ഗ്രേറ്റ് ബ്രിട്ടന്‍ വാല്‍സിംഗ്ഹാം തീര്‍ഥാടനത്തില്‍ ലണ്ടന്‍ റീജണല്‍ മിഷനുകള്‍ പങ്കുചേരും

Published on 14 July, 2022
 ഗ്രേറ്റ് ബ്രിട്ടന്‍ വാല്‍സിംഗ്ഹാം തീര്‍ഥാടനത്തില്‍ ലണ്ടന്‍ റീജണല്‍ മിഷനുകള്‍ പങ്കുചേരും

 

സ്റ്റീവനേജ്: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും റോം, ജെറുശലേം, സന്ത്യാഗോ(സെന്റ് ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിംഗ്ഹാം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ഥാടനം മറ്റന്നാള്‍ ജൂലൈ 16 നു ശനിയാഴ്ച നടക്കുന്‌പോള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ സ്റ്റീവനേജ് അടക്കം ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളില്‍ നിന്നായി നിരവധി കോച്ചുകളില്‍ തീര്‍ഘാടകര്‍ എത്തിച്ചേരും.


കോവിഡ് മഹാവ്യാധിക്കുശേഷം മരിയ ഭക്തര്‍ക്കു മാതൃസങ്കേതത്തില്‍ ഒത്തുചേര്‍ന്നു പ്രാര്‍ഥിക്കുവാന്‍ വീണ്ടു കിട്ടുന്ന അവസരം ഏറെ അനുഗ്രഹ സാന്ദ്രമാക്കുവാന്‍ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും എത്തുന്ന നൂറുകണക്കിന് മരിയഭക്തരോടൊപ്പം തിരുക്കര്‍മങ്ങളിലും തീര്‍ഥാടനത്തിലും പങ്കുചേരുവാന്‍ ലണ്ടന്‍ റീജണല്‍ വിശ്വാസി സമൂഹങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് വാല്‍സിംഗ്ഹാം.

വാല്‍സിംഗ്ഹാം പ്രദേശത്തെ പ്രഭ്വിയും, വലിയ മരിയഭക്തയുമായ ലേഡി റിച്ചാല്‍ഡ്‌സ് വാല്‍സിംഗ്ഹാം ആരാധനാലയം സ്ഥാപിച്ചതായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവമാതാവിനോട് വലിയ ഭക്തിയും സ്‌നേഹവുമുള്ള ലേഡി റിച്ചല്‍ഡിസ്, പരിശുദ്ധ അമ്മക്കായി എന്തെങ്കിലും ചെയ്യണമെന്ന അദമ്യമായ ആഗ്രഹം ഉള്ളില്‍ സൂക്ഷിച്ചു കൊണ്ട് അവര്‍ ഏറെ പ്രാര്‍ഥിച്ചു പോരുകയായിരുന്നു. പ്രാര്‍ഥനയ്ക്ക് ഉത്തരമായി, കന്യാമറിയം അവളെ ആത്മാവില്‍ നസ്രത്തിലേക്ക് നയിക്കുകയും, ഗബ്രിയേല്‍ മാലാഖ മേരിയെ അഭിവാദ്യം ചെയ്ത അനൗണ്‍ഷ്യേഷന്‍ ഹൗസ് അവളെ കാണിച്ചു കൊണ്ട്, വാല്‍സിംഗ്ഹാമില്‍ ഇതിന്റെ ഒരു തനി പകര്‍പ്പ് നിര്‍മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ചാപ്പല്‍ എവിടെ നിര്‍മിക്കണമെന്ന ആലോചനയിലിരിക്കെ റിച്ചല്‍സ് സ്ഥാനം ദര്‍ശനം ലഭിച്ച ഇടത്തു ആരാധനാലയം പണിയുവാന്‍ സാധന സാമഗ്രികള്‍ എത്തിച്ചുവെങ്കിലും സ്ഥാനം ചതുപ്പു നിലമായതിനാല്‍ പണിക്കുതകുന്നയിടമല്ല എന്ന് പറഞ്ഞു പലതവണകളായി ആശാരിമാര്‍ ജോലിയില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. നിരാശയായ പ്രഭ്വി വീണ്ടും പ്രാര്‍ഥനകളില്‍ മുഴുകി കരഞ്ഞു പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഒരു ദിവസം പുലര്‍ച്ചെ ജനാലയിലൂടെ പൂര്‍ത്തിയായ ആരാധനാലയം ദര്‍ശിക്കുകയായിരുന്നുവെന്നാണ് മാതൃ ഭക്തര്‍ ദൃഢമായി വിശ്വസിക്കുന്നത്.

'എന്റെ എല്ലാ സന്തോഷങ്ങളുടെയും അടിസ്ഥാനവും ഉത്ഭവവും മനുഷ്യരാശിയുടെ വീണ്ടെടുപ്പിന്റെ അടിസ്ഥാനവുമായ മംഗള വാര്‍ത്താ പ്രഖ്യാപനത്തിന്റെ മഹത്തായ ശാശ്വത സ്മാരകമായിരിക്കും ഇത് എന്നും എന്റെ അങ്കണത്തില്‍ വരുന്നവര്‍ക്ക് ഉണ്ണിയേശുവിനെ അനുഭവിക്കുവാനും, ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കപ്പെടും' എന്നും പരിശുദ്ധ അമ്മ ദര്‍ശനത്തില്‍ റിച്ചാല്‍ഡ്‌സിനു സന്ദേശം നല്‍കിയിരുന്നു.

റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെന്‍ട്രി എട്ടാമന്‍ രാജാവ് അടക്കം പല രാജാക്ക·ാരും പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും സ്ലിപ്പര്‍ ചാപ്പലില്‍ പാദരക്ഷകള്‍ ഊരിവച്ചു നഗ്‌ന പാദരായിട്ട് പല തവണ പുണ്യ യാത്ര ചെയ്ത അന്നത്തെ അനൗന്‍സിയേഷന്‍ ചാപ്പല്‍ ഹെന്‍ട്രി രാജാവ് റോമുമായി തെറ്റിയ ശേഷം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ സ്ഥാപിച്ചപ്പോള്‍ 1538 ല്‍ തകര്‍ത്തു കളയുകയായിരുന്നു. അതിന്റെ അവശിഷ്ടം മാത്രമേ ഇന്ന് കാണുവാന്‍ കഴിയുകയുള്ളു.

1922ല്‍ പുനം നിര്‍മിക്കപ്പെട്ട മരിയ പുണ്യ കേന്ദ്രം വീണ്ടും ആത്മീയ അനുഗ്രഹ അഭയ കേന്ദ്രമാക്കി ആഗോള മാതൃഭക്ത തീര്‍ഥാടകര്‍ ഉയര്‍ത്തിയപ്പോള്‍ മാതൃ നിര്‍ദേശത്താല്‍ പ്രാര്‍ഥിക്കുവാന്‍ സൗകര്യം ഒരുക്കപ്പെട്ട വാല്‍സിംഗ്ഹാത്തിലെത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹ-അനുഭവസാക്ഷ്യങ്ങള്‍ ലോകമെന്പാടും പ്രഘോഷിക്കപ്പെടുകയായി.

അക്കാലത്ത് പാദ രക്ഷകള്‍ അഴിച്ചു വെച്ചിരുന്ന സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് ഇന്ന് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്. 1934 ല്‍ സ്ലിപ്പര്‍ ചാപ്പല്‍ നാഷണല്‍ കാത്തോലിക് തീര്‍ഥാടന കേന്ദ്രമായി മാറി.

1954 ല്‍ പോപ്പ് പീയൂസ് XII ഇന്നത്തെ ലേഡി ഓഫ് വാല്‍സിംഗ്ഹാം രൂപം വെഞ്ചിരിച്ചു പ്രതിഷ്ഠിക്കുകയും, 2015 ല്‍ പോപ്പ് ഫ്രാന്‍സിസ് മൈനര്‍ ബസിലിക്ക പദവി നല്‍കി വാല്‍സിംഗ്ഹാമിനെ ഉയര്‍ത്തുകയും ചെയ്തു.

വാല്‍സിംഗ്ഹാം തീര്‍ഥാടന കേന്ദ്രം അതിനാല്‍ തന്നെ ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ 'മഹത്തായ പ്രഖ്യാപനത്തിന്റെ സന്തോഷത്തില്‍' മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീര്‍ഥാടന കേന്ദ്രമാണ്.

അപ്പച്ചന്‍ കണ്ണന്‍ചിറ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക