് അമേരിക്കയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്കും മറ്റ് ജനസമൂഹത്തിനും സംഘടന  നൽകിയ  ആശ്വാസവും ഉത്തേജനവും ആ സമയത്ത് കാണാൻ സാധിച്ചു. പല പ്രോഗ്രാമുകളിലും പങ്കെടുക്കാനും നേതൃത്വം നൽകാനും സാധിച്ചു.

സ്വന്തം  ജീവൻ മറന്ന് പോരാടിയ ഫ്രണ്ട്ലൈൻ കോവിഡ് വർക്കർസിനായുള്ള അനുസ്മരണ യോഗങ്ങളിലും വിവിധ പ്രവർത്തനങ്ങളിലും സജീവമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മലയാളികളുടെ മനസ്സിൽ എപ്പോഴും ഊഷ്മളത പരത്തുന്ന ഒരു സംഘടന എന്ന നിലയിൽ ഫൊക്കാന മുന്നോട്ടു വന്നതിൽ എല്ലാവരും പ്രയത്നിച്ചു എന്നതും പ്രസ്താവ്യമാണ്.

ഈ ഒരു സംഗമം ഇവിടെ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടക്കുമ്പോൾ ഈ പ്രദേശത്തുള്ള മലയാളി സമൂഹം, എപ്രകാരമാണ് നമ്മൾ പ്രതിനിധാനം ചെയ്യുന്ന കേരളമെന്ന കൊച്ചുസംസ്ഥാനവുമായി ബന്ധപ്പെടുന്നതെന്ന് വ്യക്തമായി വെളിപ്പെടുന്നുണ്ട്. കേരളത്തിന്റെ തനിമ എന്നും കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസികൾ. എവിടെക്കഴിഞ്ഞാലും, മാതൃരാജ്യത്തെ സ്നേഹിക്കുക, കരുതുക, ആവശ്യങ്ങളിൽ പങ്കുചേരുക എന്നത് നമ്മിൽ അലിഞ്ഞ ഒന്നാണ്.

ഈ ഒത്തുചേരലിന് എത്തിച്ചേർന്ന ഓരോരുത്തരും ആത്മാഭിമാനത്തോടെ തന്നെ മലയാളി ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതോടൊപ്പം കേരളത്തിന്റെ സംസ്കാരവും നന്മയും തമ്മിൽ പങ്കിടുന്നതിനും വരും തലമുറയിലേക്ക് കൈമാറുന്നതിനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. ഇവിടുത്തെ മലയാളികൾ തമ്മിലുള്ള ബന്ധവും പരസ്പര സ്നേഹവും വർദ്ധിപ്പിക്കുന്നതിനും നമ്മുടെ സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിനും സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. 

ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക